മസ്താനി ബിന്നിയോട് ആ പറഞ്ഞത് ഒരിക്കലും ശരിയായില്ല: ഇത് തർക്കമല്ല, തികഞ്ഞ വ്യക്തിഹത്യയാണ്
വൈല്‍ഡ് കാർഡ് എന്‍ട്രികളായി ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് വന്നവരില്‍ ശ്രദ്ധേയായ ഒരു മത്സരാർത്ഥിയാണ് മസ്താനി. വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും കണ്ടന്റ് കൊടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് മസ്താനിയുടെ പ്രത്യേകത. വന്നത് മുതല്‍ തന്നെ രേണുവിനെ ലക്ഷ്യമിട്ട മസ്താനി പിന്നീട് രന അടക്കമുള്ളവരേയും ലക്ഷ്യമിടുന്നു.
മേല്‍പ്പറഞ്ഞവർ അടക്കമുള്ള മത്സരാർത്ഥികളെ പ്രകോപിപ്പിക്കുന്ന മസ്താനി അനുമോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് നിർബാധം തുടരുകയും ചെയ്യുന്നു. അനുമോള്‍ക്ക് പുറത്ത് ലഭിക്കുന്ന പിന്തുണ കണ്ടുവന്ന മസ്താനി അതിന് അനുസരിച്ച തന്റെ ഗെയിം മുന്നോട്ടുകൊണ്ടുപോകുന്നതായും വിമർശിക്കപ്പെടുന്നു. ഇതിന് ഇടയില്‍ തന്നെയാണ് മസ്താനി ബിന്നിയോട് സംസാരിച്ച രീതിയിലും ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ വിമർശിക്കപ്പെടുന്നു.

ഒരു റിയാലിറ്റി ഷോയുടെ ഭാഗമായുള്ള തർക്കങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, ഒരാളുടെ പരിമിതികളെയും വ്യക്തിത്വത്തെയും പരിഹസിക്കുന്നത് ഒരു ഗെയിം ആണെന്ന് പറയാൻ കഴിയില്ലെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ബിഗ് ബോസ് സീസൺ 7-ൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന മസ്താനി ബിന്നിയോട് സംസാരിച്ച രീതി ശരിയല്ല. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായുള്ള തർക്കങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, ഒരാളുടെ പരിമിതികളെയും വ്യക്തിത്വത്തെയും പരിഹസിക്കുന്നത് ഒരു ഗെയിം ആണെന്ന് പറയാൻ കഴിയില്ല. അത് തികഞ്ഞ അഹങ്കാരവും പരിഹാസവുമാണ്.
"എന്തെങ്കിലും കുഴപ്പമുണ്ടോ, നല്ലതുപോലെ സംസാരിക്ക്, കുറവുകൾ നികത്തിയിട്ട് വാ" - മസ്താനിയുടെ ബിബി ലൈവിലെ ഈ വാക്കുകൾ കേട്ടപ്പോൾ അത് വെറുമൊരു തർക്കമല്ല മറിച്ച് വ്യക്തിഹത്യയാണ്. ഒരു ഗെയിമിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, അത് മറ്റൊരാളുടെ ആത്മവിശ്വാസം തകർക്കാൻ വേണ്ടിയുള്ള ആയുധമാകുമ്പോൾ, അത് തെറ്റാണ്.
ഇത്തരം കാര്യങ്ങൾ നിയമപരമായി പോലും തെറ്റാണ്. ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 499 (Defamation), 500 (Punishment for defamation) തുടങ്ങിയ വകുപ്പുകൾ പ്രകാരം ഒരാളെ പരസ്യമായി അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഒരു റിയാലിറ്റി ഷോ ആയതുകൊണ്ട് മാത്രമാണ് മസ്താനി ഈ നിയമപരിധിയിൽ നിന്ന് രക്ഷപ്പെട്ടത്. ബിന്നിയുടെ കുടുംബം നിയമപരമായി മുന്നോട്ട് പോയാൽ ചിലപ്പോൾ മസ്താനിക്ക് ദോഷകരമാകും.
ഒരു മത്സരത്തിൽ ജയിക്കാൻ വേണ്ടി എന്ത് വൃത്തികേടും പറയാമെന്നാണോ മസ്താനി കരുതുന്നത്? ബിഗ് ബോസ് ഹൗസ് ഒരു കളിക്കളമാണ്, പക്ഷേ അതിന്റെ പേരിൽ ആരുടെയും വ്യക്തിപരമായ കഴിവുകളെയും കുറവുകളെയും കളിയാക്കാൻ ആർക്കും അവകാശമില്ല.
ഒരു പൊതുവേദിയിലിരുന്ന് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് സംസാരശേഷിയിൽ ബുദ്ധിമുട്ടുള്ള ആളുകൾക്ക് മാനസിക പ്രയാസങ്ങളും ആത്മവിശ്വാസക്കുറവും ഉണ്ടാക്കും. ഇത് മറ്റുള്ളവർക്ക് അവരെ ബുളിംഗ് ചെയ്യാൻ ഒരു അവസരം നൽകുന്നു. മസ്താനി അവിടെ കാണിച്ചത് ഒരു മത്സരാർത്ഥി എന്ന നിലയിൽ അവരുടെ പരാജയത്തെയാണ്.












Click it and Unblock the Notifications