ബിഗ് ബോസിൽ ദിവസം ഒരു ലക്ഷത്തിന് മുകളിൽ കിട്ടിയവർ ഉണ്ട്; വെളിപ്പെടുത്തി സാബു മോൻ
ബിഗ് ബോസ് എന്നത് ഒരിക്കലും പോരാടുനുള്ള വേദിയല്ല പകരം സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് ആദ്യ സീസണിലെ വിജയിയായ സാബുമോൻ.
ഗെയിമുകളിലെ വിജയമല്ല മറിച്ച് ഓരോരുത്തുടേയും വ്യക്തിത്വമാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ വിജയത്തിന്റെ അടിസ്ഥാനമെന്നും സാബു മോൻ പറഞ്ഞു. ഇത്തവണത്തെ വിജയിയെ പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
'ബിഗ് ബോസ് എന്നത് വെറുമൊരു ഷോ മാത്രമാണ്. നിയമത്തിൽ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന പരിപാടിയൊന്നുമല്ല. ഇതൊരു റിയാലിറ്റി ഷോയാണ്. യഥാർത്ഥത്തിൽ ഒരു സൈക്കോളജിക്കൽ ഗെയിം . മനുഷ്യരുടെ പല കഴിവുകളേയും നോക്കിക്കാണും. മനുഷ്യരുടെ ഓയറിസം എന്ന് പറയുന്ന കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഷോ കൂടിയാണ്. ഓയറിസവും പ്രിസൺ എക്സ്പീരിമെന്റും ചേർന്ന കാര്യവും ആണ് ബിഗ് ബോസ് ഷോ. അവിടെ പരിശോധിക്കപ്പെടുന്നത് ഓരോ മനുഷ്യന്റേയും ഓരോ കഴിവുകളാണ്. അടുത്ത വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ഓരോ മനുഷ്യരുടേയും ത്വരയുണ്ട്. അതാണ് ഓഡിയൻസിൽ നിന്നും ഊറ്റിയെടുക്കുന്നത്. കണ്ട് ഇഷ്ടപ്പെടുകയെന്ന കാര്യവും കൂടിയുണ്ട്. അവനവൻ എന്താണോ അതിൽ തുടർന്ന് പോകുകയെന്നതാണ് പ്രധാനം.

ഗെയിമിലൊക്കെ ജയിക്കുക എന്നതിനപ്പുറം വ്യക്തിത്വമാണ് വിജയത്തിന്റെ അടിസ്ഥാനം. നമ്മൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് കണ്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. ആദ്യത്തെ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തേക്ക് വരും.
എന്ത് കൊണ്ടാണ് പങ്കെടുക്കുന്നതിലൊക്കെ രഹസ്യാത്മകത പുലർത്തണം എന്ന് പറയുന്നതെന്ന് അറിയില്ല. എന്റെ സീസണിൽ ഞാനും അനൂപും അറിയുന്നവരായിരുന്നു. ഞങ്ങൾ ഒന്നിച്ച് പഠിച്ചവരായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് പോകുമ്പോൾ അവൻ വിളിച്ചിരുന്നു. ഞാനും ഉണ്ടെന്ന് ഞാനും പറഞ്ഞു. ഞങ്ങൾക്ക് പക്ഷേ പ്ലാനൊന്നും ഇല്ലായിരുന്നു. അവിടെയെത്തിയപ്പോഴും നല്ല കൂട്ടായിരുന്നു. നമ്മൾ അവസാനം വരേയും ഒരുമിച്ചാണ് നിന്നത്. ഞാൻ കൈവിട്ടിട്ടില്ല അവനെ. ബിഗ് ബോസ് ഇന്റിവിജ്വൽ ഗെയിം മാത്രമല്ല. സമൂഹത്തിൽ ഒറ്റക്ക് നിന്ന് ജീവിച്ച് പോകാനാകുമോ? ഞാൻ ബിഗ് ബോസിൽ പോയി, ജയിച്ചു. അത്രയേ ഉള്ളൂ. അല്ലാതെ ബിബി കിംഗ് ആണ്, ഞാൻ വല്യ സംഭവമാണെന്നൊക്കെ പറഞ്ഞ് നടക്കാൻ ഇല്ല.
ഞങ്ങളുടെ സീസണിൽ മത്സരാർത്ഥികൾക്ക് വലിയ പ്രതിഫലമാണ് ലഭിച്ചത്. വ്യക്തികൾക്കനുസരിച്ചായിരുന്നു പ്രതിഫലം. ആദ്യത്തെ സീസണിൽ മൊത്തത്തിൽ വലിയ ബജറ്റിൽ ഒരുങ്ങിയ ഷോ ആയിരുന്നു. ചില മത്സരാർത്ഥികൾ നൂറ് ദിവസം നിന്നിട്ടുണ്ടായിരുന്നുവെങ്കിൽ ഒരു കോടിയെങ്കിലും പ്രതിഫലം കിട്ടിയേനെ. ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങിയവർ ഉണ്ട്. സെക്കന്റ് സീസണിലായപ്പോൾ പ്രതിഫലവും പ്രൈസ് മണിയും കുറച്ചു.
സീസൺ 6 ലേക്ക് പോയത് ഒരു നൊസ്റ്റാൽജിക്ക് ഫീലിങിന്റെ പുറത്താണ്. പിന്നെ പൈസയും കിട്ടും. ഇപ്പോൾ ഗസ്റ്റായി കയറിപ്പോൾ എക്സൈറ്റഡായിരുന്നു. പണ്ടനുഭവിച്ച ട്രോമയൊക്കെ പുറത്തേക്ക് വന്നത് പോലെ തോന്നി.
ബിഗ് ബോസ് മലയാളം സീസൺ 6 കപ്പ് ആരുയർത്തുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്. ഹൗസിൽ പോയപ്പോൾ രസകരമായി തോന്നിയ രണ്ട് പേർ ജാസ്മിനും ജിന്റോയുമായിരുന്നു. ഇരുവരും തമ്മിലുള്ള എൻകൗണ്ടർ അതീവരസകരമായിരുന്നു. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. പക്ഷെ എഡിറ്റഡാണ്. പക്ഷെ മാനിപ്പുലേൻ ഉണ്ടാകും. എന്ത് കാണിക്കണമെന്ന് തീരുമാനിക്കുന്നത് ഡയറക്ടേഴ്സ് ആണ്', സാബുമോൻ പറഞ്ഞു.












Click it and Unblock the Notifications