ബിഗ് ബോസ് സീസൺ 6 ലേക്ക് റിനോഷ് ജോർജ് എത്തുമോ? മറുപടി ഇങ്ങനെ.. 'അന്ന് പോയത് ആ രണ്ട് കാര്യത്തിന്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിനോഷ് ജോർജ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ നിന്നും സ്വയം പുറത്തിറങ്ങേണ്ടി വന്നു. സീസൺ അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുമ്പോൾ ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവത്തെ കുറിച്ച് വാചാലനാവുകയാണ് റിനോഷ്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഗ് ബോസിൽ പോയതിന് ശേഷം ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും ശരീരഭാരം കുറഞ്ഞതിനെ കുറിച്ച ചോദ്യങ്ങൾക്കുമെല്ലാം റിനോഷ് മറുപടി നൽകുന്നുണ്ട്.
'നല്ല ബന്ധങ്ങൾ ഇല്ലെങ്കിൽ നമ്മൾ സീറോ ആണ്. എനിക്ക് അധികം സൗഹൃദങ്ങൾ ഇല്ല, എന്നാൽ അവരാണ് എന്റെ കരുത്ത്. ബിഗ് ബോസിൽ പോയി വന്നപ്പോൾ മെലിഞ്ഞുപോയി. എല്ലാവരും തടി വെയ്ക്കാനൊക്കെ പറയും.പക്ഷേ സാധിക്കുന്നില്ല. ബിഗ് ബോസിൽ വെച്ച് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് നമ്മുക്ക് ലഭിച്ചത്. പുറത്ത് വന്നപ്പോഴും നമ്മളെ സംബന്ധിച്ച് ആ ഭക്ഷണം മതി. വീട്ടിലെത്തി കഴിക്കാനൊക്കെ നോക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. കുറഞ്ഞ ഭക്ഷണം എനിക്ക് ഒകെയാണ്. മെലിഞ്ഞപ്പോൾ കുറച്ചൂടെ കംഫേർട്ടായി.

ജുനൈസ് ഒക്കെ ബിഗ് ബോസിൽ എത്തുമ്പോൾ വളരെ വണ്ണം ഉണ്ടായിരുന്നു. എന്നാൽ അവൻ അവിടെ എത്തിയപ്പോൾ ഭയങ്കരമായി മെലിഞ്ഞു. നമ്മുക്ക് ആദ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഭക്ഷണത്തിന്റെ കാര്യത്തിൽ. പക്ഷേ പിന്നീട് നമ്മൾ അതിനോട് താതാമ്യപ്പെടും.
ബിഗ് ബോസിൽ പോകുമ്പോൾ അടിപൊളിയൊക്കെയാണ്. എന്നിരുന്നാലും പല കാര്യങ്ങളും ഉണ്ട്. എന്നെ സൈക്കോളജിക്കലിയൊക്കെ ബാധിച്ചു. പോയപ്പോൾ നമ്മളെ ആരും അറിയില്ല. എന്നാൽ ഇറങ്ങിയപ്പോൾ നമ്മളെ എല്ലാവർക്കും അറിയാം,നമ്മുക്ക് അവരെ അറിയില്ല. ഇറങ്ങിയപ്പോൾ ഞാൻ മുറിയിൽ അടച്ചിരുന്ന് കുറെ ആലോചിച്ച് കൂട്ടുമായിരുന്നു. ഇനി ബിഗ് ബോസിൽ പോകാൻ എനിക്ക് ആകുമോ ചോദിച്ചാൽ ഇല്ല. ബിഗ് ബോസ് എന്തെന്ന് മനസിലാക്കാതെയാണ് ഞാൻ പോയത്.സന്തോഷവും സങ്കടവുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്തായാലും അതൊക്കെ അവിടെ ഇരിക്കട്ടെ, ഞാൻ ഹാപ്പിയായി ഇവിടെ ഇരുന്നോളാം.
ബിഗ് ബോസിലേക്ക് ആദ്യം വിളിച്ചപ്പോൾ പുച്ഛ ഭാവത്തോടെയാണ് പോയത്. ആദ്യ സീസണിൽ വിളിച്ചപ്പോഴൊന്നും ഞാൻ പോയിട്ടില്ല. പക്ഷേ അഞ്ചാമത്തെ സീസണിലേക്ക് പോയത് എന്റെ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ അൾട്ടിമേറ്റിലേക്ക് പോകുമോയെന്ന ചോദ്യം വന്നാൽ പോകും എന്ന് ഇപ്പോൾ പറയാനാകില്ല, സാഹചര്യം പോലെയായിരിക്കും.
ആളുകൾ തിരിച്ചറിയണം എന്നതായിരുന്നു എന്റെ ആഗ്രഹം. ബിഗ് ബോസ് എന്നത് വലിയൊരു പ്ലാറ്റ്ഫോം ആണ്. വലിയ റീച്ചാണ് അതിനുള്ളത്. പ്രേക്ഷകർക്കിടയിൽ നോട്ടീസ് ചെയ്യപ്പെടും. പബ്ലിസിറ്റിക്ക് വേണ്ടി തന്നെയാണ് ബിഗ് ബോസിൽ പോയത്. പിന്നെ പൈസയുടെ ആവശ്യവും ഉണ്ടായിരുന്നു. ഞാൻ അവരോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. അൾട്ടിമേറ്റിൽ പോകുമോയെന്നൊന്നും ഇപ്പോൾ പറയാനാകില്ല. കാരണം മനുഷ്യന്റെ ആവശ്യങ്ങളാണ്. പൈസ, പ്രശസ്തി, അവസരങ്ങൾ..അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാകില്ല. അന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും', റിനോഷ് പറഞ്ഞു.












Click it and Unblock the Notifications