ബിഗ് ബോസ് സീസണ്‍ 7 കിരീടം ചൂടി അനുമോള്‍.. അനീഷിന് രണ്ടാം സ്ഥാനം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ വിജയിയായി അനുമോള്‍. വാശിയേറിയ മത്സരത്തില്‍ ഈ സീസണിലെ കോമണറായി എത്തിയ അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുമോള്‍ ബിഗ് ബോസ് കിരീടം ചൂടിയത്. സീസണ്‍ 4 ലെ ദില്‍ഷയ്ക്ക് ശേഷം മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന വനിത കൂടിയാണ് അനുമോള്‍. സീസണ്‍ 7 ല്‍ ഷാനവാസ് മൂന്നാം സ്ഥാനത്തും നെവിന്‍ നാലാം സ്ഥാനത്തും അക്ബര്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
50 ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിയായ അനുമോള്‍ക്ക് ലഭിക്കുക. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് ട്രോഫിയും അനുമോള്‍ക്ക് സമ്മാനിച്ചു. ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമായിരുന്നു. നൂറയും ആദിലയും അവസാനത്തെ ആഴ്ചകളില്‍ ഫൈനലില്‍ എത്തും എന്ന് ഉറപ്പിച്ചതായിരുന്നു.

നൂറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ ലൈഫും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം ആദിലയും പിന്നീട് അവസാന നിമിഷം നൂറയും എവിക്ട് ആയതോടെ അവസാന അഞ്ചില്‍ അനുമോള്‍ മാത്രം വനിതയായി അവശേഷിച്ചു. ശക്തമായ മത്സരമാണ് അനീഷ് അനുമോള്‍ക്ക് ഉയര്‍ത്തിയത്. ഒരു കോമണറായി എത്തി ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായത് കൊണ്ട് തന്നെ അനീഷിന്റെ നേട്ടവും വിലമതിക്കാനാകാത്തതാണ്.
മൈജി കോണ്‍ടെസ്റ്റില്‍ വിജയി ആയാണ് അനീഷ് ബിഗ് ബോസില്‍ കോമണറായി മത്സരിക്കാന്‍ യോഗ്യത നേടിയത്. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു സീസണ്‍ സെവന്‍. ഫൈനല്‍ വരേയും ആ നാടകീയത തുടര്‍ന്നു. ആദ്യം അക്ബറും പിന്നീട് നെവിന്‍, ഷാനവാസ് എന്നിവരും എവിക്ടായതോടെ ബിഗ് ബോസ് ഹൗസില്‍ അനീഷും അനുമോളും മാത്രമായി.
ഇതോടെ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹന്‍ലാല്‍ തന്നെ ഗ്രാന്‍ഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ഒടുവില്‍ അനുമോളുടെ കൈ പിടിച്ച് ഉയര്‍ത്തി വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം അനുവിന്റെ വിജയം പിആര്‍ ആണ് എന്ന ആക്ഷേപം ഒരു കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഈ സീസന്റെ 90 ശതമാനത്തിലധികം കണ്ടന്റും നല്‍കിയ മത്സരാര്‍ത്ഥിയാണ് അനുവെന്നും പോസിറ്റീവ് ആയും നെഗറ്റീവ് ആയും വലിയ ഇംപാക്റ്റുകള്‍ ഉണ്ടാക്കിയ മത്സരാര്‍ത്ഥിയ്ക്ക് തന്നെയാണ് കിരീടം ലഭിച്ചത് എന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് മറുഭാഗം ഇതിനെ പ്രതിരോധിക്കുന്നത്.












Click it and Unblock the Notifications