മോഹൻലാലിന് പകരം ബിഗ് ബോസ് അവതാരകനായി ദിലീപ് എത്തുമോ?; രസകരമായ മറുപടിയുമായി താരം
കൊച്ചി: കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ 'പവി ദ കെയർ ടേക്കറി'ന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടൻ ദിലീപ് ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഹൗസിലെത്തിയിരുന്നു. ഷോ തുടങ്ങിയിട്ട് ആദ്യമായിട്ടായിരുന്നു പുറത്ത് നിന്നൊരാൾ ആ ഹൗസിലേക്ക് കയറിയത്. ഏറെ നേരം മത്സരാർത്ഥികളുമായി സംവദിച്ചതിന് ശേഷമായിരുന്നു ദിലീപ് മടങ്ങിയത്.
തന്നെ സംബന്ധിച്ച് വളരെ മനോഹരമായൊരു അനുഭവമായിരുന്നു ബിഗ് ബോസ് ഹൗസിൽ പോയതെന്ന് പറയുകയാണ് ദിലീപ്. ഒപ്പം തന്റെ ഇഷ്ട മത്സരാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ദിലീപിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസ് ഇടക്ക് കാണാറുണ്ട്. മകൾ കാണാറുണ്ട്. എന്തെങ്കിലും വിഷയം വരുമ്പോൾ കാണാറുണ്ട്. പിന്നെ ഷോയിലേക്ക് പോകുന്നതിന് തൊട്ട് മുൻപ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണ് പോയത്. ഏറ്റവും കൂടുതൽ റെയ്റ്റിങ് ഉള്ള ഷോയാണല്ലോ ബിഗ് ബോസ്. ഇഷ്ടമുള്ള മത്സരാർത്ഥി ഉണ്ട് ഈ സീസണിൽ. പക്ഷേ ആരാണെന്ന് പറയുന്നില്ല. അവിടെ എല്ലാവരും എന്നെ ഒരുപോലെയാണ് സ്നേഹിക്കുന്നത്. അതുകൊണ്ട് ആ സ്നേഹം തിരിച്ച് കൊടുത്തേ പറ്റൂ. അവിടെ വേർതിരിവ് കാണിക്കാൻ ആകില്ല. ഷോയിൽ പോയപ്പോൾ വേറൊരു അനുഭവമാണ്.
ഞാൻ അവിടെ ചെല്ലുമ്പോൾ അവർ എന്തോ തർക്കത്തിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പിട്ടു. തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നുവെന്നത് വലിയ കാര്യമാണ്. ബ്രില്യന്റ് പ്ലയേഴ്സ് ആണ് അവിടെ ഉള്ളത്'. ദിലീപ് പറഞ്ഞു. ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് ഞാനും ലാലേട്ടനും നല്ല ബന്ധത്തിലാണ് ഇപ്പോൾ പോകുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.
അതേസമയം ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും മോഹൻലാലിനെ മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ചില മത്സരാർത്ഥികളോട് അവതാരകൻ കൂടുതൽ താത്പര്യം കാണിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. എന്നാൽ ബിഗ് ബോസ് അണിയറ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും അല്ലാതെ ലാൽ എന്ന വ്യക്തിക്ക് ബിഗ് ബോസിന്റെ കാര്യങ്ങൾ നിയന്ത്രിക്കാനാകില്ലെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതിലുള്ള അമർശമാണ് മോഹൻലാലിനെതിരായ ഇപ്പോഴത്തെ വിമർശനങ്ങൾക്ക് കാരണമെന്നും ഇവർ പറയുന്നു. ഇക്കൂട്ടർ ഹിന്ദി അടക്കമുള്ള സീസണുകൾ കാണുന്നത് നല്ലതായിരിക്കുമെന്നും ഇവർ നിർദ്ദേശിക്കുന്നു.












Click it and Unblock the Notifications