സായിയെ കരയിപ്പിച്ച ആ മരണവാർത്ത: ചീപ്പ് ഷോ അല്ല, പരിഹസിച്ചവർക്ക് ശാലിനിയുടെ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരമാണ് സായി കൃഷ്ണ. സമകാലീന വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ട് വ്ലോഗ് ചെയ്യുന്ന യൂട്യൂബ് വ്ലോഗർ എന്ന നിലയില്‍ സായി കൃഷ്ണയെ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാല്‍ അത്തരത്തിലുള്ള ഒരു മത്സര രീതിയായിരുന്നില്ല സായി പുറത്തെടുത്തത്.
വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേറുകയാണ് സായി ചെയ്യുന്നത്. പ്രേക്ഷകർക്ക് ഇതില്‍ എതിർപ്പുണ്ടെങ്കിലും വലിയൊരു വിഭാഗം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. സായിയുടെ മത്സരം ഇത്തരത്തില്‍ സമ്മിശ്ര അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സായിയുടെ ഭാര്യ സ്നേഹ ഇന്നലെ വീട്ടിലേക്ക് എത്തുന്നത്.

സായിയുമായുള്ള സംസാരത്തിന് ഇടയില്‍ വീട്ടിലെ അരുമകളില്‍ ഒരാളായ ആക്സുവെന്ന നായ മരിച്ചുപോയ കാര്യം സ്നേഹ പറഞ്ഞിരുന്നു. ഈ വാർത്ത കേട്ടതോടെ വൈകാരികമായിട്ടായിരുന്നു സായി പ്രതികരിച്ചത്. പൊട്ടിക്കരയുകയും മൈക്ക് വലിച്ചെറിഞ്ഞ് ബാത്ത്റൂമിലേക്ക് കയറി പോകുകയും ചെയ്തു. പിന്നീട് ഏറെ സമയം എടുത്താണ് സായി ഓക്കെ ആയത്.
ഒരു നായ മരിച്ചതിന് ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടതുണ്ടോ? ഇതൊക്കെ കുറച്ച് ഓവർ അല്ലേ എന്ന രീതിയിലായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ നേരെ മറിച്ച് വലിയ വിഭാഗം സായിയുടെ വികാരം മനസ്സിലാക്കിയും പ്രതികരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരാളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ ശാലിനി നായർ.
സീക്രട്ട് ഏജന്റിനെ ഇഷ്ടമല്ലായിരിക്കാം പക്ഷേ സായ് കൃഷ്ണയെ ഇഷ്ടമാണെന്നാണ് തന്റെ വളർത്തുനായയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. ആക്സിന്റെ വേർപാട് സായിയെ എത്ര ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഓരോ പെറ്റ് ലവേഴ്സിനും മനസ്സിലാക്കാൻ കഴിയും. അതിനെയും കണ്ടന്റ് ഉണ്ടാക്കാനുള്ള ചീപ്പ് ഷോ ആയി കാണുന്ന ചിലരോട് ഒന്നും പറയാനില്ലെന്നാണ് ശാലിനി കുറിക്കുന്നത്. ശാലിനിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സീക്രട്ട് ഏജന്റിനെ ഇഷ്ടമല്ലായിരിക്കാം പക്ഷേ സായ് കൃഷ്ണയെ ഇഷ്ടം. ഒരു ഉരുള ചോറ് കൊടുത്തതിനുള്ള കാത്തിരിപ്പാണ് ഈ വീഡിയോയിൽ കാണുന്നത്, ഒരാവശ്യത്തിനായി കുറച്ചൊന്നു മാറി നിന്നു. തിരിച്ചു വരുന്നത് വരെ കാറിൽ നിന്നും പുറത്തേക്ക് നോക്കി ഇരിക്കയാണ് പത്തോ പതിനഞ്ചോ മിനിറ്റല്ല. ചിലപ്പോൾ മണിക്കൂറുകളോളം ഇരുന്നെന്ന് വരാം.
കുഞ്ഞു വയറു നിറയാൻ ഇത്തിരി ഭക്ഷണം കൊടുത്തതിന്റെ നന്ദി ജീവിതകാലം മുഴുവൻ കൊണ്ട് നടക്കുന്ന സ്നേഹം ഈ മിണ്ടാപ്രാണികളിൽ നിന്ന് പഠിക്കണം. ഇത് ഞങ്ങളുടെ ഇക്കുറൂസ്. "ഫുൾ ടൈം നായേം കൊണ്ടാണോ നടപ്പ്" "ഇവറ്റകളെ കാണുന്നതേ അറപ്പാണ് "അങ്ങിനെ എത്രയെത്ര അവസരങ്ങളിൽ പുച്ഛത്തോടെയും വെറുപ്പോടെയും ചില പ്രത്യേക വർഗം ഇരുകാലികൾ പറയുന്നത് കേട്ടിട്ടുണ്ട്.
നിങ്ങളൊക്കെ മൂന്ന് നേരം കുളിച്ച് എത്ര സ്പ്രേ അടിച്ച് നടന്നാലും മനസ്സിന്റെ കറ കഴുകി വെളുപ്പിക്കാൻ പറ്റിയെന്ന് വരില്ല. ബിഗ്ഗ്‌ബോസ്സ് സീസൺ 6' ന്റെ ഫാമിലി റൗണ്ടിൽ സായിയുടെ പ്രിയപ്പെട്ട പെറ്റ് ആക്സ് ഇനി ഇല്ല എന്ന വിവരം സായി സ്നേഹയിൽ നിന്നും അറിഞ്ഞ നിമിഷങ്ങൾ കണ്ണു നിറഞ്ഞേ കാണാൻ കഴിഞ്ഞുള്ളു. ആക്സിന്റെ വേർപാട് സായിയെ എത്ര ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഓരോ പെറ്റ് ലവേഴ്സിനും മനസ്സിലാക്കാൻ കഴിയും. അതിനെയും കണ്ടന്റ് ഉണ്ടാക്കാനുള്ള ചീപ്പ് ഷോ ആയി കാണുന്ന ചിലരോട് ഒന്നും പറയാനില്ല.












Click it and Unblock the Notifications