മത്സരാർത്ഥികളുടെ ആ സംശയത്തിനും തർക്കത്തിനും ഉത്തരമായി; ഒടുവിൽ കണക്ക് പുറത്ത് വിട്ട് ബിഗ് ബോസ് അണിയറപ്രവർത്തകർ
ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ ആറ് സീസണുകളാണ് നടന്നത്. ഏറ്റവും ഒടുവിലെ സീസണിൽ ജിന്റോ ആയിരുന്നു വിജയിച്ചത്. അർജുൻ ശ്യാം രണ്ടാം സ്ഥാനവും ജാസ്മിൻ ജാഫർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഇതുവരെ കഴിഞ്ഞ സീസണുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസൺ ഏതായിരിക്കും? ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധകർക്കിടയിൽ മാത്രമല്ല മത്സരാർത്ഥികൾക്കിടയിൽ പോലും വലിയ തർക്കങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്.തങ്ങളുടെ സീസണായിരുന്നു ഏറ്റവും ജനപ്രീതിയുള്ള സീസണെന്നും ഏറ്റവും കൂടുതൽ പേർ കണ്ടതെന്നുമെല്ലാം മുൻപ് സീസൺ 5 വിജയിയായ അഖിൽ മാരാർ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെ തള്ളി സീസൺ നാലിലേയും മൂന്നിലേയുമെല്ലാം മത്സരാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ തർക്കത്തിന് കൃത്യമായ കണക്കുകളിലൂടെ ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ. ബർക്ക് റേറ്റിംഗ് അടക്കമുള്ള കണക്കുകയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സീസൺ 6 തന്നെയാണ് ഇതുവരെ നടന്ന സീസണുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ സീസൺ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സീസണ്‍ 6 ന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ലഭിച്ച റേറ്റിംഗ് 18 ടിവിആര്‍ ആണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആണത്രേ ഇത്. ബാര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2.7 കോടിയിലധികം ആളുകൾ ബിഗ് ബോസ് സീസൺ 6 കണ്ടിട്ടുണ്ട്. സീസണ്‍ 5 നോട് താരതമ്യപ്പെടുത്തുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണ് സീസണ്‍ 6 നേടിയത്. വോട്ടിംഗ് ശതമാനവും വർധിച്ചിച്ചു. 69 ശതമാനമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫിനാലെ ആഴ്ചയിൽ മാത്രം 87 ശതമാനം വര്‍ധനയാണ് വോട്ടിംഗിൽ ഉണ്ടായത്. ഒടിടിയിലും കാണികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ പ്രേക്ഷകരുടെ എണ്ണം 55 ശതമാനം വർധിച്ചു. സോഷ്യല്‍ മീഡിയ ഇടപെടലിലും 100 ശതമാനം വളർച്ചയാണ് ഉണ്ടായത്.
വളരെ അധിക്വം ട്വിസ്റ്റുകളും ടേണുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ സീസൺ ആയിരുന്നു സീസൺ 6. മലയാളം ഷോയുടെ ചരിത്രത്തിൽ ആദ്യമായി രണ്ട് കോമണർ മത്സരാർത്ഥികൾ പങ്കെടുത്ത സീസണായിരുന്നു ഇത്തവണത്തേത്. കൂടാതെ 6 പേർ വൈൽഡ് കാർഡ് ആയി എത്തി. ഇതിൽ തന്നെ ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ രണ്ട് പേരുടെ പുറത്താകൽ. ഡിജെ സിബിനും പൂജാ കൃഷ്ണയുമായിരുന്നു പുറത്തായവർ. തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ആരോപിച്ച് സിബിൻ കൊളുത്തിവിട്ട വിവാദം, ബിഗ് ബോസ് ഷോയുടെ ക്രെഡിബിലിറ്റിയെ ചൊല്ലി മുൻ സീസണിലെ മത്സരാർത്ഥികൾ ഉയർത്തിയ ആരോപണങ്ങൾ ഇതെല്ലാം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. അതോടൊപ്പം തന്നെ ചില മത്സരാർത്ഥികളുടെ അപ്രതീക്ഷിത എവിക്ഷൻ അടക്കമുള്ളവ ബിഗ് ബോസ് ആരാധകർക്കിടയിൽ ഈ സീസൺ വലിയ ചർച്ചയായി മാറാൻ കാരണമായി.
ബിഗ് ബോസ് സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായത് ആരെന്ന് ചോദിച്ചാൽ അത് ബ്യൂട്ടി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസ്മിൻ ജാഫറായിരുന്നു. ജാസ്മിനും സഹമത്സരാർത്ഥിയായ ഗബ്രിയും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു അകത്തും പുറത്തും വലിയ ചർച്ചകൾക്കും വിമർശനത്തിനുമെല്ലാം വഴിവെച്ചത്.












Click it and Unblock the Notifications