ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം, 'ഞങ്ങൾ ഗെയിം കാണുന്നുണ്ട്'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഫാമിലി ടാസ്ക് നടക്കുകയാണ്. കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ അവർക്കൊപ്പം സമയം ചിലവഴിച്ചു.
ഇപ്പോഴിതാ ഹൗസിൽ എത്തിയതിന് പിന്നാലെ അൻസിബയുടെ ഉമ്മ താരത്തോട് പറയുന്ന വാക്കുകളാണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയാകുന്നത്. ജാസ്മിനെ കുറിച്ചാണ് ഉമ്മ സംസാരിച്ചത്. ഹൗസിലെത്തിയപ്പോൾ തന്നെ ജാസ്മിനെ കെട്ടിപിടിച്ച് അൻസിബയുടെ ഉമ്മ കരഞ്ഞിരുന്നു. ഇതിന് പിന്നാെലെയാണ് പ്രതികരണം. ഉമ്മയുടെ വാക്കുകളിലേക്ക്

'എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിഞ്ഞത് തന്നെ വലിയ സന്തോഷം. ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. നീ നല്ല കുട്ടിയാണ്, നന്നായി ഗെയിമും കളിക്കുന്നുണ്ട്.അടിപൊളിയായിട്ട് കളിക്ക്. എന്നിട്ട് പോരുന്നുണ്ടെങ്കിൽ പോര്. ഒരു തോള് ചായാൻ ഉമ്മ എപ്പോഴും ഉണ്ടല്ലോ ഇവിടെ. ഗെയിമിനെ ഗെയിമിന്റെ രീതിക്കെടുക്കുക', ഉമ്മ പറഞ്ഞു. ഇതോടെ തനിക്ക് പറ്റുന്നില്ലെന്നും പുറത്തേക്ക് വരണമെന്നുമാണ് ആഗ്രഹമെന്നുമായിരുന്നു അൻസിബയുടെ വാക്കുകൾ. ഗെയിമൊന്നും മനസിലാക്കാതെ, പ്ലാൻ ചെയ്യാതെയാണ് ഞാൻ ഇവിടേക്ക് വന്നതെന്നും അൻസിബ പറഞ്ഞു. ഇതോടെ അങ്ങനെ തന്നെയല്ലേ ഗെയിം കളിക്കേണ്ടതെന്നായിരുന്നു ഉമ്മയുടെ മറുപടി.
'നീ നീയായിട്ട് തന്നെ നിൽക്ക്. നീയെങ്ങനെയാണ് വീട്ടിൽ, അതുപോലെ തന്നെയാണ് ഇവിടെ നിക്കേണ്ടത്. നമ്മൾ എല്ലാം കാണുന്നുണ്ട്. ഫാമിലി റൗണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു മടിയുണ്ടായിരുന്നു. പക്ഷേ നിന്നെ കാണണം ഒന്ന് സമാധാനിപ്പിക്കണം എന്ന് തോന്നി. അങ്ങനെയാണ് വന്നത്. ജാസ്മിനെ കണ്ടപ്പോ എനിക്ക് തോന്നിയത് അപ്പൂനെയാണ്. എന്റെ ചെറിയ മോള്. ഞാൻ അങ്ങനെയെ അതിനെ എടുത്തിട്ടുള്ളൂ. അപ്പു തെറ്റ് ചെയ്താൽ നമ്മള് ക്ഷമിക്കില്ലേ, അത്രയല്ലേ പ്രായമുള്ളൂ, ആ പക്വതയേ ഉണ്ടാകു. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. നമ്മുടെ വീട് പോലെ തന്നെ കണ്ട് കളിക്കുക.
നമ്മളുടെ വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും, അതൊക്കെ നമ്മൾ കാര്യമാക്കുന്നില്ലല്ലോ. അതുപോലെ കളിച്ചാൽ മതി. ഇനി പുറത്തേക്ക് വന്നാലും സന്തോഷത്തോടെ ഉമ്മ അവിടെ പുറത്ത് നിനക്ക് വേണ്ടി ഉണ്ടാകും. നീ എന്താണ് എന്ന് എനിക്ക് അറിയില്ലേ. അടിപൊളിയായി നിൽക്ക്, ഗെയിം എന്ന രീതിക്ക് മാത്രം എടുക്കുക. പ്രേക്ഷകർ നിന്നെ വേണ്ട എന്ന് പറയുമ്പോൾ പുറത്തേക്ക് വന്നോ. നീ രണ്ടാഴ്ച പോലും തികയ്ക്കില്ലെന്ന് ഞാൻ കരുതിയിരുന്നു. ഇത്രയും നിന്നില്ലേ. ജനങ്ങളുടെ പിന്തുണ ഇല്ലാതെ നിക്കാൻ പറ്റുവോ. ഞാനും നീയും വീട്ടിൽ നിന്ന് എത്ര പ്രാവശ്യം തെറ്റുന്നുണ്ട്. എന്നിട്ട് നമ്മൾ ഒന്നാവണില്ലേ. അങ്ങനെ വിചാരിച്ചാ മതി', ഉമ്മ പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുകയാണ്. നല്ല പോസിറ്റീവ് ഉമ്മ ,ഇങ്ങനെയായിരിക്കണം ഈ ഗെയിമിനെ സമീപിക്കേണ്ടത് എന്നാണ് പലരും കുറിച്ചിരിക്കുന്നത്. അമ്മയെ പോലെ തന്നെ അൻസിബയ്ക്കും ആകാൻ സാധിക്കട്ടെയെന്നും ചിലർ കുറിച്ചു.












Click it and Unblock the Notifications