മദ്രസയില്‍ നിന്നാണ് എനിക്ക് ഏറ്റവും മോശം അനുഭവങ്ങളുണ്ടായിരുന്നത്: തുറന്ന് പറഞ്ഞ് റസ്മിന്‍
കോമണറായി എത്തി ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ദിവസം നിന്ന മത്സരാർത്ഥിയായിരുന്നു റസ്മിന്‍. മികച്ച മത്സരം പുറത്തെടുത്ത താരം എഴുപത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തായെങ്കിലും ആരാധകരില്‍ പലരും പറഞ്ഞത് അപ്പോള്‍ പുറത്താകേണ്ട മത്സരാർത്ഥിയായിരുന്നില്ല റസ്മിന്‍ എന്നായിരുന്നു. എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക കൂടിയായ റസ്മിന്‍ സ്പോട്ട് ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നേരത്തെ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചർച്ചാ വിഷയമാകുന്നത്.
മുസ്ലിം പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. വയസ്സ് 28 ആയി. വിവാഹം കഴിച്ചിട്ടില്ല. ഒരു ജോലിയുണ്ട്, അതുകൊണ്ട് തന്നെ ഞാന്‍ സ്വതന്ത്രയാണ്. ഞാന്‍ ഇങ്ങനെ ആകുക എന്നുള്ളത് അത്ര ഈസിയായിട്ടുള്ള കാര്യമായിരുന്നില്ല. എന്റെ കുടുംബത്തെ വെച്ച് നോക്കുകയാണെങ്കില്‍ കുറച്ചുകൂടെ എളുപ്പം എനിക്കായിരുന്നു. ചെറുപ്പത്തില്‍ തന്നെ സ്പോർട്സും അതോടൊപ്പം പാർട് ടൈം ജോബും ചെയ്യുമായിരുന്നു.

ഒറ്റക്ക് കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ വീട്ടുകാർക്ക് മുന്നില്‍ ഞാന്‍ ചെറുപ്പകാലം മുതല്‍ തന്നെ കാണിച്ചുകൊടുത്തു. ഉമ്മക്ക് എന്നോടുള്ള വിശ്വാസം കൊണ്ടാണ് എന്നെ എല്ലായിടത്തും വിട്ടത്. നിന്റെ ഉമ്മയെപ്പോലുള്ള ഒരു ഉമ്മയെ കിട്ടണമെന്ന് സുഹൃത്തുക്കള്‍ പറയുമായിരുന്നു. ട്രിപ്പിനൊക്കെ പോകുമ്പോള്‍ അവരുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നത് റസ്മിനുണ്ടെങ്കില്‍ നിങ്ങള്‍ പോയിക്കോളു എന്നായിരുന്നുവെന്നും റസ്മിന്‍ പറയുന്നു.
എന്നിലുള്ള ഒരു വിശ്വാസം, അവരുടെ മക്കളുടെ ഒരു സുരക്ഷ എന്നത് പോലെയാണ് എന്നെ കണ്ടത്. പക്ഷെ എനിക്ക് അവരോട് ചോദിക്കാനുള്ളത് ഞാന്‍ ചെയ്യുന്നത് പോലെ നിങ്ങളുടെ മക്കള്‍ക്കും പറ്റും, അതിനുള്ള ഒരു അവസരം കൊടുത്തൂടെ എന്നാണ്. എന്റെ ഉമ്മ മറ്റുള്ളവർ മക്കളെ പിടിച്ച് വെക്കുന്നത് പോലെ എന്നെ പിടിച്ച് വെച്ചിട്ടില്ല. എന്തുകൊണ്ട് നിങ്ങളുടെ മക്കളേയും അങ്ങനെ വളർത്തിക്കൂടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതുകൊണ്ട് ഒരു നഷ്ടവും വരില്ല.
കൂട്ടിലിട്ട് വളർത്തുമ്പോഴാണ് പുറത്ത് ചാടാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. അവരെ ഫ്രീയായിട്ട് വിടുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ നിർബന്ധത്തിനും ഇഷ്ടത്തിനും അനുസരിച്ച് അവരെ വളർത്തുകയല്ല വേണ്ടത്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കേണ്ട ആവശ്യമില്ല. നാട്ടുകാർ അല്ലാലോ നമുക്ക് ചിലവിന് തരുന്നത്. അവർ അല്ല വീട്ടിലേ കാര്യം നോക്കുന്നത്. നാട്ടുകാർക്ക് വേറെ പണിയില്ല. അവരുടെ ലൈഫ് എന്‍ജോയ് ചെയ്യാന്‍ കഴിയാത്തതിന്റെ ചൊറിച്ചിലായി കണ്ടാല്‍ മതിയെന്നും റസ്മിന്‍ പറയുന്നു.
പെണ്‍കുട്ടികള്‍ പുറത്ത് പോകാന്‍ പാടില്ല, അവരെ അടച്ചിട്ട് വളർത്തണം എന്ന മതപരമായ കാഴ്ചപ്പാട് തന്നെ ചിന്തയാണ്. അങ്ങനെയൊന്നും ആരും പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളെ മാലാഖമാരെപ്പോലെയും രാജകുമാരിമാരെപ്പോലെയും നോക്കണമെന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.
മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ ഇന്‍ജക്റ്റഡായിക്കൊണ്ടിരിക്കുന്നത്. അതാണ് അവർ വലുതാകുന്തോറും പുറത്ത് വരുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ള നിങ്ങള്‍ നിങ്ങളുടെ മക്കളെ ഫ്രീയായി വിടുകയെന്നാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളെ. അവർക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവും എബിലിറ്റിയുണ്ടെന്ന് എനിക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക്കാണ്. അങ്ങനെയുള്ളവരെ പിടിച്ച് കെട്ടിയിട്ട് എന്ത് കിട്ടാനാണെന്നും റസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications