'റോബിൻ ദിൽഷയെ ജയിപ്പിച്ചു', ജാസ്മിനെ ജയിപ്പിക്കാൻ ഗബ്രിയും ഇറങ്ങും?;താരത്തിന്റെ മറുപടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജാസ്മിൻ-ഗബ്രി കൂട്ടുകെട്ട് വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തങ്ങളുടേത് സൗഹൃദമാണെന്നായിരുന്നു തുടക്കത്തിൽ ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞു. അതേസമയം തനിക്ക് ജാസ്മിനുമായുള്ള ബന്ധത്തിൽ ക്ലാരിറ്റിയില്ലെന്നായിരുന്നു ഗബ്രിയുടെ നിലപാട്. തനിക്ക് അവളെ വിവാഹം കഴിക്കാനോ കാമുകിയാക്കാനോ താത്പര്യമില്ലെന്നും ഗബ്രി പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ജാസ്മിൻ ഗബ്രിയുമായി പിണങ്ങിയിരുന്നുവെങ്കിലും ഗബ്രി ഷോയിൽ നിന്നും പുറത്താകുന്നത് വരെ വളരെ വലിയ ആത്മബന്ധമാണ് ഇരുവരും ഹൗസിനുള്ളിൽ പുലർത്തിയത്.
ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ ഇത്തവണത്തെ കിരീടം ജാസ്മിൻ തന്നെ നേടണമെന്ന് പറയുകയാണ് ഗബ്രി. സീസൺ 4 ലെ പോലെ പുറത്തായതിന് പിന്നാലെ റോബിൻ തന്റെ അടുത്ത സുഹൃത്തായ ദിൽഷയ്ക്ക് വേണ്ടി പുറത്ത് നിന്ന് വോട്ട് തേടിയത് പോലെ ഗബ്രിയും ജാസ്മിന് വേണ്ടി വോട്ട് പിടിക്കുമോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഗബ്രിയുടെ വാക്കുകളിലേക്ക്

'ജാസ്മിൻ ബിഗ് ബോസ് മലയാളം സീസൺ കിരീട് നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ജാസ്മിന് ഞാൻ പുറത്ത് നിന്ന് പൂർണ പിന്തുണ കൊടുക്കേണ്ട കാര്യമില്ല, അവിടെയിരുന്ന് അവൾ ഗെയിം കളിക്കുന്നുണ്ടെങ്കിൽ പിന്നെ ഞാൻ എന്തെങ്കിലും സപ്പോർട്ട് ഇവിടെ കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ജാസ്മിൻ വളരെ നല്ലൊരു പ്ലയർ ആണ്. ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ചെയ്യുമോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി.
ബിഗ് ബോസിൽ അർജുനും ശ്രീതുവും തമ്മിൽ പ്രണയമില്ല. അവർ തമ്മിൽ വെറും സൗഹൃദം മാത്രമാണ്. ഇത് തന്നെയാണ് എന്റേയും ജാസ്മിന്റേയും സൗഹൃദത്തിൽ സംഭവിച്ചത്. പ്രേക്ഷകർ ആഗ്രഹിക്കുന്നുവെന്ന് കരുതി രണ്ട് പേർക്ക് പ്രേമിച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലല്ലോ. അത് ശ്രീതുവിനും അർജുനും തോന്നണ്ടേ അത്.
അർജുൻ ശ്രീതുവിനെ പ്രൊപ്പോസ് ചെയ്തിരുന്നില്ലേയെന്ന ചോദ്യത്ത് ജീവിതകാലം മുഴുവൻ ഒന്നിച്ച് ഉണ്ടാകാമോയെന്ന് ചോദിച്ചല്ലേയുള്ളൂ അല്ലാതെ വിവാഹം കഴിക്കാമോ എന്നല്ലല്ലോയെന്നായിരുന്നു ഗബ്രിയുടെ പ്രതികരണം. 'ജീവിതകാലം മുഴുവൻ എന്താ സുഹൃത്തുക്കളായി ഇരുന്നൂടെ? എന്റെ 27 വർഷക്കാലമായുള്ള സുഹൃത്ത് എനിക്ക് ഒപ്പം ഉണ്ട്. ഞാൻ നാളെ മരിച്ചാൽ അവൻ എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരുന്നുവെന്ന് പറയാൻ സാധിക്കില്ലേ. നല്ലൊരു റൊമാൻസ് കാണാൻ ഇഷ്ടപ്പെടാത്തവര് ആരാണ് ഉള്ളത്. സിനിമയിൽ റൊമാൻസ് കൊണ്ടുവരുന്നത് പ്രേക്ഷകർക്ക് ഇഷ്ടമായത് കൊണ്ടല്ലേ. ശ്രീതുവും അർജുനും പ്രണയിക്കുന്നെങ്കിൽ പ്രണയിക്കട്ടെ, സുഹൃത്തുക്കളെങ്കിൽ അങ്ങനെ.അത് അവരുടെ വ്യക്തിപരമായ കാര്യം. അവർ തരുന്നത് ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആസ്വദിക്കുക. വിമർശിക്കുന്നെങ്കിൽ വിമർശിക്കുക. അതാണ് ബൗണ്ടറി. എനിക്കും ജാസ്മിനും കിട്ടാതിരുന്നതും അതാണ്. ഇപ്പോൾ ക്ലാരിറ്റി കിട്ടണമെന്ന് പറഞ്ഞാൽ നടക്കുമോ. പറ്റില്ലെങ്കിൽ പറ്റില്ലെന്നല്ലേ പറയാൻ സാധിക്കൂ', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications