'ഇനി ഡെമോ വേണ്ട',സിബിനോട് ശ്രീതു..സിബിൻറെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ച് നോറയും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര് ഡിജെ സിബിന്റേതാണ്. ഈ സീസണിലെ യഥാർത്ഥ ബിബി മെറ്റീരിയൽ എന്നാണ് പ്രേക്ഷകർ സിബിനെ വിശേഷിപ്പിക്കുന്നത്. നല്ല വാക്ചാതുര്യവും ഗെയിം കളിക്കാനുള്ള കഴിവും ഹൗസിനെ മൊത്തത്തിൽ എന്റർടെയിൻ ചെയ്യാൻ സാധിക്കുന്നുതുമെല്ലാം സിബിന് പോസിറ്റീവ് ആയി മാറിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസത്തെ സിബിന്റെ ചില പെരുമാറ്റങ്ങൾക്ക് എതിരെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ വിമർശനം ഉയരുന്നുണ്ട്. നോറയോടും ശ്രീതുവിനോടുമുള്ള സിബിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നാണ് ചിലർ ഉയർത്തുന്ന വിമർശനങ്ങൾ. നോറയും ശ്രീതുവും ഇത് സംബന്ധിച്ച് സിബിനോട് തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീക്കന്റ് എപ്പിസോഡിനിടയിലെ സിബിന്റെ പെരുമാറ്റമാണ് സംഭവങ്ങളുടെ തുടക്കം. ഗബ്രിയുടെയും ജാസ്മിന്റേയും പ്രണയം സംബന്ധിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ അവരുടെ ഗെയിം എന്തെന്ന് വിശദീകരിക്കാൻ സിബിൻ ഒരു ഡെമോ കാണിച്ചിരുന്നു. അടുത്തിരുന്ന ശ്രീതുവിന്റെ കൈപിടിച്ചായിരുന്നു ഇത്. ശ്രീതുവിന്റെ കൈപിച്ച് തന്റെ കൈയ്യിൽ തന്നെ സിബിൻ മുത്തം വെച്ചു. ഇതാണ് ജാസ്മിന്റെ കൈപിടിച്ച് ഗബ്രി ചെയ്യുന്നതെന്നും പുറത്തുള്ളവർ ഇത് തെറ്റിധരിക്കുമെന്നും സിബിൻ പറഞ്ഞു.
അതേസമയം സിബിൻ ഇത്തരത്തിൽ കൈപിടിച്ചപ്പോൾ ഒരു നിമിഷം ശ്രീതു ഞെട്ടിയതായി എപ്പിസോഡിൽ വ്യക്തമാണ്. ചിരിച്ചുകൊണ്ട് ഇതിലെ അതൃപ്തി ശ്രീതു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ അത് വളരെ അധികം ബുദ്ധിമുട്ടിച്ചുവെന്നാണ് ഇപ്പോൾ ശ്രീതു സിബിനോട് വ്യക്തമാക്കിയിരിക്കുന്നത്. അർജുനോടും ശരണ്യയോടും ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് സിബിനോട് ശ്രീതു തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്.
'ആ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല, പെട്ടെന്ന് എനിക്ക് എന്തോ പോലെയായി സിബിൻ ചേട്ടാ', എന്നാണ് ശ്രീതു സിബിനോട് പറഞ്ഞത്. 'അന്ന് ചെയ്തത് ഒകെ, മനപ്പൂർവ്വമാണെന്നല്ല ഞാൻ പറഞ്ഞത്. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എനിക്ക് നിങ്ങളെ മനസിലാകും. പക്ഷേ രണ്ട് തവണ ഡെമോ കാണിച്ചപ്പോൾ ശരിയായി തോന്നിയില്ല. എല്ലാം എനിക്ക് അറിയാം, മോശമായി ചെയ്തിട്ടില്ലെന്ന് അറിയാം, പക്ഷേ എനിക്ക് ഒരുമാതിരിയായി', എന്നാണ് ശ്രീതു പറഞ്ഞത്.
ഇതോടെ ശ്രീതുവിനോട് സിബിൻ ക്ഷമ ചോദിച്ചു. 'നിന്നെ ഞാൻ ഡെമോ പീസ് പോലെ ചെയ്യുന്നതല്ല. നീ അടുത്തുണ്ടായത് കൊണ്ട് ചെയ്തതാണ്. അതൊരിക്കലും മനപൂർവ്വമല്ല മോളേ, ഇനി ഉണ്ടാവില്ല, ഐ ആം സോറി, ഒരിക്കരും ഉണ്ടാകില്ല. ഞാനെന്റെ വീട്ടിലാണെന്ന പോലെയാണ് പെരുമാറിയത്. അപ്പോഴേ പറഞ്ഞാമതിയായിരുന്നു ചേട്ടാ എന്നോട് ചെയ്യല്ലേയെന്ന്. നിങ്ങളുടെ പ്രശ്നം ഇത് വെളിയിൽ എങ്ങനെ പോകും എന്നതാണോ?. വീട്ടിൽ ചേട്ടനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ എങ്ങനെ റിയാക്ട് ചെയ്യും', എന്നും സിബിൻ ചോദിച്ചു.
അതേസമയം നോറയോടും സിബിൻ ക്ഷമ ചോദിച്ചിട്ടുണ്ട്. സിബിൻ തന്നെ ടച്ച് ചെയ്തതിൽ അൺകംഫർട്ടബിൾ ആയി തോന്നിയെന്ന് പറഞ്ഞ് നോറ വിഷമിച്ചിരുന്നു. ഇക്കാര്യം റെസ്മിനോടായി നോറ പറയുകയും ചെയ്തു.ഇതിന് പിന്നാലെയാണ് താൻ അങ്ങനെ പെരുമാറിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് സിബിൻ നോറയോടായി പ്രതികരിച്ചത്. നിന്റെ കംഫേർട്ട് സ്പേസിൽ ഒരിക്കലും കടന്ന് കയറില്ലെന്നും പെങ്ങമാരോട് ചെയ്യുന്നത് പോലെ ചെയ്തതാണ് എന്നും സിബിൻ പറഞ്ഞു.












Click it and Unblock the Notifications