ശ്രീതുവും അർജുനും ഒന്നാവുമോ? താരത്തിന്റെ മറുപടി ഇങ്ങനെ; 'കേരളത്തിൽ സെറ്റിലാകുമോയെന്ന് പറയാനാകില്ല'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കോമ്പോ ആയിരുന്നു ശ്രീതുവും അർജുനും. സാവധാനം കൂട്ടായി പിന്നീട് വളരെ വലിയ ആത്മബന്ധം പുലർത്തിയവരാണ് ഇരുവരും. ഈ കൂട്ടുകെട്ടിനെ 'ശ്രീജുൻ' എന്ന പേരിലായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ശ്രീതുവും അർജുനും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം കോർത്തിണക്കി ആരാധകർ റീലുകൾ ആഘോഷിച്ചു. ഷോ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടിയിരുന്നത് ഇരുവരുടേതും പ്രണയമാണോയെന്നായിരുന്നു. ഇപ്പോഴിതാ ശ്രീതു തന്നെ അതിന് മറുപടി നൽകുകയാണ്. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ശ്രീതു അർജുനുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് മനസ് തുറന്നത്.
ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും ഷോ കഴിഞ്ഞപ്പോൾ ലഭിച്ച സ്വീകാര്യതയെ കുറിച്ചുമെല്ലാം താരം സംസാരിച്ചു. തമിഴ് പെൺകുട്ടിയെന്ന നിലയിൽ ഷോയിൽ തനിക്ക് ഒരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലെന്നും ശ്രീതു പറഞ്ഞു. ഇനി ചെന്നൈയിൽ നിന്നും മാറി കേരളത്തിൽ സെറ്റിലാകാൻ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് താൻ ഇതുവരെ അതൊന്നും ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ശ്രീതുവിന്റെ വാക്കുകളിലേക്ക്

'കേരളത്തിൽ വന്ന് സെറ്റിലാവേണ്ടത് ഞാൻ ആലോചിച്ചിട്ടില്ല. ഭാവിയിൽ നടക്കുമോയെന്ന് അറിയില്ല, പറയാൻ പറ്റില്ല, എന്തും നടക്കാം. ഭാവി നമ്മുക്ക് പ്രവചിക്കാൻ പറ്റില്ലല്ലോ. എന്തും സംഭവിക്കാം. ബിഗ് ബോസ് പുറത്ത് നിന്ന് കാണുന്നത് പോലയേ അല്ല. ഞാനും ബിഗ് ബോസ് കാണുമായിരുന്നു. എന്തിനാണ് എല്ലാവരും ഇങ്ങനെ ബഹളം വെക്കുന്നതെന്ന് നമ്മുക്ക് തോന്നും. പക്ഷെ അവിടെ ആ സാഹചര്യത്തിലാകുമ്പോൾ മാത്രമേ എന്തുകൊണ്ട് അത്തരത്തിലൊക്കെ പ്രതികരിച്ചുവെന്ന് മനസിലാവുകയുള്ളൂ.
മലയാളം വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ ചില ടാസ്ക് ലെറ്ററൊന്നും വായിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു. അത് മംഗ്ലീഷിലാക്കി തരുമോയെന്ന് ഞാൻ ബിഗ് ബോസിനോട് ഒരുപാട് കെഞ്ചിയിരുന്നു. 50 ദിവസം കഴിഞ്ഞപ്പോൾ മംഗ്ലീഷിൽ ആക്കി തന്നു. ആ ആഗ്രഹം അദ്ദേഹം നടത്തി തന്നു. ബിഗ് ബോസ് സീസൺ 6 ലെ എന്റെ ഫേവറൈറ്റ് വ്യക്തിയാരെന്ന് ചോദിച്ചാൽ ഒരുപാട് പേരുണ്ട്. കാരണം എല്ലാവരും ഓരോരോ ക്യാരക്ടർ ആണ്. എങ്കിലും ഫേവറൈറ്റ് ആരെന്ന് ചോദിച്ചാൽ അത് അർജുനാണ്. കാരണം അവൻ എന്നെ പോലെ തന്നെയാണ് . ജെനുവിനാണ്. വളരെ പ്ലാനിങ്ങോടെ അവിടെ വന്നവർ ഉണ്ട്. എന്നാൽ ഞങ്ങൾ അവിടുത്തെ ഒഴുക്കിന് അനുസരിച്ചാണ് പ്രതികരിച്ചത്.
മറക്കാൻ പറ്റാത്ത നിമിഷം എന്ന് പറയുന്നത് കാപ്റ്റൻസിയും ബിഗ് ബോസ് ഹൗസിലെ പിറന്നാൾ ആഘോഷവുമായിരുന്നു. വിഷമം തോന്നിയ നിമിഷം പുറത്തായതാണ്. നിനക്ക് എന്തേലും എന്നോട് പറയാൻ ഉണ്ടായിരുന്നോയെന്ന് പുറത്തായപ്പോൾ അർജുനോട് ചോദിച്ചത് മറ്റെന്തെങ്കിലും മനസിൽ ഉണ്ടായിട്ടല്ല. മറിച്ച് ബാക്കിയെല്ലാവരും റീഎൻട്രി നടത്തിയല്ലോ, ഞാൻ ആണെങ്കിൽ ഫിനാലേയ്ക്ക് തൊട്ട് മുൻപാണ് പുറത്തായത്. അതുകൊണ്ട് ഇനി ഹൗസിലേക്ക് തിരികെ കയറാൻ സാധിക്കില്ലേയെന്നായിരുന്നു ആശങ്ക. ആ സമയത്ത് സംസാരിച്ചതാണ്. അല്ലാതെ മറ്റൊന്നുമില്ല.
അർജുനുമായുള്ള കോമ്പോ ഒരിക്കലും സ്ട്രാറ്റജി ആയിരുന്നില്ല. അത് ഓർഗാനിക് ആയി സംഭവിച്ചതാണ്. അത് ഞങ്ങൾ രണ്ട് പേർക്കും അറിയാം. ഉണ്ടാക്കണമായിരുന്നുവെങ്കിൽ തുടക്കം മുതൽ തന്നെ ഉണ്ടാക്കണമായിരുന്നു. ഞങ്ങൾക്ക് പരസ്പരം അറിയില്ലല്ലോ. എങ്ങനെ അർജുനുമായി കണക്ടായി എന്ന് സത്യസന്ധമായി എനിക്ക് അറിയില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. ഞങ്ങളെ മാത്രമാണ് അവിടെ കോമ്പോ എന്ന് പറയുന്നത്.അതെനിക്ക് ഇഷ്ടമല്ലായിരുന്നു. അവിടെ പല കോമ്പോകളും ഉണ്ടായിരുന്നില്ലേ.അർജുനിൽ കണ്ട നല്ല ക്വാളിറ്റി ആളൊരു നല്ല മനുഷ്യനാണ്. അവന്റെ കെയറിങ്, ജെനുവിറ്റി എല്ലാം ഇഷ്ടമാണ്', ശ്രീതു പറഞ്ഞു.
ശ്രീതും അർജുനും ഒന്നാവുമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും ഞങ്ങളുടേത് സൗഹൃദം മാത്രമാണെന്നും ശ്രീതു പറഞ്ഞു. ഭാവിയിലും സൗഹൃദം തന്നെയായിരിക്കും. വെറുതെ ചർച്ചയാക്കി കുളമാക്കരുത്. ശ്രീജുൻ റീലുകളൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്', താരം വ്യക്തമാക്കി.












Click it and Unblock the Notifications