'അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്'; സായിക്ക് പറയാനുള്ളത്, മനസ്സുതുറന്നു
ബിഗ് ബോസ് മലയാളത്തിന് ഏറെ ആരാധകരാണ് ഉള്ളത്. സീസൺ 1 മുതൽ നിലവിലെ ആറാമത്തെ സീസണിന് വരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതൊരു ഷോ എന്നതിന് അപ്പുറത്തേക്ക് ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും ഒന്നിക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങി വിവാഹിതരായ ഇവർ സന്തോഷമായി ജീവിക്കുന്നു.
ബിഗ് ബോസിൽ വന്നതിന് പിന്നാലെയാണ് നാദിറ മെഹ്റിന്റെ ഐഡന്റിറ്റി വീട്ടുകാർ അംഗീകരിക്കുന്നത്. ബിഗ് ബോസിലൂടെ നാദിറയ്ക്ക് തന്റെ കുടുംബം തിരിച്ചുകിട്ടി. അതുപോലെ തന്നെ അഭിഷേകിന്റെ അച്ഛനും അഭിഷേകിന്റെ ഐഡന്റിറ്റി അംഗീകരിച്ചു. അങ്ങനെ പലരുടെയും ജീവിതം മാറിമറിഞ്ഞത് ഈ ഷോയിലൂടെയാണ്.

ഇപ്പോൾ അത്തരത്തിലൊരു മാറ്റം ആണ് സായ് കൃഷ്ണയ്ക്കും വന്നിരിക്കുന്നത്. സീക്രട്ട് ഏജന്റ് എന്ന പേരിലാണ് സായിയെ പ്രേക്ഷകർക്ക് അറിയുന്നത്. എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങുന്ന സായി ഇനി സീക്രട്ട് ഏജന്റ് ആയിരിക്കില്ലെന്നാണ് പറയുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങുന്നത് അമ്മയുടെ കണ്ണനായിട്ടായിരിക്കും സീക്രട്ട് ഏജന്റായിട്ടായിരിക്കില്ല എന്നാണ് സായി പറഞ്ഞത്.
മാതൃദിനത്തോട് അനുബന്ധിച്ച് മത്സരാർത്ഥികളോട് അമ്മമാർക്ക് കത്തെഴുതാൻ ആവശ്യപ്പെട്ടിരുന്നു. വളരെ ഹൃദയസ്പർശിയായ എപ്പിസോഡായിരുന്നു ആ എപ്പിസോഡ്. തന്റെ അമ്മയ്ക്ക് എഴുതിയ കത്തിലാണ് സായി ഇക്കാര്യങ്ങൾ പറയുന്നത്. സായിയുടെ കത്ത് അമ്മയ്ക്ക് മാത്രമായിരുന്നില്ല. അമ്മൂമ്മയ്ക്കും ഭാര്യയ്ക്കും കൂടിയായിരുന്നു സായി കൃഷ്ണ എഴുതിയത്. എന്റെ അമ്മയ്ക്ക് മാത്രമല്ല, ഇനിയൊരു അമ്മയാകാൻ പോകുന്ന ഭാര്യ സ്നേഹയ്ക്കും വേണ്ടിയാണ് ഈ കത്ത് എന്ന് പറഞ്ഞുകൊണ്ടാണ് സായി കത്ത് ആരംഭിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ അമ്മയോളം നോക്കിയത് അമ്മൂമ്മയായിരുന്നുവെന്നും ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം നൽകി വയർ നിറയ്ക്കും, ആ അമ്മൂമ്മയെ കുറച്ച് കാലമായി താൻ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സായി പറഞ്ഞു. അൽഷിമേഴ്സ് വന്ന് അമ്മൂമ്മയ്ക്ക് വയ്യാ എന്നും സായി പറയുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും സായി പറയുന്നുണ്ട്. താൻ ഇങ്ങോട്ട് വരുന്നത് വരെ അത് അങ്ങനെ തന്നെയായിരുന്നുവെന്നും താൻ ഇത് ഇവിടെ തുറന്ന് പറയുന്നതോടെ അവർ തന്നെ മനസ്സിലാക്കി അത് മാറ്റുമെന്നും ഒരുമിച്ച് നിൽക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും സായി കൃഷ്ണ പറഞ്ഞു.
ഇതുപോലൊരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇക്കാര്യം പറയണം എന്ന് കരുതിയതല്ലെന്നും, പക്ഷേ തന്നെ പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ടാവുമെന്നും അമ്മയേയും ഭാര്യയേയും കൈവിടാൻ കഴിയില്ലെന്നും രണ്ട് പേർക്കും ഇടയിൽ നിൽക്കുന്ന അവസ്ഥ വളരെ മോശവുമാണെന്നും സായി പറഞ്ഞു. പുറത്ത് നിന്ന് ആർക്കും പരിഹരിക്കാൻ പറ്റാത്ത, അവർ പരസ്പരം മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നം ഇതോടെ അവസാനിക്കുമെന്ന് താൻ കരുതുന്നുവെന്നും സായി പറഞ്ഞു.
പുറത്തുവരുന്ന സായി അമ്മയുടെ കണ്ണനായിരിക്കും, സീക്രട്ട് ഏജന്റ് ആയിരിക്കില്ലെന്നും സായി കൃഷ്ണ പറയുന്നു. അതേ സമയം ബിഗ് ബോസിൽ വന്നതിന് ശേഷം താൻ ജീവിതം പഠിച്ചെന്നും ഇപ്പോഴാണ് മനുഷ്യനായതെന്നും വളരെ മോശം സ്വഭാവമായിരുന്നു തന്റേത്, ഈ ഷോയിലൂടെ അതെല്ലാം മാറുമെന്നും നേരത്തെ സായ് പറഞ്ഞിരുന്നു.












Click it and Unblock the Notifications