സിബിൻ എന്ന വൻമരം വീണു? കണ്ണുകെട്ടി പുറത്തേക്ക് കൊണ്ടുപോയി, ഞെട്ടിത്തരിച്ച് മത്സരാർത്ഥികളും ആരാധകരും
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ചർച്ചയായ താരമാണ് ഡിജെ സിബിൻ. വളരെ പെട്ടെന്ന് തന്നെ കളം നിറയാൻ സിബിന് സാധിച്ചെന്ന് മാത്രമല്ല മറ്റ് മത്സരാർത്ഥികളെ കൂടി കളത്തിലിറങ്ങി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത മത്സരാർത്ഥി കൂടിയാണ് സിബിൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഈ സീസണിന്റെ ഗെയിം ചെയ്ഞ്ചർ എന്നാണ് സിബിനെ പ്രേക്ഷകർ വിശേഷിപ്പിച്ചത്.
എന്നാൽ ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിന് ശേഷം വലിയ മാറ്റമാണ് സിബിന് സംഭവിച്ചിരിക്കുന്നത്. ഒരു തർക്കത്തിനിടെ ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിന്റെ പേരിൽ സിബിനെതിരെ മോഹൻലാൽ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സിബിനെ പവർ റൂമിൽ നിന്ന് പുറത്താക്കുകയും നേരിട്ട് നോമിനേഷനിലേക്ക് നിർദ്ദേശിക്കുകയും ചെയ്തു. അതുപോലെ തന്നെ സിബിൻ വലിയ മാനിപ്പുലേറ്റർ ആണെന്ന തരത്തിലുള്ള ചില വീഡിയോകളും എപ്പിസോഡിൽ പ്രദർശിപ്പിച്ചിരുന്നു. സിബിൻ മറ്റ് മത്സരാർത്ഥികൾക്ക് ഉപദേശം നൽകുകയും അതനുസരിച്ച് അവർ പെരുമാറുന്നതും അത് ഹൗസിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതുമെല്ലാമായിരുന്നു ഈ വീഡിയോകൾ.

ഈ സംഭവങ്ങൾക്ക് ശേഷം മാനസിക നില ആകെ തകർന്ന് നിൽക്കുന്ന സിബിനെയാണ് പ്രേക്ഷകർ കണ്ടത്. കഴിഞ്ഞ ദിവസം തനിക്ക് ഈ ബിഗ് ബോസ് ഹൗസിൽ നിന്നും എന്ത് സംഭവിച്ചാലും പുറത്തേക്ക് പോകമമെന്ന് സിബിൻ ആവശ്യപ്പെട്ടു. തനിക്ക് ഹൗസിൽ തുടരാൻ പേടിയാണ് എന്നും മുൻപ് ഡിപ്രഷനിലൂടെ കടന്ന് പോയ വ്യക്തിയാണ് താനെന്നും കൺഫെഷൻ റൂമിലിരുന്ന് സിബിൻ പറയുന്ന രംഗങ്ങൾ ലൈവിൽ കാണിച്ചിരുന്നു.
സിബിൻ മികച്ച ഗെയിമറാണെന്നും പുറത്ത് നല്ല സ്വീകാര്യതയുണ്ടെന്നുമെല്ലാം ബിഗ് ബോസ് അറിയിച്ചെങ്കിലും തനിക്ക് തുടരേണ്ടെന്ന നിലപാട് സിബിൻ ആവർത്തിച്ചു. കൺഫെഷൻ റൂമിൽ നിന്നും പുറത്തെത്തിയ സിബിൻ ഭക്ഷണം കഴിക്കാനോ ഹൗസിലെ മറ്റ് പരിപാടികളിൽ പങ്കെടുക്കാനോ തയ്യാറായില്ല. മാത്രമല്ല ഇനി താൻ ബിഗ് ബോസിന്‌റെ നിർദ്ദേശങ്ങൾ അനുസരിക്കില്ലെന്നും സ്വയം പോകാൻ തയ്യാറാണെന്നും വ്യക്തമാക്കി മൈക്ക് ഊരി വെയ്ക്കുകയും ചെയ്തു.
ഇതോടെ സിബിൻ ഷോയിൽ നിന്നും പടിയിറങ്ങി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകി സിബിൻ വളരെ സന്തോഷവാനായി തിരിച്ചുവരുന്നൊരു പ്രമോ വീഡിയോ ബിഗ് ബോസ് പങ്കിട്ടു. സൈക്കോളജിസ്റ്റിനോട് സംസാരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും സൈക്കോളജിസ്റ്റിനെ കണ്ട് മടങ്ങി വരികയും ചെയ്യുന്ന സിബിനാണ് വീഡിയോയിൽ ഉള്ളത്.
എല്ലാവരും സന്തോഷത്തോടെ സിബിനെ സ്വീകരിക്കുന്നതും പ്രമോയിൽ കാണാം. തുടരാം അല്ലേ, ഇനി പ്രേക്ഷകർ പുറത്താക്കുമ്പോൾ പുറത്ത് പോകാം എന്നാണ് സിബിൻ പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന പ്രമോ കൂടി ഏഷ്യാനെറ്റ് പങ്കിട്ടു.ഇതിൽ സിബിന്റെ കണ്ണുകെട്ടി പുറത്തേക്ക് കൊണ്ടുപോകുന്ന രംഗങ്ങളാണ് ഉള്ളത്. മാത്രമല്ല മറ്റ് മത്സരാർത്ഥികൾ ലിവിംഗ് ഏരിയയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇവർ ബിഗ് ബോസിന്റെ അനൗൺസ്മെന്റ് കേട്ട് ഞെട്ടുന്നതും തലയിൽ കൈവെച്ച് ഇരിക്കുന്നതെല്ലാം വീഡിയോയിൽ ഉണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡോടെ ഇത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
അതേസമയം സിബിൻ പുറത്ത് പോയാൽ ഈ സീസൺ വീണ്ടും ഉറങ്ങിപ്പോകുമെന്നും അതുകൊണ്ട് തന്നെ താരത്തിന് അവിടെ തുടരാൻ സാധിക്കട്ടെയെന്നും ഒരുവിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗബ്രി-ജാസ്മിൻ കോമ്പോ മാത്രമല്ല ബിഗ് ബോസ് എന്ന് കാണിച്ച് തന്ന മത്സരാർത്ഥി കൂടിയാണ് സിബിനെന്നും സിബിൻ പോയാൽ ഈ സീസണിന് അത് വലിയ തിരിച്ചടിയാകുമെന്നും ചിലർ പറയുന്നു.












Click it and Unblock the Notifications