ജാസ്മിന്റെ ആദ്യ സ്റ്റോറി; പലതും കാത്തിരുന്നവർക്കുള്ള ചുട്ടമറുപടി..'അവർ കൂടെയുണ്ടാകും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഗബ്രിയുമായുള്ള കോമ്പോ, ശുചിത്വമില്ലായ്മ, സംസാരശൈലി ഇതിന്റെ പേരിലെല്ലാം ജാസ്മിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു. വ്യക്തി ജീവിതം അത്രത്തോളം ഹൗസിൽ ചർച്ചയാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു താരം.
താൻ പുറത്ത് ഒരാളുമായി കമ്മിറ്റഡ് ആണെന്നായിരുന്നു തുടക്കത്തിൽ ജാസ്മിൻ ഹൗസിൽ വെച്ച് തുറന്ന് പറഞ്ഞത്. എന്നാൽ പിന്നീട് ഗബ്രിയുമായി താൻ കൂടുതൽ അടുത്തെന്നും തങ്ങളുടെ ബന്ധം വിവാഹത്തിലെത്താൻ സാധ്യത ഇല്ലാത്തതിനാൽ പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ജാസ്മിൻ വിശദീകരിച്ചു. ഷോ പകുതിയായപ്പോഴേക്കും തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ജാസ്മിൻ തുറന്ന് സമ്മതിച്ചിരുന്നു. ജാസ്മിന്റെ വിശദീകരണത്തിന് പിന്നാലെ താരവുമായി വിവാഹം ഉറപ്പിച്ച അഫ്സൽ അമീർ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു.

തന്നെ ജാസ്മിൻ ചതിക്കുകയായിരുന്നുവെന്നാണ് അഫ്സൽ തുറന്നടിച്ചത്. ഇനിയും ഒരു കോമാളിയായി തുടരാൻ തനിക്ക് സാധിക്കില്ലെന്നും അഫ്സൽ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റുകളെല്ലാം അഫ്സൽ പുറത്തുവിട്ടിരുന്നു. അഫ്സലിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ജാസ്മിനെതിരായ വിമർശനങ്ങൾ കൂടുതൽ കടുത്തു. കടുത്ത സൈബർ അധിക്ഷേപങ്ങളാണ് താരത്തിനെതിരെ പിന്നീട് പുറത്ത് നടന്നത്. ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് താഴെയെല്ലാം ജാസ്മിനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകൾ നിറഞ്ഞിരുന്നു.
പുറത്ത് വന്നാൽ ജാസ്മിൻ ഈ സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടും എന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്. ഇത്തരം വിമർശനങ്ങളോട് ജാസ്മിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആദ്യ സ്റ്റോറി പങ്കിട്ടെത്തിയിരിക്കുകയാണ് താരം. 'ജീവിത്തതിൽ ആരില്ലെങ്കിലും നമ്മുടെ മാതാപിതാക്കൾ നമ്മുക്കൊപ്പം ഉണ്ടാകും', എന്ന വരികളോടെയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്. ബിഗ് ബോസിൽ ഉമ്മയും ഉപ്പയും വന്നപ്പോഴുള്ള രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഗബ്രി ബന്ധത്തിന്റെ പേരിൽ ജാസ്മിനെ ആദ്യം ശകാരിച്ചത് ജാസ്മിന്റെ പിതാവായിരുന്നു. സീസണിന്റെ ആദ്യ വീക്കിൽ തനിക്ക് അസുഖമാണെന്ന് പറഞ്ഞ് ജാസ്മിനെ ഫോൺ വഴി ബന്ധപ്പെട്ടപ്പോഴായിരുന്നു പിതാവ് അനിഷ്ടം അറിയിച്ചത്. ജാസ്മിൻ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ പിതാവ് പറഞ്ഞിട്ട് പോലും ഞാൻ ഗബ്രിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ഒരിക്കൽ ജാസ്മിൻ ഹൗസിൽ പറഞ്ഞത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയായി സായ് എത്തിയപ്പോൾ തങ്ങളുടെ അനിഷ്ടം അറിയിക്കാൻ സായിയേയും പിതാവ് ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും സംസാരിക്കുന്നതിന്റെ കോൾ റെക്കോഡും പുറത്തുവന്നിരുന്നു.
അതുകൊണ്ട് തന്നെ ഫാമിലി വീക്കിൽ ജാസ്മിന്റെ ഉപ്പയും ഉമ്മയും കയറുമ്പോൾ താരത്തെ വിമർശിക്കുമെന്ന നിലയിലായിരുന്നു പുറത്തെ ചർച്ചകൾ. എന്നാൽ ഹേറ്റേഴ്സിന് ഞെട്ടിച്ച് കൊണ്ട് മകളെ ചേർത്ത് പിടിക്കുന്ന മാതാപിതാക്കളെയാണ് ഷോയിൽ കണ്ടത്. ജാസ്മിൻ പുറത്തെത്തിയാൽ കുടുംബം അവൾക്കൊപ്പം ഉണ്ടാകില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. അത്തരക്കാർക്കുള്ള ചുട്ടമറുപടി കൂടിയാണ് താരത്തിന്റെ പുതിയ കുറിപ്പ്.
അതിനിടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ച് പിടിച്ചതായും ജാസ്മിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.. ബിഗ് ബോസിൽ പോയതിന് പിന്നാലെ ജാസ്മിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് അഫ്സൽ ആയിരുന്നുവെന്ന് അഫ്സൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ ജാസ്മിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും യാതൊരു പോസ്റ്റുകളും പിന്നീട് വന്നിരുന്നില്ല.
കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ജാസ്മിൻ നേരെ പോലീസ് സ്റ്റേഷനിലേക്കായിരുന്നു പോയത്. തന്റെ അക്കൗണ്ട് തന്റെ കൈയ്യിൽ ഇല്ലായിരുന്നുവെന്നും അത് തിരിച്ചുപിടിച്ചുവെന്നുമാണ് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പങ്കുവെച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞത്.
ഇതോടെ അഫ്സൽ ജാസ്മിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈക്കലാക്കിയോ എന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്. എന്തായാലും ഇക്കാര്യത്തിൽ ജാസ്മിൻ തന്നെ വിശദീകരണം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications