ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് സപ്റ്റംബറിൽ? മത്സരാർത്ഥികളായി ഇവരെത്തും? ചർച്ച
ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ 6 സീസണുകളാണ് കഴിഞ്ഞത്. ഏറ്റവും ഒടുവിലത്തെ സീസണിൽ ജിന്റോയായിരുന്നു കപ്പടിച്ചത്. അർജുൻ ശ്യാം രണ്ടാം സ്ഥാനവും നേടി. ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ പലർക്കും പല പേരുകൾ പറയാനുണ്ടാകും.
തങ്ങളുടെ ഇഷ്ടതാരങ്ങളെ അണിനിരത്തി ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ സീസൺ 6 ന് ശേഷം ഈ ആവശ്യം ശക്തമായിരിക്കുകയാണ്. അൾട്ടിമേറ്റിന് ഉള്ള സാധ്യത ഉണ്ടെന്നാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലെ ചർച്ച.

ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന പേരില്‍ തമിഴിലും ബിഗ് ബോസ് ഹള്ള ബോല്‍ എന്ന പേരില്‍ മുൻപ് ഹിന്ദിയിലും ഇത് നടന്നിട്ടുണ്ട്. മുൻ സീസണുകളിലെ ഏറ്റവും ശക്തരായിട്ടുള്ള മത്സരാർത്ഥികളായിരിക്കും പങ്കെടുക്കുക. ഷോയുടെ ഒന്നാം സ്ഥാനക്കാർക്ക് ഇതിൽ പങ്കെടുക്കാൻ സാധിക്കില്ല. സീസണുകളിൽ ഒരിക്കലും പങ്കെടുക്കാത്ത ചില പുതിയ മത്സരാർത്ഥികൾക്ക് വൈൽഡ് കാർഡുകളായി ഷോയിൽ പങ്കുചേരാൻ സാധിക്കും. ടോപ് 5 മത്സരാർത്ഥികൾക്കും പങ്കെടുക്കാം. വെറും 30 ദിവസം മാത്രമായിരിക്കും ഷോ ഉണ്ടാകുക.
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ 3 മുതൽ അൾട്ടിമേറ്റ് ഉണ്ടാകുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നുവെങ്കിലും നിരാശതന്നെയായിരുന്നു ഫലം. എന്നാൽ സീസൺ 6 ന് ശേഷം അൾട്ടിമേറ്റിന് സാധ്യത വർധിച്ചുവെന്നാണ് ആരാധക ഗ്രൂപ്പുകളിലെ ചർച്ച. അങ്ങനെയെങ്കിൽ ഈ സപ്തംബറിൽ ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് ഉണ്ടാകും. അൾട്ടിമേറ്റ് നടത്താൻ മികച്ച സമയവും ഇതാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിങ് സൃഷ്ടിച്ച സീസണാണ് ഇപ്പോൾ കഴിഞ്ഞത്. ഇതിന്റെ അലയൊലികൾ അവസാനിച്ചിട്ടേയില്ല. ബിഗ് ബോസിന് അകത്ത് ഉണ്ടായിരുന്നതിനെക്കാൾ വിവാദങ്ങളും തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം പുറത്താണ് നടക്കുന്നത്. ഇത്തരത്തിൽ ബിഗ് ബോസ് ചർച്ച നിലനിൽക്കുമ്പോൾ തന്നെ അൾട്ടിമേറ്റ് എത്തുന്നത് വലിയ ആവേശമാകുമെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അൾട്ടിമേറ്റ് വന്നാൽ ആരൊക്കെ മത്സരാർത്ഥികൾ ആകണമെന്ന ചർച്ചയും സജീവമാകുന്നുണ്ട്..
15 പേരായിരിക്കും മത്സരാർത്ഥികളായി എത്തിയേക്കുക. പേളി, ഷിയാസ്, രഞ്ജിനി ഹരിദാസ്, രജിത് കുമാർ, ആര്യ ബഡായി, ഫിറോസ് ഖാൻ, റോബിൻ രാധാകൃഷ്ണൻ, ബ്ലെസ്ലി, ജാസ്മിൻ മൂസ, റിയാസ് സലിം, ശോഭ വിശ്വനാഥ്, വിഷ്ണു, പവൻ, ഡിംബൽ, വീണാ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, കുട്ടി അഖിൽ തുടങ്ങിയവരുടെ പേരുകളാണ് ചർച്ചയാകുന്നത്. സാധാരണ അൾട്ടിമേറ്റിൽ ഏറ്റവും ഒടുവിലത്തെ സീസണിലെ മത്സരാർത്ഥികൾ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ സീസൺ 6 ലെ മത്സരാർത്ഥികൾക്ക് സാധ്യത ഉണ്ടാകില്ല. എന്തയാലും അൾട്ടിമേറ്റ് ഉണ്ടായാൽ അത് മറ്റൊരു പൂരം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൊണ്ടും കൊടുത്തും ശീലമുള്ള മത്സരാർത്ഥികൾ എത്തിയാൽ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ കൂട്ടപ്പൊരിച്ചലിനാകും ബിഗ് ബോസ് വീട് വേദിയാകുകയെന്നാണ് പലരും പറയുന്നത്.












Click it and Unblock the Notifications