എന്ത് വൃത്തികേടാണ് ഇത്, ഞാന്‍ കറുത്തിട്ടാണെങ്കിലെന്താ: അധികം മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും നോറ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ സുപരിചിതമായ വ്യക്തിയാണ് നോറ മുസ്കാന്‍. അതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയ രംഗത്ത് നിറസാന്നിധ്യമായ വ്യക്തിയുമാണ് നോറ. നേരത്തെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലാണ് നോറ സജീവമായിരുന്നതെങ്കില്‍ ഇപ്പോഴിതാ യൂട്യൂബിലും കൂടുതല്‍ വീഡിയോ പങ്കുവെക്കുകയാണ് നോറ.
യൂട്യൂബ് ചാനലിന് 100 K സബ്സ്ക്രിബ്ഷന്‍ ലഭിച്ച സന്തോഷം പങ്കുവെച്ച നോറ തുടർന്ന് താന്‍ നിരന്തരം വീഡിയോ പങ്കുവെക്കുമെന്നും പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് പങ്കുവെച്ച വീഡിയോകള്‍ക്ക് നല്ല കമന്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെ അല്ല. ടോക്സിക്കായ പല കമന്റുകളും ഉണ്ടെന്നും നോറ വ്യക്തമാക്കുന്നു.

'ഞാന്‍ പണ്ട് ഇത്ര വലിയ കളർ ഇല്ലായിരുന്നു, നോറ ഭയങ്കര കറുത്തിട്ടാണ്, ഫില്‍ട്ടർ വെച്ച് വരുത്തിയതാണ് ഈ കളർ' എന്നൊക്കെയാണ് ചിലർ കമന്റില്‍ പറയുന്നത്. ഞാന്‍ കറുത്തിട്ടാണെങ്കിലും അല്ലെങ്കിലും അത് നിങ്ങളുടെ പ്രശ്നമല്ല. രണ്ടമത്തെ ഒരു കാര്യം എന്ന് പറയുന്നത്, എനിക്ക് മേക്കപ്പ് ഇടാന്‍ അറിയില്ലെന്നുള്ളതാണ്. അത് ഞാന്‍ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. അധികം മേക്കപ്പിട്ട് നടക്കുന്ന ആളല്ല ഞാനെന്നും നോറ പറയുന്നു.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പാണ് അത്രയധികം സാധനങ്ങള്‍ വാങ്ങിത്തരുന്നത്. പുതുതായി ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എന്നതിനാല്‍ തന്നെ എനിക്ക് ഒരുപാട് തെറ്റുകളുണ്ടാകും. കാരണം ഞാന്‍ പഠിച്ച് വരുന്നതേയുള്ളു. ആദ്യം കറുപ്പായാലും വെളുപ്പായാലുമൊക്കെ ആയിക്കോട്ടെ, എന്തിനാണ് ഇത്ര വൃത്തികെട്ട ചിന്താഗതി മനസ്സിലേക്ക് കൊണ്ടു വരുന്നത്.
2024 ആയിട്ടും ഒരു വ്യക്തിയുടെ കളറിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇവരുടെയൊക്കെ മാനസികാവസ്ഥ എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. കളർ കൂട്ടാനാണ് ഞാന്‍ മേക്കപ്പ് ചെയ്യുന്നത്, അത് അഴിച്ചാല്‍ കറുത്തതായിരിക്കും എന്നൊക്കെയാണല്ലോ പറയുന്നത്. ആയിക്കോട്ടെ, മേക്കപ്പ് അഴിച്ചാല്‍ ഞാന്‍ കറുത്തതാണ്. അതിനെന്താണ് പ്രശ്നമെന്നും നോറ ചോദിക്കുന്നു.
മേകപ്പ് എന്ന് പറയുന്നത് വെളുപ്പ് കൂട്ടാനല്ല. മുഖത്തിന് നിലവിലുള്ള പ്രത്യേകതകള്‍ വർധിപ്പിച്ച്, കൂടുതല്‍ ആകർഷകമാക്കാനാണ് മേക്കപ്പ് എന്നാണ് എന്റെ അറിവ്. അത് അങ്ങനെ അല്ലെന്നാണെങ്കില്‍ നിങ്ങള്‍ പറഞ്ഞ് തന്നോളൂ. സോഷ്യല്‍ മീഡിയയിലെ ഫില്‍റ്റർ യൂസ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഉപയോഗിക്കാനാണ് അങ്ങനെ ഒരു കാര്യം കണ്ടുപിടിച്ചത്.
ഫില്‍റ്റർ ഉപയോഗിച്ചും അല്ലാതെയും ഞാന്‍ ഫോട്ടോ ചെയ്തിട്ടുണ്ട്. കറുപ്പ്, വെളുപ്പ് എന്നൊക്കെ പറയുന്നത് വളരെ മോശമാണ്. എന്റെ നിറം നോക്കിയല്ല എനിക്ക് കൊളാബ് കിട്ടുന്നത്. എന്റെ പ്രൊഫൈലും റീച്ചും നോക്കിയാണ് അവർ എന്നെ സമീപിക്കുന്നതെന്നും നോറ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications