ഞെട്ടിച്ച് ബിഗ് ബോസ്; മത്സാർത്ഥികളുടെ പ്രമോ വീഡിയോയുമായി മോഹൻലാൽ..നിഷാനയും റെസ്മിയും കോമണേഴ്സ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 നായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ. മാർച്ച് 10 നാണ് ഷോ ആരംഭിക്കുക. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായൊരു ഷോയായിരിക്കും ഇത്തവണ എന്നതായിരുന്നു ബിഗ് ബോസ് ടീം ഇതുവരെ പുറത്തുവിട്ട പ്രെമോ വീഡിയോകൾ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ അത് ശരിവെച്ച് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ. മത്സരാർത്ഥികളുടെ വീഡിയോ ആണ് ബിഗ് ബോസ് തങ്ങളുടെ പുതിയ പ്രമോ വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്.
സാധാരണഗതിയിൽ ഷോ ആരംഭിക്കുമ്പോൾ മാത്രമാണ് മത്സരാർത്ഥികളെ പരിചയപ്പെടുത്താറുള്ളത്. പലപ്പോഴും പങ്കെടുക്കുന്നവർ പോലും വേദിയിലെത്തുമ്പോൾ മാത്രമായിരിക്കും തങ്ങൾക്ക് പരിചയമുള്ളവർ ഉണ്ടെന്ന് തിരിച്ചറിയുക. അത്രയും രഹസ്യാത്മകത മത്സരാർത്ഥികളുടെ കാര്യത്തിൽ പുലർത്താറുണ്ട് ഷോ. കഴിഞ്ഞ തവണ മത്സരാർത്ഥികളിൽ പലരും പുറത്തുവെച്ച് തന്നെ ആരൊക്കെയുണ്ടെന്ന് മനസിലാക്കിയിരുന്നുവെന്നും പരസ്പരം സംസാരിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ അവസാന നിമിഷം മാത്രമേ മത്സരാർത്ഥികൾക്ക് കൺഫർമേഷൻ കൊടുക്കൂ എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അതിനിടയിലാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മത്സരാർത്ഥികളുടെ വിവരങ്ങളുമായി പുതിയ വിഡീയോ എത്തിയിരിക്കുന്നത്. സീസൺ 6 ലെ കോമണേഴ്സിനെ പരിചയപ്പെടുത്തികൊണ്ടാണ് വീഡിയോ. കഴിഞ്ഞ തവണ ഒരാളാണ് കോമണറായി എത്തിയതെങ്കിൽ ഇത്തവണ അത് രണ്ട് പേരാണ്. എല്ലാവരും കാത്തിരിക്കുന്നത് ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥികളെ അറിയാനാണ്. സാധാരണക്കാരിൽ നിന്നും ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്ത മത്സരാർത്ഥികൾ എന്ന് പറഞ്ഞുകൊണ്ട് അവതാരകനായ മോഹൻലാൽ ആണ് ഇരുവരേയും പരിചയപ്പെടുത്തുന്നത്.
എആർ റെസ്മിൻ ഭായ് ആണ് ഒരു മത്സരാർത്ഥി. ഫിസിക്കൽ എജുക്കേഷൻ അധ്യാപികയാണവർ. അതോടൊപ്പം ഒരു റൈഡറും.നിഷാനയാണ് രണ്ടാമത്തെ മത്സരാർത്ഥി. 'എന്നും എപ്പോഴും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മ, എ ട്രെക്കിങ് ഫ്രീക്കി', എന്നാണ് നിഷാന തന്നെ തന്നെ കുറിച്ച് പറയുന്നത്.
ആയിരക്കണക്കിന് ആൾക്കാരിൽ നിന്നും കോമണർ മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഇരുവരും വീഡിയോയിൽ പറയുന്നു. 'ബിഗ് ബോസ് സീസൺ 6 , ഒന്ന് മാറ്റി പിടിച്ചാലോ' എന്നുള്ള മോഹൻലാലിന്റെ വാക്കുകളോടെയാണ് പ്രെമോ വീഡിയോ അവസാനിക്കുന്നത്.
അതേസമയം ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ബിഗ് ബോസ് മത്സരാർത്ഥികളുടെ പേര് പുറത്തുവിടുന്നതും ഇത്തരത്തിലുള്ള പല ചരിത്രങ്ങളും തിരുത്തിക്കുറിക്കുന്നതാകട്ടെ ഇത്തവണത്തെ സീസൺ എന്നുമാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. ആരൊക്കെ വന്നാലും നന്നായി ഗെയിം കളിച്ച് പോകൂ എന്നും ചിലർ കുറിക്കുന്നു. പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും കളിക്കുന്നവരെ പുറത്താക്കരുത് മരവാഴികളാണ് നമുക്ക് പുറത്താക്കേണ്ടത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
എന്തായാലും പുതിയ പ്രമോയുടെ കൂടി ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ആരൊക്കെയാണ് ഇനി മറ്റ് മത്സരാർത്ഥികൾ എന്ന് അറിയാനുള്ള ആകാംക്ഷ ആരാധകരിൽ ഉണ്ട്. ഫിറ്റ്നെസ് ട്രെയിനറായ ജിന്റോ, രാജീവ് പരമേശ്വരന്‍, മല്ലു ജെഡി, സിജോ ടോക്‌സ്, ബിനീഷ് ബാസ്റ്റിന്‍, ഋഷി, സിദ്ധാര്‍ത്ഥ് പ്രഭു, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബിനോയ് വര്‍ഗ്ഗീസ്, അജു അജ്മല്‍, കൊല്ലം ഷാഫി, കേരള ഫുഡി, മല്ലു ജെഡി. രാധിക നായര്‍, ജസീല പര്‍വീണ്‍, ജാസ്മിന്‍ ജാഫര്‍, പൂജ കൃഷ്ണ, യമുന റാണി, അനീഷ നായര്‍, ജീവ നമ്പ്യാര്‍, അപ്‌സര ആല്‍ബി, നയന ജോണ്‍സണ്‍, ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, ശ്രുതീഷ നായര്‍, ജാന്‍ മണി, അമയ പ്രസാദ് തുടങ്ങിയ പേരുകളാണ് ചില പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്തായാലും ആരൊക്കെ ഏറ്റുമുട്ടും എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications