'കുടവയറ് ഇങ്ങനെ കാണിക്കല്ലേ,ബോറാണ്'; വായടിപ്പിച്ച മറുപടിയുമായി ദേവു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ലൂടെയാണ് ശ്രീദേവി എന്ന
'വൈബർ ഗുഡ് ദേവു' മലയാളി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയത്. തനിക്കെതിരായ വിമർശനങ്ങൾക്ക് കുറിക്ക് കൊള്ളുന്ന രീതിയിലുള്ള ദേവുവിന്റെ പ്രതികരണങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് ഹൗസിന് പുറത്തും പ്രതികരിക്കേണ്ടിടത്ത് ശക്തമായ ഭാഷയിൽ തന്നെ ദേവു പ്രതികരിക്കാറുമുണ്ട്, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ.
മറ്റ് ബിഗ് ബോസ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്കെതിരെ മോശം കമന്റിടുന്നവർക്കും ചുട്ട ഭാഷയിൽ തന്നെ ദേവു മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്നെ കളിയാക്കാനെത്തിയവർക്ക് ദേവു നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

ഇൻസ്റ്റഗ്രാമിൽ ദേവു നിരവധി ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ട്. അതിൽ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന ബോഡി ഷെയിമിംഗ് കമന്റുകൾക്കാണ് ദേവു മറുപടി നൽകിയത്. 'അവനവനു ചേരുന്ന ഡ്രസ്സ് ഇട്ട പോരെ ഇത് ഒരുമാതിരി..അല്ലേൽ വേണ്ട പറയുന്നില്ല', എന്നായിരുന്നു ഒരാൾ കമന്റിട്ടത്. ഇതിന് പിന്നാലെ തന്നെ ദേവു മറുപടി നൽകി. താനാണല്ലോ എനിക്ക് ചിലവിന് തരുന്നത്, ഞാൻ ഈ വസ്ത്രം ഇട്ടതിൽ തനിക്ക് എവിടെയെങ്കിലും വേദനെടുക്കുന്നുണ്ടോയെന്നായിരുന്നു ദേവുവിന്റെ മറുപടി.
എന്നാൽ ഇതിന് താഴെ മറ്റൊരാൾ ദേവുവിനെതിരെ രംഗത്തെത്തി. ഒരാൾക്ക് ഒരു ഡ്രസ് ചേരുന്നില്ലെന്ന് പറയുന്നത് തെറ്റാണോയെന്നായിരുന്നു ചോദ്യം. 'താങ്കളുടെ ശരീരത്തിന് ചേരുന്ന ഡ്രസ് ആയി തോന്നുന്നില്ല. വൾഗർ ആയി തോന്നുന്നു. അപ്പോൾ തന്നെ എന്റെ ശരീരം, എന്റെ വസ്ത്രം എന്റെ ഇഷ്ടം എന്നൊക്കെയുള്ള ന്യൂജൻ ക്ലീഷേ ഡയലോഗ് പറയാൻ ആണേൽ കമന്റ് ബോക്സ് പബ്ലിക്കിന് വേണ്ടി ഓപ്പൺ ആക്കി വെക്കരുത്', എന്നും ഇയാൾ കമന്റിൽ പറഞ്ഞു.
മറ്റുള്ളവർ എന്ത് ചെയ്താലും താൻ എന്തിനാണ് ബോദർ ചെയ്യുന്നത് എന്നായിരുന്നു ഇതിന് ദേവു നൽകിയ മറുപടി. 'എന്റെ ഇഷ്ടം ഞാൻ ചെയ്യുന്നു. ഈ വൾഗർ എന്ന് പറഞ്ഞുള്ള കമന്റ് ഇടുന്ന ഉണ്ണികൾ എത്രകണ്ട് സൂം ചെയ്ത് നോക്കിയെന്നൊക്കെ നമ്മുക്ക് മനസിലാകും. നിങ്ങളെയൊന്നും ഇത് ബാധിക്കുന്നില്ലല്ലോ പിന്നെ എന്തിനാണ് ഇത്രയും സമയം പാഴാക്കുന്നത്. വീട്ടുകാരുടെ കാര്യങ്ങൾ നോക്കൂ. എന്റെ വയർ ചാടിയതിന് ചേട്ടന്റെ വീട്ടിൽ ഉള്ള വഴി മറഞ്ഞ് പോയോ? ഇതൊന്നും നിങ്ങളുടെ വിഷയമേ അല്ല', ദേവു പറഞ്ഞു.
ഡ്രസ് ഇല്ലേ ചേച്ചി, അയ്യോ വയർ എന്ന് മറ്റൊരാൾ പരിഹസിച്ചപ്പോൾ നിന്റെ അമ്മയ്ക്കുള്ള വയർ തന്നെയാണ് മറ്റ് സ്ത്രീകൾക്കും എന്നും ദേവു പറയുന്നുണ്ട്.
ഇതിന് പിന്നാലെ മറ്റൊരു ഫോട്ടോയും ദേവു പങ്കിട്ടിട്ടുണ്ട്. 'എന്റെ വയർ കണ്ട് ആശങ്കപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോടാണ് , വിനീതമായി ഒറ്റ ചോദ്യം, ഞാൻ എപ്പോഴാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മകളായത്' എന്ന വരികളോടെയാണ് ഫോട്ടോ പങ്കിട്ടത്.
ഇതിന് താഴെയും ഒരാൾ ദേവുവിനെ വിമർശിച്ച് കമന്റിട്ടു. 'ഈ ഡ്രസ്സ് ഭംഗിയില്ല എന്ന് പറയുന്നത് ഒരു നെഗറ്റീവ് ആയിട്ട് എനിക്ക് തോന്നുന്നില്ല. നല്ല രീതിക്ക് എടുത്താൽ താങ്കൾക്ക് എന്താ പ്രശ്നം. ഉടനെ കേറി നിന്റെ വീട്ടിൽ അല്ലാലോ, നിന്റെ അമ്മേടെ ഡ്രസ്സ് നോക്കിയ മതി എന്നൊക്കെ പറയുന്നത് നിങ്ങളുടെ ഏത് ഫ്രീഡത്തിന്റെ പുറത്താണ്? അവരെ തള്ളക്ക് വിളിക്കാൻ നിനക്കുള്ള അവകാശം പോലെ അവർ നിന്നെ പറഞ്ഞതിൽ കുഴപ്പമില്ല' എന്നായിരുന്നു കമന്റ്. കൊണ്ടും കൊടുത്തും ഇപ്പോഴും ഫോട്ടോയ്ക്ക് താഴെ ചർച്ചകൾ കൊഴുക്കുകയാണ്.












Click it and Unblock the Notifications