ഇനിയും സഹിക്കില്ല; കേസെടുക്കം: ബിഗ് ബോസ് വിവരങ്ങള്‍ ചോർത്തുന്നവരുടെ പേര് പറഞ്ഞ് ഏഷ്യാനെറ്റ്
ചെന്നൈ: ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റിന് മുമ്പേ സോഷ്യൽ മീഡിയയിൽ ചോർത്തുന്നവർക്കെതിരെ ശക്തമായ നിയമപടിക്കൊരുങ്ങി ചാനല്‍ അധികൃതർ. ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവയിലെ പ്രധാന വിവരങ്ങൾ, പ്രത്യേകിച്ച് എവിക്ഷൻ അടക്കമുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ ഏറെ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചാനൽ അധികൃതർ കർശന നിയമനടപടികൾക്ക് തുടക്കം കുറിക്കുന്നത്.
പ്രേക്ഷകരിൽ നിന്ന് വലിയ തോതിൽ ലഭിച്ച പരാതികളെ തുടർന്ന്, അടുത്ത ദിവസങ്ങളിൽ ബിഗ് ബോസ് ഹോസ്റ്റ് മോഹൻലാൽ തന്നെ ഇത്തരം അനധികൃത പ്രവൃത്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ, ചില അക്കൗണ്ടുകൾക്ക് ലീഗൽ നോട്ടീസുകളും അയച്ചിട്ടുണ്ട്. ഇതിനാൽ കുറച്ച് പ്ലാറ്റ്‌ഫോമുകൾ പിൻവാങ്ങിയെങ്കിലും, bigg boss malayalam 7, fame contents അടക്കമുള്ള ഏകദേശം 25 ഓളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അധികൃതർ പറയുന്നു.

ഇത്തരം ചോർച്ചകൾ പരിപാടിയുടെ രസവും ദൃശ്യാവശ്യവും തകർക്കുന്നതാണ്. ഉള്ളടക്കത്തിന്റെ മൂല്യത്തെ ബാധിക്കുന്നതും പ്രൊഡക്ഷൻ ടീമിന്റെ പരിശ്രമത്തെ അപമാനിക്കുന്നതുമാണ് ഈ പ്രവർത്തികൾ. അതിനാൽ, ഇത്തരം സ്വതന്ത്ര അക്കൗണ്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അറിയിക്കുകയാണെന്നും ഏഷ്യാനെറ്റ് വ്യക്തമാക്കി.
"ഒരു സസ്പെൻസ് ത്രില്ലർ സിനിമ കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വെളിപ്പെടുത്തി ആസ്വാദനം നശിപ്പിക്കുന്നവരെപ്പോലെയാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. നിരവധി പ്രേക്ഷകർ ബിഗ് ബോസ് ഷോയെ ആവേശത്തോടെ കാത്തിരിക്കുന്നു. എന്നാൽ, ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഊഹാപോഹങ്ങളും ചോർത്തിയ വിവരങ്ങളും വച്ച് ടെലികാസ്റ്റിന് മുൻപ് വിശദാംശങ്ങൾ പുറത്തുവിടുന്നു. ഇത് പ്രേക്ഷകരുടെ ആസ്വാദനം തകർക്കുന്നു," എന്നായിരുന്നു മോഹൻലാൽ നേരത്തെ നല്‍കിയ മുന്നറിയിപ്പ്.
പ്രേക്ഷകർ ഉയർത്തുന്ന പരാതികൾ തീർത്തും ന്യായമാണ്. എന്നാൽ, ഈ ഷോയെ ഉപജീവനമാർഗമാക്കുന്നവർ തന്നെ അതിനെതിരെ പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം. ആധുനിക സാങ്കേതികവിദ്യകളുടെ ഈ യുഗത്തിൽ, ഇത്തരം ചോർച്ചകൾ നിയന്ത്രിക്കാനും തടയാനും ഞങ്ങൾക്ക് കഴിയും. ഞങ്ങൾ അത് ഉറപ്പാക്കും. കാത്തിരിപ്പിന്റെ ആനന്ദം നശിപ്പിക്കാതിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications