ബിഗ് ബോസില്‍ ആരൊക്കെ? ആകാംക്ഷയ്ക്ക് വിരാമമാകുന്നു, ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ ടീസര്‍ പുറത്ത്. ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയോടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ എമ്പുരാന്റേയും തുടരുമിന്റേയും റെഫറന്‍സോടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
നേരത്തെ മോഹന്‍ലാലിന്റെ ടീസറിലെ ലുക്ക് പുറത്ത് വന്നിരുന്നു. എന്നാല്‍ ദിലീപ് ചിത്രം ഭഭബയിലെ അതിഥി വേഷത്തിന്റെ ഗെറ്റപ്പാണിത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറക്കിയതോടെ ഈ അഭ്യൂഹത്തിന് വിരാമമായിരിക്കുകയാണ്. അതേസമയം ബിഗ് ബോസ് സീസണ്‍ 7 ല്‍ എന്തൊക്കെ സര്‍പ്രൈസാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ടീസര്‍ പ്രകാരം ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് ബിഗ് ബോസ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത് എന്നാണ് സൂചന. ടാസ്‌ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. അതിനിടെ ബിഗ് ബോസ് ഈ സീസണിലേക്ക് ആരൊക്കെയായിരിക്കും മത്സാരാര്‍ത്ഥികളായി എത്തുക എന്ന് അറിയാനും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രേണു സുധി, അലിന്‍ ജോസ് പെരേര, ആര്‍ജെ അഞ്ജലി, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി നിരവധി പേരുടെ പേര് പലരും ഈ സീസണിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും യാതൊരു സ്ഥിരീകരണവുമില്ല. മുന്‍ സീസണുകളിലേത് പോലെ ഒരു കോമണര്‍ക്കും ഈ സീസണില്‍ മത്സരിക്കാം എന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാനും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.
ഇതിനായി ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുള്ള മൈജി ബിഗ് എന്‍ട്രി ബൂത്തില്‍ വച്ച് തങ്ങളെക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് 50 എംബിയില്‍ bb7.jiostar.com എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ ജൂലൈ 10 ആണ്. അഞ്ചാം സീസണ്‍ മുതല്‍ ആണ് കോമണേഴ്‌സിനെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ച് തുടങ്ങിയത്.
എന്‍ഡമോള്‍ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. 2018 ല്‍ ആണ് മലയാളത്തിലെ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് ജേതാവായത്. രണ്ടാം സീസണ്‍ കൊവിഡ് കാരണം 75 ദിവസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ചു.
മൂന്നാം സീസണിലും കൊവിഡ് തടസമായെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. മണിക്കുട്ടന്‍ ആയിരുന്നു ജേതാവ്. നാലാം സീസണില്‍ ദില്‍ഷ പ്രസന്നനും അഞ്ചാം സീസണില്‍ അഖില്‍ മാരാരും ആറാം സീസണില്‍ ജിന്റോയും ആയിരുന്നു ബിഗ് ബോസ് കിരീടം ചൂടിയത്.












Click it and Unblock the Notifications