ബിഗ് ബോസ് സീസൺ 6 അൾട്ടിമേറ്റ്? അഖിൽ മാരാർ ഉണ്ടാകില്ല, കാരണം പറഞ്ഞ് രജിത് ,'അങ്ങനെ നടന്നാൽ താനും പോകില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെയിൽ വെച്ച് അടുത്ത സീസൺ ഉണ്ടാകുമെന്ന് അവതാരകനായ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത സീസൺ ഒരു സീസൺ ഓഫ് അട്ടിമേറ്റ് ആകുമോ അതോ സാധാരണ പോലുള്ള സീസണാകുമോയെന്നൊന്നും വ്യക്തമല്ല. മറ്റ് ഭാഷകളിൽ മുൻ മത്സരാർത്ഥികളെ ഉൾപ്പെടുത്തി അൾട്ടിമേറ്റ് സീസൺ ഉണ്ടായിട്ടുണ്ടെന്നത് കൊണ്ട് തന്നെ മലയാളത്തിലും അത്തരമൊരു സീസൺ വേണമെന്ന ചർച്ചകൾ ആരാധകർക്കിടയിലുണ്ട്. എന്നാൽ അത്തരമൊരു സീസൺ ഉണ്ടായാൽ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുക?
എന്തായാലും അഖിൽ മാരാർ അൾട്ടിമേറ്റിൽ ഉണ്ടാകില്ലെന്ന് പറയുകയാണ് രജിത് കുമാർ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് രജിതിന്റെ പ്രതികരണം. സീസൺ 6 അൾട്ടിമേറ്റ് ആണെങ്കിൽ ആരൊക്കെയാകും മത്സരിക്കാൻ സാധ്യതയുള്ളതെന്നും വീഡിയോയിൽ രജിത് കുമാർ പറയുന്നു. വായിക്കാം

'ബിഗ് ബോസ് മലയാളം സീസൺ 6 വരുമെന്ന് ലാലേട്ടൻ പറഞ്ഞ് കഴിഞ്ഞു. അത് അൾട്ടിമേറ്റ് ആയിരിക്കുമോ അതോ മറ്റൊരു സാധാരണ സീസൺ ആയിരിക്കുമോയെന്നത് അനൗൺസ് ചെയ്തിട്ടില്ല. ഒരുപക്ഷേ അതൊരു അൾട്ടിമേറ്റ് സീസൺ ആയിരിക്കാം. സീസൺ 4 ഉം 5 ഉം കഴിഞ്ഞപ്പോൾ പലരും എന്നോട് പറഞ്ഞു ബിഗ് ബോസ് അൾട്ടിമേറ്റ് വരികയാണെങ്കിൽ അഖിൽ മാരാരും റോബിനും രജിത് കുമാറുമൊക്കെ തമ്മിലുള്ള മത്സരം കാണാൻ കാത്തിരിക്കുകയാണെന്ന്.
കോമൺ സെൻസ് വെച്ച് ആലോചിക്കൂ ഏതൊരു സീസൺ കഴിഞ്ഞിറങ്ങുമ്പോഴും മത്സരാർത്ഥികൾക്ക് ഫോളോവേഴ്സ് ഉണ്ടാകും. അതുകൊണ്ട് തന്നെ ഒരു സീസൺ കഴിഞ്ഞ പാടെ ഒരു അൾട്ടിമേറ്റ് വെക്കുമ്പോൾ മുൻ സീസണിലെ മത്സരാർത്ഥികൾക്ക് പിന്തുണ കൂടുതലായിരിക്കുമെന്ന് ബിഗ് ബോസ് ടീമിനറിയാം. അതുകൊണ്ട് തന്നെ അതൊരു ജുഡീഷ്യസ് വിജയം ആകില്ല.
അതിനാൽ സീസൺ 6 എന്നത് അൾട്ടിമേറ്റ് ആണെങ്കിൽ സീസൺ 5 ൽ നിന്നും ആരേയും തെരഞ്ഞെടുക്കാൻ സാധ്യത ഇല്ല. ഇനി അൾട്ടിമേറ്റിലേക്ക് കഴിഞ്ഞ നാല് സീസണുകളിൽ നിന്ന് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ മുൻനിരയിൽ നിന്ന് കളിച്ച് ടിആർപി ഉൾപ്പെടെ ഉയർത്തിയ, എന്റർടെയ്ൻമെന്റ് കാഴ്ച വെയ്ക്കുകയും ചെയ്ത ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരാത്ത മത്സരാർത്ഥികളെയാകും തിരഞ്ഞെടുക്കുകയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിലപ്പോൾ മൂന്നാം സ്ഥാനത്തുള്ളവരേയും എടുക്കാൻ സാധ്യതയില്ല.
വിജയിച്ചവരെ തന്നെ എടുത്ത് അവർക്ക് സമ്പത്ത് കൊടുക്കുന്നത് അന്യായമല്ലേ.
പല സാഹചര്യങ്ങൾക്കൊണ്ടും മുന്നോട്ട് വരാൻ കഴിയാത്ത മത്സരാർത്ഥികൾ ഉണ്ട്. അവരെ ചേർത്ത് കൊണ്ടായിരിക്കണം അൾട്ടിമേറ്റ്. 1 മുതൽ നാല് വരെയുള്ള സീസണുകളിൽ ഓരോന്നിൽ നിന്നും 5 പേരെ തിരഞ്ഞെടുക്കാം. ഇങ്ങനെ വരുമ്പോൾ തന്നെ 20 പേരായി. മറ്റ് ചിലരെ വൈൽഡ് കാർഡ് ആയും തിരഞ്ഞെടുക്കാം. അത് വേണമെങ്കിൽ സീസൺ 5 ൽ നിന്നുമാകാം. പക്ഷേ അതിനായി ഗെയിം പൂർത്തിയാക്കാൻ കഴിയാത്തവരെ തിരഞ്ഞെടുക്കാം. അതായത് റിനോഷ് ജോർജിനെ പോലുള്ളവർ. വൈൽഡ് കാർഡിൽ വേണമെങ്കിൽ രണ്ടോ മൂന്നോ പുതിയ ആളുകളേയും എടുക്കാം
അൾട്ടിമേറ്റിൽ ഡോ റോബിൻ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവസാന സീസണിൽ ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ല. റോബിൻ ക്ഷമ ചോദിക്കുകയാണെങ്കിൽ ഒരുപക്ഷേ ചാൻസ് ഉണ്ടാകും. റോബിനായാലും അഖിലുമൊക്കെയായാലും എൻറെ സഹോദരങ്ങളാണ്. ഇതൊക്കെ ഒരു ഗെയിം ആണ്.
അൾട്ടിമേറ്റ് സീസണിൽ എന്റെ അഭിപ്രായത്തിൽ അഖിൽ മാരാർ മാത്രമല്ല സീസൺ 5 ലെ ഒരു മത്സരാർത്ഥികളും ഉണ്ടാകാൻ പാടില്ല. എന്നെ വിളിച്ചാൽ ഞാൻ പിആറുകാരെ ഏൽപ്പിക്കില്ല. അന്ന് ഏതെങ്കിലും സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ പോകില്ല. നല്ലൊരു ആർട്ടിസ്റ്റ് എന്ന് കൂടി പേരെടുക്കാൻ കഴിഞ്ഞാൽ ഞാൻ സന്തുഷ്ടനാണ്', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications