'ഞാൻ ഒന്ന് പ്ലാൻ ചെയ്തപ്പോൾ ദൈവം മറ്റൊന്ന് പ്ലാൻ ചെയ്തു, അങ്ങനെ നടക്കണമെന്നുണ്ടാകും'; ശ്രീതു
ബിഗ് ബോസ് മലയാളം സീസൺ 4 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു. തുടക്കം മുതൽ തന്നെ ശ്രീതുവിന് നല്ല പിന്തുണ ഷോയിൽ ലഭിച്ചിരുന്നു. അർജുനൊപ്പമുള്ള ശ്രീതു കോമ്പോയെല്ലാം ഷോയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലായിരുന്നു പുറത്തെ ചർച്ചകൾ ഏറെയും. ഇപ്പോഴിതാ തങ്ങളുടെ അടുപ്പത്തെ കുറിച്ചും എങ്ങനെയാണ് അർജുനുമായി സൗഹൃദത്തിലെത്തിയതെന്നുമെല്ലാം പറയുകയാണ് ശ്രീതു. ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങളും ശ്രീതു പങ്കിട്ടു. താരത്തിന്റെ വാക്കുകളിലേക്ക്
'എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്. പുറത്ത് ഉള്ളത് പോലെ ജോളിയായി ഇടപെടണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്. ഷോ കഴിഞ്ഞപ്പോൾ ഇത്രയും സ്നേഹവും സ്വീകാര്യതയും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ബിഗ് ബോസിൽ പോയാൽ നെഗറ്റീവും പോസിറ്റീവും ഉണ്ടാകാം.ബിഗ് ബോസിലേക്ക് കോൾ വന്നപ്പോൾ പോയി അത് എക്സ്പീരിയൻസ് ചെയ്യാമെന്ന് കരുതി. ബിഗ് ബോസ് വേറൊരു ലോകമാണ്. ബിഗ് ബോസിൽ പോയാലേ മനസിലാകൂ എന്തുകൊണ്ടാണ് അവിടെ ഉള്ളയാളുകൾ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന്.

എവിക്ഷൻ തന്നെയായിരുന്നു ബിഗ് ബോസിലെ ഏറ്റവും വേദന തോന്നിയ നിമിഷം. ടോപ് 5 വരണം എന്ന് അത്രയും ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ എവിക്ടായി പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അത്രയും ആത്മവിശ്വാസത്തിലായിരുന്നു. എവിക്ഷനിൽ എന്റെ പേര് കണ്ടപ്പോൾ വിഷമം തോന്നി.എന്ത് ചെയ്യാനാണ്, ഞാൻ ഒന്ന് പ്ലാൻ ചെയ്തപ്പോൾ ദൈവം മറ്റൊന്ന് പ്ലാൻ ചെയ്തു. അങ്ങനെ നടക്കണമെന്ന് ഉണ്ടാകും.
അർജുനുമായി എങ്ങനെ സൗഹൃദത്തിലായി എന്ന് അറിയില്ല. ഏകദേശം മൂന്നാഴ്ചയോളം കഴിഞ്ഞാണ് ഞാൻ അർജുനുമായി സംസാരിക്കാൻ തുടങ്ങിയത് തന്നെ. അങ്ങനെ മെല്ലെ മെല്ലെയാണ് സൗഹൃദം ഉടലെടുത്തത്. ഞങ്ങൾ തമ്മിൽ പല സാമ്യതകളും ഉണ്ട്. പുറത്ത് വന്നപ്പോൾ ആണ് ഞങ്ങളുടെ സൗഹൃദം വേറെ രീതിയിലൊക്കെ ആഘോഷിക്കപ്പെട്ടെന്ന് മനസിലായത്. ഞങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്രമേ ഉള്ളൂ.
കാമറയ്ക്ക് മുൻപിൽ കരയരുതെന്ന് ഉറപ്പിച്ചാണ് ബിഗ് ബോസിലേക്ക് പോയത്. ആരുമായും അറ്റാച്ച്ഡ് ആകരുതെന്നും കരുതിയിരുന്നു. കാരണം അങ്ങനെയൊരു കൂട്ട് ഉണ്ടാകുമ്പോൾ അവരെ നോമിനേറ്റ് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരിക്കും. പക്ഷെ എന്തുകൊണ്ടോ അർജുനുമായി കൂട്ടായി. പുറത്തുവന്നപ്പോഴാണ് ഞങ്ങളുടെ പല റിയാക്ഷൻസും റീൽസ് ആയി ആരാധകർ ആഘോഷിക്കുന്നത് കണ്ടത്. ഇങ്ങനെയൊന്നും അല്ലല്ലോ ഞങ്ങൾ പെരുമാറിയതെന്ന് അപ്പോൾ തോന്നി. ശരിക്കും ആ റീലൊക്കെ കണ്ടപ്പോൾ ചിരിയാണ് വന്നത്.
ബിഗ് ബോസിൽ തനിച്ച് നിൽക്കുക എളുപ്പമല്ല. നമ്മുക്കൊരു സപ്പോർട്ട് സിസ്റ്റം വേണം. ഇല്ലെങ്കിൽ നമ്മൾ ഡിപ്രഷനിലേക്ക് പോയേക്കും. കണ്ടന്റിന് വേണ്ടി കോമ്പോ പിടിക്കുന്നവരുണ്ടാകും. പക്ഷെ ഞങ്ങൾ അങ്ങനെ ആലോചിച്ചിട്ടില്ല. വളരെ ഓർഗാനിക്കായിട്ടാണ് ഞങ്ങൾ കൂട്ടായത്.
ഹൗസിൽ ആരേയും വിശ്വസിക്കാൻ കഴിയില്ല. കാരണം ഗെയിം എന്നൊരു ചിന്തയിലാണ് എല്ലാവരും അവിടെ നിൽക്കുന്നത്. ഒരിക്കൽ ഞാൻ പറഞ്ഞൊരു കാര്യം ഒരു മത്സരാർത്ഥി ലിവിങ് റൂമിൽ വലിയ ചർച്ചയാക്കി. അതോടെ ആരേയും വിശ്വസിക്കരുതെന്ന് മനസിലായി.












Click it and Unblock the Notifications