ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ ഇതാണ്; പോയതിന് പിന്നിലെ ലക്ഷ്യവും; തുറന്ന് പറഞ്ഞ് ഗബ്രി
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി ജോസ്. ഈ സീസണിൽ ഫൈനലിൽ വരെ എത്താൻ സാധ്യത കൽപ്പിക്കപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു ഗബ്രി. എന്നാൽ അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി പുറത്തായി. സഹമത്സരാർത്ഥിയായ ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് താരത്തിന്റെ പെട്ടെന്നുള്ള പുറത്താകലിന് വഴിവെച്ചതെന്നാണ് പ്രേക്ഷകരും ബിഗ് ബോസിന് അകത്തുള്ളവരും ഒരുപോലെ അഭിപ്രായപ്പെട്ടത്.
ജാസ്മിൻ-ഗബ്രി കോമ്പോയ്ക്ക് തുടക്കം മുതൽ തന്നെ വലിയ വിമർശനം ഉണ്ടായിരുന്നു. ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് ഇരുവരും എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. എന്തായാലും തന്റെ ബിഗ് ബോസ് യാത്രയിൽ ഒരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനും ഗബ്രിക്ക് സാധിച്ചു. ഇപ്പോഴിതാ ഹൗസിന് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് ലഭിക്കുന്ന സ്നേഹത്തെ കുറിച്ച് വാചാലനാവുകയാണ് താരം. ഇപ്പോൾ പലരും തന്നെ തിരിച്ചറിയുന്നുണ്ടെന്ന് ഗബ്രി പറയുന്നു.

'2019 ലാണ് എന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്. അന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു എന്താണ് മാറ്റമെന്ന്. ഒരുപാട് മാറ്റം വന്നു. ബിഗ് ബോസിൽ പോയതിന്റെ ലക്ഷ്യം എന്നത് എന്റെ മുഖം ആളുകൾ തിരിച്ചറിയണമെന്നതായിരുന്നു. ഇപ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സാധിക്കാത്തൊരു അവസ്ഥയിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും ആളുകൾ നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലും ഒരുപാട് സന്തോഷമുണ്ട്. ബിഗ് ബോസിൽ വെച്ച് ഞാൻ പഠിച്ച പ്രധാനപാഠം ക്ഷമയാണ് നിയന്ത്രിക്കാൻ കഴിയാത്തൊരു സാഹചര്യം വരുന്ന സമയത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചു', ഗബ്രി വ്യക്തമാക്കി.
അതേസമയം ഗബ്രി ബിഗ് ബോസിൽ നിന്നും പുറത്തായതോടെ ഇനി ജാസ്മിന്റെ ഗെയിം എങ്ങനെയായിരിക്കും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഗബ്രിയാണ് ഹൗസിലെ തന്റെ ബലം എന്ന് പല തവണയായി ജാസ്മിൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ ഹൗസിൽ പറഞ്ഞിരുന്നു. ഗബ്രിയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നും തിരിച്ചുവരും എന്നുമാണ് ജാസ്മിൻ ഹൗസിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇനിയാണ് ജാസ്മിന്റെ യഥാർത്ഥ മത്സരം കാണാൻ ഇരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി തനിച്ച് നിന്ന് ജാസ്മിൻ മത്സരിക്കും. അത്ര എളുപ്പം ജാസ്മിനെ മാനസികമായി തകർക്കാനും ഇനി സാധിക്കില്ലെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം തന്നെ ഹൗസിന് പുറത്തെത്തിയാൽ ജാസ്മിൻ നേരിടാൻ പോകുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രേക്ഷകരും മുൻ ബിഗ് ബോസ് താരങ്ങളുമെല്ലാം ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് പറഞ്ഞതിന് പിന്നാലെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു. ഇനിയും ജോക്കറായി തനിക്ക് തുടരാൻ സാധിക്കില്ലെന്നാണ് അഫ്സൽ വ്യക്തമാക്കിയത്. ഇതൊന്നും ജാസ്മിൻ അറിഞ്ഞിട്ടില്ല. ഇതൊക്കെ താരം ഇനി എങ്ങനെ നേരിടുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications