വിക്ടിം കാര്‍ഡ് വേണ്ട, സേഫ് ഗെയിം കളിച്ചാല്‍ 'മോഹന്‍ലാലിനേയും' പറപ്പിക്കും; ബിഗ് ബോസ് പുതിയ പ്രോമോ
മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 7 ന്റെ പ്രോമൊ പുറത്ത്. ഇത്തവണ വമ്പന്‍ മാറ്റങ്ങളായിരിക്കും മത്സരാര്‍ത്ഥികളിലും ഗെയിമിലും ഉണ്ടാകുക എന്ന സൂചനയാണ് പുതിയ പ്രോമോയും പങ്ക് വെക്കുന്നത്. ഏഴാം സീസണ്‍ ആയതിനാല്‍ തന്നെ ഏഴിന്റെ പണി എന്ന ടാഗ്ലൈനോടെയാണ് പുതിയ പ്രോമോ എത്തിയിരിക്കുന്നത്.
അവതാരകനായ മോഹന്‍ലാല്‍ കലിപ്പ് ഗെറ്റപ്പിലും ഡയലോഗിലും ആണ് എത്തിയിരിക്കുന്നത്. വിക്ടിം കാര്‍ഡിറക്കി കളിക്കുന്നവര്‍ക്കും നന്മമരങ്ങള്‍ക്കും വാഴകള്‍ക്കും ഒക്കെ നല്ല പണിയാണ് ഈ സീസണില്‍ കാത്തിരിക്കുന്നത് എന്നാണ് പ്രോമോ പറയുന്നത്. രസിപ്പിക്കാന്‍ വന്നവര്‍ വെറുപ്പിച്ചാല്‍ ഇനി താന്‍ അതിന് സമ്മതിക്കില്ല എന്നാണ് മോഹന്‍ലാല്‍ പ്രോമോയില്‍ പറയുന്നത്. ടാസ്‌ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം.

നല്ല ടാസ്‌ക് അല്ലെങ്കില്‍ കമ്മിറ്റിക്കും പണി കിട്ടും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ശേഷം ഇരട്ടവേഷത്തില്‍ എത്തി സേഫ് ഗെയിം എന്ന് പറഞ്ഞത് അവതാരകനെ കൂടി ഉദ്ദേശിച്ചാണ് എന്ന് കൂടി മോഹന്‍ലാല്‍ പറയുന്നു. വീണ്ടും എന്നെ മഴയത്ത് നിര്‍ത്തരുത്, മുണ്ട് മടക്കി കുത്തിക്കരുത് എന്ന് പറഞ്ഞ് കൊണ്ടാണ് പ്രോമോ അവസാനിക്കുന്നത്. അതേസമയം എന്നായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.
എന്‍ഡമോള്‍ കമ്പനി നെതര്‍ലന്‍ഡ്സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍ ഗ്രൂപ്പിന്റെ മിക്ക ഭാഷകളിലും ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. 2018 ല്‍ ആണ് മലയാളത്തിലെ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ആദ്യ സീസണിവ്# ജേതാവായത്.
രണ്ടാം സീസണ്‍ കൊവിഡ് കാരണം 75 ദിവസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ചു. മൂന്നാം സീസണും കൊവിഡ് തടസപ്പെടുത്തിയിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. മണിക്കുട്ടന്‍ ആയിരുന്നു ഈ സീസണിലെ ജേതാവ്. നാലാം സീസണില്‍ ദില്‍ഷ പ്രസന്നന്‍ ജേതാവയപ്പോള്‍ അഞ്ചാം സീസണില്‍ അഖില്‍ മാരാരും ആറാം സീസണില്‍ ജിന്റോയും ആയിരുന്നു ബിഗ് ബോസ് കിരീടം ചൂടിയത്.
ഇത്തവണ രേണു സുധി, അലിന്‍ ജോസ് പെരേര, ആര്‍ജെ അഞ്ജലി, ബബിത ബാബി, അമയ പ്രസാദ്, അക്ബര്‍ ഖാന്‍ എന്നിവര്‍ ബിഗ് ബോസില്‍ എത്തിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications