സായി കൃഷ്ണ പുറത്താകുമോ?,നിയമം ലംഘിച്ചു, നിർത്തിപ്പൊരിച്ച് ബിഗ് ബോസ്, അവസാന താക്കീത്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയവരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് സായി കൃഷ്ണയുടേതാണ്. യുട്യൂബർ ആയ സായി സീക്രട്ട് ഏജന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് എന്ന ഗെയിം ഷോയെ കുറിച്ച് കൃത്യമായി നിരീക്ഷിച്ച് നിഷ്പക്ഷമായ അഭിപ്രായങ്ങൾ പങ്കിടുന്ന യുട്യൂബർ കൂടിയാണ് സായി എന്നും അതിനാൽ മികച്ച ഗെയിം തന്നെ താരം പുറത്തെടുക്കുമെന്നുമൊക്കെയായിരുന്നു സായിയുടെ വരവിൽ ആരാധകർ പങ്കിട്ട പ്രതീക്ഷകൾ.
എന്നാൽ ഹൗസിൽ കയറിയ സായി ആരാധകരുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചെന്ന അഭിപ്രായങ്ങൾ ശക്തമാണ്. ശക്തമായൊരു ശബ്ദമാകാനോ ഇടപെടാനോ ഹൗസിനുള്ളിലുള്ളവരെ പൊളിക്കാനോ സായിക്ക് സാധിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. അതിനിടയിൽ ഇപ്പോഴിതാ പുറത്ത് നടക്കുന്ന കാര്യങ്ങൾ ഹൗസിൽ പറഞ്ഞതിന് സായിക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. പുറത്തെ കാര്യങ്ങൾ പറഞ്ഞതിനാണ് നടപടി.

ഹൗസിൽ കയറി നിമിഷങ്ങൾക്കുള്ളിൽ തന്നെ സായി കൃഷ്ണ ജാസ്മിൻ ജാഫറിനോട് പുറത്ത് നടന്ന പല കാര്യങ്ങളും വിശദീകരിച്ചിരുന്നു. ജാസ്മിൻ-ഗബ്രി കോംമ്പോയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ, കുടുംബത്തിന്റെ പ്രതികരണം, പ്രതിശ്രുത വരൻ രംഗത്തെത്തിയത് ഇതെല്ലാം ജാസ്മിന് സായി കൃത്യമായി പറഞ്ഞ് കൊടുത്തിരുന്നു. വൈൽഡ് കാർഡ് ആയി എത്തുന്നവർ പുറത്ത് നിന്നുള്ള സംഭവങ്ങൾ സംസാരിക്കരുതെന്ന് കർശന നിർദ്ദേശം ഉള്ളിരിക്കെ ഇത്തരത്തിൽ സായി നടത്തിയ നിയമലംഘനത്തിനെതിരെ അന്ന് തന്നെ ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ പുറത്തെ കാര്യങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് സായിക്ക് ബിഗ് ബോസ് അവസാന താക്കീത് നൽകിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും ലീവിങ് റൂമില്‍ വിളിച്ച് വരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം പറഞ്ഞത്.
'സായി പുറത്തെ കാര്യങ്ങൾ പറഞ്ഞതിന് കൃത്യമായ താക്കീത് തന്നതാണ്. ഇനി ആംഗ്യ ഭാഷയിലൂടെയോ പുറത്തെ കോഡിലൂടെയോ പറഞ്ഞ് കഴിഞ്ഞാൽ അവസാന വാണിങ് ആണ് കർശന നടപടിയുണ്ടാകും', എന്നായിരുന്നു ബിഗ് ബോസിന്റെ വാക്കുകൾ. എന്തായാലും ഇനി സായി കൃഷ്ണ ഇത്തരത്തിൽ സംസാരിച്ചാൽ താരത്തെ ഹൗസിൽ നിന്നും പുറത്താക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം വൈൽഡ് കാർഡായി എത്തിയവർ ഹൗസിനുള്ളിൽ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന അഭിപ്രായം പ്രേക്ഷകർ പങ്കിടുന്നുണ്ട്. എന്നാൽ പ്രതീക്ഷിച്ച മത്സരാർത്ഥികൾ അല്ല മറിച്ച് പ്രതീക്ഷയില്ലാതിരുന്ന വൈൽഡ് കാർഡുകളാണ് മികച്ച രീതിയിൽ മുന്നേറുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഡി ജെ സിബിൻ ഇത്തരത്തിൽ പ്രതീക്ഷ നൽകാതെ വന്ന് കളം നിറയുകയാണെന്ന അഭിപ്രായമാണ് ചിലർ പങ്കിടുന്നത്. സാബു മോന് ശേഷം മികച്ച നിലയിൽ സംസാരിച്ച് മുന്നേറാൻ പറ്റുന്ന നല്ല ഗെയിമറാണ് സിബിൻ എന്നാണ് ചിലർ ബിഗ് ബോസ് ഗ്രൂപ്പുകളിൽ കുറിച്ചത്.
കഴിഞ്ഞ ദിവസതെ ഡീബേറ്റ് ടാസ്കിലെ സിബിന്റെ പ്രകടനം അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. നന്നായി സംസാരിക്കുന്ന കഴിവ് മാത്രമല്ല നല്ലൊരു എന്റെർടെയിനറും കൂടിയാണ് സിബിൻ എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ നിലയക്ക് മുന്നേറാൻ സിബിന് സാധിച്ചാൽ തീർച്ചയായും ബിഗ് ബോസ് സീസൺ 6 ന്റെ ടോപ് ഫൈവിൽ വരാൻ അർഹതയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.അങ്ങനെയെങ്കിൽ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വൈൽഡ് കാർഡ് കപ്പടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications