ബ്ലോക്ക് കള്ളമാണോ അല്ലയോന്ന് തമ്പുരാന് അറിയാം: ജാസ്മിന്‍ വെളിപ്പെടുത്തുന്നു, വാപ്പ വിളിച്ച് പറഞ്ഞതെന്ത്
സോഷ്യല്‍ മീഡിയ രംഗത്ത് നിരവധി ആരാധകരുള്ള വ്യക്തിയാണ് ജാസ്മിന്‍ ജാഫർ. ബ്യൂട്ടി ടിപ്സ് വീഡിയോകളായിരുന്നു താരത്തെ ശ്രദ്ധേയമാക്കിയത്. എങ്കിലും ജാസ്മിനെ മലയാളി ടിവി പ്രേക്ഷകർക്കിടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയയാക്കിയത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആണ്. ഷോയില്‍ സെക്കന്‍ഡ് റണ്ണറപ്പായിട്ടാണ് പുറത്തായതെങ്കിലും സീസണിനെ മുന്നോട്ട് കൊണ്ടുപോയത് ജാസ്മിനാണ് എന്നതില്‍ ആർക്കും സംശയമില്ല.
താരവുമായി ബന്ധപ്പെട്ട് ഷോയ്ക്ക് അകത്തും പുറത്തും നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇതില്‍ ജാസ്മിന്റെ വ്യക്തിബന്ധങ്ങള്‍ വരെ കടന്ന് വരികയും ചെയ്തു. ഗബ്രിയുമായുള്ള കോമ്പോയാണ് വിമർശനങ്ങള്‍ക്ക് കാരണമായതെങ്കിലും പലപ്പോഴും വിമർശനങ്ങള്‍ അധിക്ഷേപത്തിലേക്ക് വരെ നീണ്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു ജാസ്മിനെ വീട്ടില്‍ പിതാഫ് ജാഫർ വിളിച്ച സംഭവം.

ജാസ്മിന്റെ പിതാവ് വിളിച്ചിട്ട് എന്താണ് പറഞ്ഞതെന്ന് ഷോയില്‍ കാണിച്ചിരുന്നില്ല. പിന്നീട് ആ വീക്കെന്‍ഡില്‍ മോഹന്‍ലാലാണ് വന്ന് പറയുന്നത് പിതാവിന്റെ അസുഖ വിവരമാണ് ജാസ്മിനെ അറിയിച്ചതെന്ന്. ഇത് പുറത്ത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് വിധേയമായി. ആ കോള്‍ അസുഖ വിവരം പറയാനുള്ളത് ആയിരുന്നില്ല, മറിച്ച് കോംമ്പോ ഗെയിം നെഗറ്റീവ് ആയി മാറുന്നതിനെക്കുറിച്ച് സൂചന നല്‍കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജാസ്മിന് തന്നെ തന്റെ നിലപാട് തുറന്ന് പറയുകയാണ്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അത്ത (പിതാവ്) വിളിച്ചതൊക്കെ പുറത്ത് വിടുന്നില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് മാത്രമല്ല, പുറത്തേക്ക് എന്തൊക്കെ കാര്യങ്ങള്‍ വിടുന്നു, എന്തൊക്കെ വിടുന്നില്ല എന്നൊന്നും എനിക്ക് അറിയില്ല. അത്ത സംസാരിച്ചപ്പോള്‍ ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു. ഈ ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞത് ഉള്ളതാണോ അതോ കള്ളമാണോയെന്നത് തമ്പുരാന് അറിയാം. ഒരു വയ്യായ്ക വന്നപ്പോള്‍ എന്നെ വിളിച്ച് അറിയിച്ചതാണെന്നാണ് അന്ന് അവിടെ ചോദിച്ചപ്പോള്‍ പറഞ്ഞത്.
ചിന്നൂ.. ഒറ്റക്ക് നിന്ന് കളിക്ക് മോളെ എന്നുള്ള രീതിയിലും പറഞ്ഞിരുന്നു. ആ ചിന്നൂ വിളിയില്‍ ഒരു ഇടർച്ച എനിക്ക് തോന്നി. നമ്മുടെ രക്ഷിതാക്കളെ വർഷങ്ങളായി കാണുന്നവരാണല്ലോ നമ്മള്‍. അതുകൊണ്ട് തന്നെ അവരുടെ ശമ്പ്ദത്തിലെ ഇടർച്ചകള്‍ നമുക്ക് മനസ്സിലാകുമല്ലോ. ആ സമയത്ത് അകത്തേയും പ്രധാന ചർച്ച എന്ന് പറയുന്നത് ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച് നിന്ന് കളിച്ചിട്ടുണ്ട്. ഒരുമിച്ച് നിന്നാലെ മുന്നോട്ട് പോകാന്‍ കഴിയൂ എന്നതാണ് അവിടുത്തെ ഒരു അവസ്ഥ. ആ അവസ്ഥയില്‍ ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ടുണ്ട്. കൈവിടാന്‍ സാധിക്കില്ല. എങ്കിലും അത്തയ്ക്ക് ബ്ലോക്ക് ഉണ്ടാകാനുള്ള കാരണം ഞങ്ങളുടെ ഈ കൂട്ടുകെട്ടാണോയെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ കോളിന് ശേഷം ഗബ്രി അടുത്ത് വരുമ്പോള്‍ എനിക്കൊരു വെപ്രാളം പറയുന്നു.
ഗബ്രിയുടെ അടുത്തുള്ള ഈ ഒരു അകല്‍ച്ച, രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നവരുണ്ട്. രണ്ട് ദിവസവും മൂന്നാം ദിവസവുമൊക്കെ ഞാന്‍ പ്രാന്ത് പിടിച്ച് നടക്കുകയായിരുന്നു. ഇറങ്ങിപ്പോകണമെന്ന് പറഞ്ഞാല്‍ അവർ ഇറക്കി വിടുകയുമൊന്നുമില്ല. ആഴ്ചയുടെ അവസാനം ലാലേട്ടന്‍ വന്ന് സംസാരിച്ച് ആ വിഷയം അവിടെ കളയെന്ന് പറഞ്ഞതിന് ശേഷമാണ് ഞാന്‍ വൃത്തിക്ക് ഓക്കെയായി പോകുന്നത്. തുടർന്നും ഞാന്‍ ഗബ്രിയോട് നല്ല രീതിയില്‍ പോയിട്ടുണ്ട്. അവിടെ അങ്ങനയേ സാധിക്കൂ. ടാസ്ക്കൊക്കെ ചെയ്യേണ്ടതേല്ലേയെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications