'റെസ്മിൻ പുറത്ത് പോയി വന്ന ശേഷം കത്തെഴുതി ജാസ്മിനും ശ്രീതുവിനും കൊടുത്തു'; ജിന്റോയുടെ ബോംബ്, പെട്ട് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ 'മണ്ടൻ' എന്ന പേരായിരുന്നു ആദ്യം ജിന്റോയ്ക്ക് ലഭിച്ചത്. കാരണം ഷോ എന്തെന്ന് പോലും അറിയാതെ സദാസമയവും മണ്ടത്തരമാണ് ജിന്റോ വിളിച്ചുപറയുന്നതെന്നായിരുന്നു ആരാധകരുടെ വിമർശനം. എന്നാൽ സീസൺ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ഈ പരിഹാസം ജിന്റോ തിരുത്തിച്ചു. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് ശക്തമായ മത്സരമായിരുന്നു ജിന്റോ പിന്നീട് പുറത്തെടുത്തത്. ഹൗസിലെ എല്ലാ വിഷയങ്ങളിലും ആവശ്യമായും അനാവശ്യമായും ഇടപെട്ട് അത് ചർച്ചയാക്കാൻ ജിന്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ കാപ്റ്റനായി ബിഗ് ബോസ് ഹൗസിനെ ഭരിക്കാൻ വരെ ജിന്റോയ്ക്ക് സാധിച്ചു.
ജിന്റോയുടേത് നെഗറ്റീവ് ഗെയിം ആണെന്ന വിമർശനങ്ങൾ ഉയരുമ്പോഴും ജിന്റോ അസാധ്യ ഗെയിമർ ആണെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ബിഗ് ബോസിനെ പോലും ഞെട്ടിച്ച് കൊണ്ടൊരു ഗെയിം പുറത്തെടുത്തിരിക്കുകയാണ് ജിന്റോ. രാവിലെ മോണിംഗ് ടാസ്കിൽ സഹമത്സരാർത്ഥികളെ കുറിച്ച് കളവ് പറയാൻ ബിഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ജിന്റോ പറഞ്ഞ കളവാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. 'റെസ്മിൻ ആശുപത്രിയിൽ പോയി തിരിച്ചുവന്നപ്പോൾ ശ്രീതു-അർജുൻ ലൗ ട്രാക്ക് പുറത്ത് ഹിറ്റാണെന്നും ജാസ്മിൻ-ഗബ്രി കോമ്പോ ഫ്ലോപ്പ് ആണെന്നും ടിഷ്യൂ പേപ്പറിൽ ക്യൂട്ടക്സ് കൊണ്ട് എഴുതി കൊടുത്തൂ', എന്നാണ് ജിന്റോ പറയുന്നത്.

ആശുപത്രിയിൽ പോയ റെസ്മിൻ പുറത്തെ പല കാര്യങ്ങളും അറിഞ്ഞുവെന്ന സംശയങ്ങൾ നേരത്തേ തന്നെ ചില ആരാധകർ പങ്കിട്ടിരുന്നു. റെസ്മിൻ മുൻപ് വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാലിനെ ബഹുമാനിച്ചില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. വിഷു എപ്പിസോഡിൽ മോഹൻലാൽ ഹൗസിലെത്തിയപ്പോൾ റെസ്മിൻ ഇക്കാര്യം പറഞ്ഞ് മാപ്പ് പറഞ്ഞിരുന്നു. പുറത്തെ കാര്യം അറിയാതെ ഇത് എങ്ങനെയാണ് റെസ്മിൻ മനസിലാക്കിയതെന്നായിരുന്നു പ്രേക്ഷകരിൽ ഒരു വിഭാഗം ചോദിച്ചത്.
ഇത്തരം ചർച്ചകൾക്കിടെയാണ് ഇപ്പോൾ ജിന്റോ വെടിപൊട്ടിച്ചിരിക്കുന്നത്. ജിന്റോ ഇത് പറഞ്ഞപ്പോൾ മത്സരാർത്ഥികൾ തന്നെ ഇത് വിശ്വസിച്ചോയെന്ന് സംശയിക്കുന്ന രീതിയിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ. ജിന്റോ ഇത് പറഞ്ഞപ്പോൾ അവൾക്ക് ഞെട്ടലുണ്ടായിരുന്നുവെന്നും എന്നാൽ എന്താണ് ഇക്കാര്യത്തിൽ റെസ്മിൻ പ്രതികരിക്കാതിരുന്നതെന്നുമായിരുന്നു അഭിഷേക് ശ്രീകുമാർ ജിന്റോയോടായി പറഞഅഞത്. അപ്പോൾ ഞാൻ വെറുമൊരു മണ്ടനാണല്ലോ എന്നാണ് ജിന്റോ നൽകിയ മറുപടി.
എന്തായാലും ജിന്റോ ഇത് പറഞ്ഞതോടെ യഥാർത്ഥത്തിൽ ബിഗ് ബോസും റെസ്മിനും ഒരുപോലെ പെട്ടെന്നാണ് ആരാധകർ പറയുന്നത്. കളവ് പറയാൻ ആവശ്യപ്പെട്ടത് കൊണ്ട് തന്നെ ജിന്റോയെ ചോദ്യം ചെയ്യാൻ ബിഗ് ബോസിന് സാധിക്കില്ല. റെസ്മിനും ഇക്കാര്യത്തിൽ ജിന്റോയെ ചോദ്യം ചെയ്യാനാവില്ല. അതിനിടയിൽ റെസ്മിൻ ബിഗ് ബോസിനോട് ഇക്കാര്യത്തിൽ ഇടപെടണമെന്നും ജിന്റോ ഇത് പറയുന്നത് നിർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.












Click it and Unblock the Notifications