ജാസ്മിന്‍ കാണിക്കുന്നതൊന്നും ആർക്കും ഇഷ്ടമാകുന്നില്ല: ഗബ്രി ഫേക്കാണെന്നും സുരേഷ് മേനോന്‍
ജാസ്മിന്റേയും ഗബ്രിയുടേയും ലവ് ട്രാക്ക് തട്ടിപ്പാണെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും രണ്ടാമത്തെ ആഴ്ച പുറത്തായ സുരേഷ് മേനോന്‍. പൂർണ്ണമായും ഫ്രോഡാണ്. തുടക്കം മുതല്‍ തന്നെ അവരെ ശ്രദ്ധിച്ചതിലൂടെ എനിക്ക് ഇത് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ജാസ്മിന്റെ പിതാവ് വിളിച്ച് പ്രശ്നമായ സമയത്ത് അവന്‍ ഞങ്ങളോട് ചില കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവെന്നും സുരേഷ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.
പൊതുജനങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ടല്ലോയെന്ന് ഞാന്‍ അവനോട് തന്നെ ചോദിച്ചിരുന്നു. പുറത്തിറങ്ങി നോക്കുമ്പോഴും അവർ പോകുന്നത് തെറ്റായ പാതയിലൂടെയാണെന്ന് മനസ്സിലായി. അവർക്കെ വേറെ രീതിയില്‍ ഗെയിം കളിച്ച് പോകാമായിരുന്നു. ഇന്നലെ രാത്രി കട്ടിലില്‍ കിടന്ന് കരയുന്നതൊക്കെ കണ്ടു. പുറത്ത് വരുമ്പോള്‍ ആളുകള്‍ ഇതൊക്കെ ചോദിക്കും. അതൊന്നും ആർക്കും ഇഷ്ടപ്പെടണമെന്നില്ല.

ജാസ്മിന്‍ മികച്ച മത്സരാർത്ഥിയാണ്. അവസാന ഒരു ഘട്ടം വരുമ്പോള്‍ അറിയാം ആരാണ് മികച്ച ഗെയിമറെന്ന്. പ്രേക്ഷകരോട് പറയാനുള്ളത് ഇവർ ഗെയിം കളിക്കുകയാണ് എന്നാണ്. അതിനെ ആ രീതിയില്‍ എടുക്കണം. മറ്റ് തരത്തില്‍ അതിനെ കാണേണ്ടതില്ലെന്നും സുരേഷ് മേനോന്‍ പറയുന്നു.
ഗബ്രി ഫേക്കാണ്. അതിനർത്ഥം ബിഗ് ബോസ് വീട്ടിലെ സ്മാർട്ടാണ് എന്നാണ്. ഭയങ്കരമായി കരച്ചിലുമൊക്കെ കാണിക്കും. ഒരു പക്ഷെ അദ്ദേഹം ഫൈനല്‍ വൈവിലേക്ക് എത്തിയേക്കും. അർജുനും അപ്സരയുമൊക്കെ മികച്ച ഗെയിമറാണ്. ബിഗ് ബോസ് സ്വന്തം നിലയ്ക്ക് കളിക്കേണ്ട ഒരു ഗെയിം ഷോയാണ്. ഞാന്‍ തനിച്ച് തന്നെ കളിക്കാനാണ് ശ്രമിച്ചത്.
ബിഗ് ബോസിലെ എല്ലാവരുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. അസി റോക്കിയുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം. വീട്ടില്‍ നിന്നും ഇറങ്ങിയതിന് ശേഷം കിട്ടുന്ന സമയത്തൊക്കെ ഷോ കാണാറുണ്ട്. ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അസി റോക്കിയും സിജോയും തമ്മിലുള്ള ഫൈറ്റ് നടക്കില്ലായിരുന്നു.
നല്ല രീതിയില്‍ മത്സരിച്ച് മുന്നേറിയ മത്സരാർത്ഥികളായിരുന്നു സിജോയും റോക്കിയും. രണ്ടുപേർക്കും മത്സരത്തെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നു. ആദ്യ ക്യാപ്റ്റന്‍സി ടാസ്കില്‍ കണ്ടതും അതായിരുന്നു. ബിഗ് ബോസ് അവരുടെ നിയമങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ പഴുത് കണ്ടെത്തി അവർ പ്രവർത്തിച്ചു. എന്നാല്‍ എന്തുകൊണ്ടോ നിർഭാഗ്യകരമായ ഒരു കാര്യം അവിടെ സംഭവിച്ചെന്നും സുരേഷ് മേനോന്‍ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications