'ഞാൻ ജീവിക്കുകയോ മരിക്കുകയോ ചെയ്തോട്ടെ.. പ്രതികരിക്കുന്നവനെ അടിച്ചൊതുക്കുന്നു'; വീഡിയോയുമായി രജിത് കുമാർ
അടുത്തിടെയായിരുന്നു ബിഗ് ബോസ് താരം രജിത് കുമാറിന് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ പത്തനംതിട്ട അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു രജിതിനെ നായ ആക്രമിച്ചത്. ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇപ്പോഴിതാ തെരുവ് നായ ആക്രമണത്തെ കുറിച്ചും അന്ന് നടന്നതിനെ കുറിച്ചുമെല്ലാം വിശദമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ യുട്യൂബ് ചാനലിലൂടെയാണ് രജിത് വീഡിയോ പങ്കിട്ടത്. തെരുവ് നായ ആക്രമിച്ച ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതാണ് വീഡിയോയിൽ ഉള്ളത്. നായയുടെ കടിയേറ്റുണ്ടായ മുറിവുകൾ വീഡിയോയിലൂടെ രജിത് കുമാർ കാണിക്കുന്നുണ്ട്. അതിരൂക്ഷമായിട്ടാണ് സംഭവത്തിൽ രജിത് കുമാർ പ്രതികരിക്കുന്നത്. രജിത് കുമാറിന്റെ വാക്കുകളിലേക്ക്

'ചായകുടിച്ച് വരുന്ന വഴിയിൽ വെച്ച് രാവിലെയാണ് പട്ടി കടിച്ചത്. പത്തനംതിട്ടയിൽ രമ്യ ധന്യ തീയറ്ററിന്റെ അടുത്ത് എത്തിയപ്പോൾ കുറെ പട്ടികൾ ഓടുന്നുണ്ടായിരുന്നു, അതിൽ ഒന്ന് വന്ന് എന്റെ കാലിൽ കടിച്ചു.
ഞാൻ കാര്യമാക്കിയില്ല. പക്ഷേ ഓട്ടോറികഷക്കാരൻ ചേട്ടൻമാർ പറഞ്ഞു നിർബന്ധമായി ആശുപത്രിയിൽ കാണിക്കാൻ. അങ്ങനെയാണ് ഇവിടെ എത്തിയത്. നിരവധി ഇൻഞ്ചക്ഷനാണ് എടുത്തത്. ഇനി വരും ദിവസങ്ങളിലും കൂടുതൽ ഇഞ്ചക്ഷൻ എടുക്കണം.
ഇവിടെ പട്ടിയെ കൊല്ലാനോ പട്ടി വേണ്ട എന്നോ ഒന്നും പറയുന്നില്ല. പക്ഷേ ഈ തെരുവ് നായ്ക്കളെ ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ എന്ത് ചെയ്യും. ഇത് എനിക്ക് കിട്ടി, ജോലിക്ക് പോകുന്ന ആളാണെങ്കിലോ? സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ അവരുടെ അവസ്ഥ എന്താകും. ഇക്കാര്യത്തിലൊക്കെ നന്നായി പ്രതികരിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാനിപ്പോൾ ഇതിനോടൊന്നും കാര്യമായി പ്രതികരിക്കാറില്ല. പ്രതികരണമൊക്കെ നിർത്തി. ഞാാൻ ജീവിക്കുകയോ മരിക്കുകയോ ചെയ്തോട്ടെ, അതിൽ എനിക്ക് യാതൊരു പ്രശ്നമൊന്നുമില്ല. എന്നെ ഓർത്ത് ദുഃഖിക്കാനോ കരയാനോ ഇവിടെ ആരുമില്ല. ജീവിച്ചിരുന്നാൽ ഒരുപാട് പേർക്ക് സഹായം ചെയ്യും എന്ന കാര്യം ഉറപ്പാണ്. പക്ഷേ ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ അതിനുള്ള നല്ല സാഹചര്യം ഇവിടെ ഒരുക്കണ്ടേ. പ്രതികരിക്കുന്നവനെ അടിച്ചൊതുക്കുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്',രജിത് കുമാർ പറഞ്ഞു.
കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകനായിരുന്ന രജിത് കുമാർ വിവാദപരമായ തന്റെ പ്രസംഗങ്ങളിലൂടെയാണ് ശ്രദ്ധനേടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പുതിയ ഗെറ്റപ്പില്‍ എത്തിയ രജിത് വലിയ വിഭാഗം ആരാധകരുടെ പിന്തുണ നേടിയെടുക്കുകയായിരുന്നു.












Click it and Unblock the Notifications