'അവർ കുത്തിത്തിരിപ്പുണ്ടാക്കി, സ്വർണം വാടകയ്ക്കെടുത്താണ് കെട്ടിച്ചത്, അവർ എന്റെ ശത്രുവായി'; അഖിൽ മാരാർ
കൊച്ചി: ഭാര്യ രാജലക്ഷ്മിയെ താൻ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ മുൻപ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് രാജലക്ഷ്മിയുടെ കുടുംബവുമായി തനിക്ക് അടുപ്പം ഉണ്ടായതെന്നും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് അഖിൽ. 'മൈൽസ്റ്റോൺ മേക്കേഴ്സ്' ന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം
'എന്റെ പ്രസംഗം കേട്ടിട്ടൊന്നുമല്ല, ഞാൻ യൂത്ത് കോൺഗ്രസിൽ അത്യാവശ്യം ആക്ടീവായി നിക്കുന്ന സമയത്തായിരുന്നു ഇവരുടെ അമ്മയുമായി പരിചയം ഉണ്ടാകുന്നത്. ഇവരുടെ വീടിന്റെ കോൺട്രാക്ടർ ഇവരെ പറ്റിച്ചതിനെ തുടർന്ന് 2 വർഷത്തോളം വീട് പണി പകുതിക്കായി ഇരിക്കുമ്പോൾ അത്യാവശ്യം അടിയും വഴക്കുമൊക്കെ കാണിക്കുന്ന ഒരുത്തൻ വേണമല്ലോ ,അതിനാണ് എന്നെ കൂടെ കൂട്ടിയത് (ചിരിച്ച് കൊണ്ട് അഖിൽ പറഞ്ഞു.

ഇവരുടെ അമ്മ ഒരു മാടമ്പിയാണ്, വക്കീലുമാണ്. ഇവരെ നിലക്ക് നിർത്താനാണ് ദൈവം എന്നെ സൃഷ്ടിച്ചതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനും ഇവളുടെ അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. ഇവളുടെ അമ്മയ്ക്ക് ആൺമക്കളെ വലിയ സ്നേഹമായിരുന്നു. എന്നെ പോലൊരു മകൻ എന്നതൊക്കെ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് മുടി സ്ട്രേറ്റൻ ചെയ്യാൻ 5000 രൂപയൊക്കെ തന്നിരുന്നു. വലിയ സ്നേഹമായിരുന്നു എന്നോട്. എന്നാൽ പോയി പോയി അവർ പിന്നീട് എൻറെ ശത്രുവായി.
അവൻ നിങ്ങളെ സ്വത്ത് കണ്ടിട്ട് മോളെ അടിച്ചോണ്ട് പോകാൻ വന്നവനാണെന്ന രീതിയിൽ ആരോ പറഞ്ഞ് കൊടുത്തു.ഞാൻ ആ സമയത്ത് മഹാ അലമ്പായിരുന്നു. ഇവരെ സംബന്ധിച്ച് അത്യാവശ്യം വസ്തു ഉള്ള വീട്ടുകാരാണ്. സ്വത്തൊക്കെ കിട്ടിക്കഴിഞ്ഞാൽ ഇവൻ രാഷ്ട്രീയത്തിലേക്ക് പൂർണമായും ഇറങ്ങുമോയെന്ന് പേടിച്ച ചില രാഷ്ട്രീയക്കാർ ഇവളുടെ അമ്മയുടെ അടുത്ത് പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കി കൊടുത്തു.
പിന്നെ ഇവരുടെ അമ്മ എന്നോട് സ്വത്തിനെ കുറിച്ചൊക്കെ സംസാരിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്റെ വീട്ടിൽ നിന്ന് പോലും ഒരു സെന്റ് ഭൂമി വേണ്ടെന്ന് പറഞ്ഞവനാണ് ഞാൻ. ഇവളെ കരിമണി മാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്, കേട്ടില്ല, സ്വർണം വാടകയ്ക്കെടുത്താണ് കെട്ടിച്ചത്.
ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഞാൻ രക്ഷപ്പെടും എന്ന്. എന്റെ മനസിൽ ഒരു ധാരണയുണ്ടല്ലോ 2021 ഒക്കെ ആകുമ്പോൾ ഞാൻ രക്ഷപ്പെടുമെന്ന്. അന്ന് നമ്മുടെ അഭിപ്രായമൊക്കെ ആളുകൾ കേൾക്കുന്ന ഒരു അവസ്ഥയുണ്ടാകും. അന്ന് നാലാളോട് സ്ത്രീധനം വാങ്ങരുത്, സ്ത്രീ തന്നെയാണ് ധനം എന്ന് ഞാൻ പ്രസംഗിക്കുമ്പോൾ എന്റെ കല്യാണ ഫോട്ടോ കാണിച്ച് നീ വർത്താനം പറയുന്നോയെന്ന് ചോദിച്ചാൽ ഞാൻ എന്ത് ചെയ്യും.
കരിമണി മാല മാത്രം ഇട്ട് കല്യാണം കഴിപ്പിച്ചാൽ മതിയെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇല്ല സ്വർണമിട്ടേ മകളെ വിവാഹം കഴിപ്പിക്കൂവെന്നായിരുന്നു. എന്നാൽ അതിനുള്ള പൈസയുണ്ടോ അതുമില്ല. പിന്നെ സ്വർണം ഒരു ദിവസത്തേക്ക് വാടകയ്ക്കെടുത്ത് എന്റെ തലേൽ കൊണ്ടുവെച്ചു. എന്റെ ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ച് ചോദിച്ചാൽ എല്ലാം ഞാനങ്ങ് വിളിച്ച് പറയും'












Click it and Unblock the Notifications