പവര്‍ റൂമും പവര്‍ ടീമും...; ബിഗ് ബോസിലെ പുതിയ പരിഷ്‌കാരം ഇങ്ങനെ; കടുപ്പം തന്നെ കാര്യം..!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ആറാം സീസണിന്റെ ലോഞ്ചിംഗ് എപ്പിസോഡ്. മുന്‍ എപ്പിസോഡുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ മാറ്റങ്ങളാണ് ആറാം സീസണില്‍ എത്തുമ്പോള്‍ ബിഗ് ബോസ് മലയാളത്തിന് വന്നിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനം നാല് ബെഡ്‌റൂം എന്ന കണ്‍സെപ്റ്റ് ആണ് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.
മത്സരാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ നാല് ബെഡ്‌റൂമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ ബെഡ്‌റൂം സ്വന്തമാക്കാന്‍ മത്സരാര്‍ത്ഥികള്‍ അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വരും എന്നതാണ് പ്രത്യേകത. ബിഗ് ബോസ് ഹൗസിന് അകത്തെ നാല് ബെഡ്‌റൂമുകളില്‍ മൂന്നെണ്ണം കഷ്ടപ്പാടിനേയും ദുരിതത്തേയും ആണ് പ്രതിനിധീകരിക്കുന്നത്. താരതമ്യേന ചെറുതായ ഈ മുറികളില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ നാലാമത്തെ മുറി അല്‍പം കൂടി വിശാലവും എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്. ബിഗ് ബോസ് വീടിന് അകത്തെ പവര്‍ റൂം എന്നാണ് അത് അറിയപ്പെടുന്നത്. പവര്‍ റൂമില്‍ എത്തുന്നവരാണ് പവര്‍ ടീമാകുക. പവര്‍ ടീമിന്റെ അവകാശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
ക്യാപ്റ്റനെ തിരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് ആദ്യത്തെ പവര്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നത്. ക്യാപ്റ്റനും പവര്‍ ടീമും ആണ് മറ്റ് മുറികളില്‍ ആരെല്ലാം താമസിക്കണം എന്ന് തീരുമാനിക്കുക. പവര്‍ ടീമിന് ക്യാപ്റ്റന്‍ ഒരു ബാഡ്ജ് നല്‍കും. ഒരുപാട് അധികാരങ്ങള്‍ ഉള്ളവരായിരിക്കും ഈ പവര്‍ ടീം. പവര്‍ റൂമിലുള്ളവരെ മറ്റ് ടീമംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം പവര്‍ ടീമിന് മറ്റുള്ളവരില്‍ നിന്നും ഒരാളെ എവിക്ഷനിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാനും ജയിയിലേയ്ക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നതിനും ഉള്ള അധികാരം ഉണ്ടായിരിക്കും. പവര്‍ റൂമിലുള്ള ആരേയും ജയിലിലേയ്ക്ക് അയക്കരുത്. മറ്റ് ടീമുകള്‍ക്ക് വേണ്ടിയുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതും ബിഗ് ബോസ് ഹൗസില്‍ എന്ത് പാചകം ചെയ്യണമെന്നും പവര്‍ ടീമിന് നിശ്ചയിക്കാം.
കിച്ചണ്‍ കബോഡിന്റെ താക്കോല്‍ പവര്‍ ടീമിന്റെ പക്കലാണ് സൂക്ഷിക്കേണ്ടത്. പവര്‍ ടീമിന്റെ അനുവാദമില്ലാതെ മറ്റ് ടീം അംഗങ്ങള്‍ സാധനങ്ങള്‍ എടുക്കാന്‍ പാടില്ല. ബിഗ് ബോസ് ഹൗസില്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്നവര്‍ക്ക് ഉപഹാരമായി പവര്‍ മണി നല്‍കാനുള്ള അധികാരം പവര്‍ ടീമിനുണ്ടായിരിക്കും. നല്ല ആഹാരം ഉണ്ടാക്കുന്നവര്‍, വീട് വൃത്തിയില്‍ കൊണ്ട് നടക്കുന്നവര്‍, നല്ല പെരുമാറ്റം എന്നീ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പവര്‍ മണി നല്‍കുന്നത്.












Click it and Unblock the Notifications