ബിഗ് ബോസ് സീസൺ 7 തകർക്കും; വരുന്നത് ഇവരോ? രേണു സുധി മുതല്‍ പെരേരയും നിള വരെ പട്ടികയില്‍
ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ഇതാ സീസൺ 7 എത്തുകയാണ്. പുതിയ സീസണിന്‌റെ ലോഗോ ഇതിനോടകം തന്നെ ഏഷ്യാനെറ്റ് പുറത്തുവിട്ട് കഴിഞ്ഞു. ഇനി ആരൊക്കെയാകും ഇത്തവണ മത്സരിക്കാനെത്തുക എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നിരവധി പേരുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ളവരും സോഷ്യൽ മീഡിയ താരങ്ങളുടെ പേരുകളുമെല്ലാം ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ താരവും അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടെ പേരാണ് സാധ്യത പട്ടികയിൽ ഏറ്റവും കൂടുതൽ ഇടംപിടിച്ചിട്ടുള്ളത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് രേണുവിന്റേത്. രേണുവിന്റെ റീൽ വീഡിയോകളും ആൽബങ്ങളുമെല്ലാം വളരെ അധികം വൈറലാണ്. ഇതിനെ ചുറ്റിപറ്റി നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം ബിഗ് ബോസ് തനിക്ക് ഇഷ്ടമാണെങ്കിലും ഇതുവരെ ബിഗ് ബോസിൽ നിന്നും തന്നെ വിളിച്ചിട്ടില്ലെന്നാണ് രേണു തുറന്ന് പറഞ്ഞത്. എന്നാൽ വിളിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു.

പച്ചവീട്ടിൽ പ്രശ്നേഷ് എന്നറിയപ്പെടുന്ന യുട്യൂബർ രോഹിത്താണ് മറ്റൊരാൾ. ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ താരമാണ് രോഹിത്. അടുത്തിടെ ഇയാൾക്കെതിരെ അമ്മയും സഹോദരിയും രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. കാശിന്‍റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ച് പ്രശ്നം ഉണ്ടാക്കിയെന്നുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇത് സംബന്ധിച്ച് പ്രശ്നേഷ് നൽകിയ വിശദീകരണങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം കത്തി നിന്നു. ഈ പ്രശ്നങ്ങൾ ബിഗ് ബോസിൽ വരുന്നതിന് മുൻപ് മനപ്പൂർവ്വം ഉണ്ടാക്കിയതാണോയെന്ന എന്ന സംശയമാണ് ചിലർ ഉയർത്തിയത്.
സമാന രീതിയിൽ സോഷ്യൽ മീഡിയയിൽ 'പ്രശ്നങ്ങളുടെ' പേരിൽ വൈറലായ പ്രണവ് കൊച്ചുവും ഇത്തവണത്തെ സീസണിൽ ഉണ്ടായേക്കുമെന്നാണ് ചിലരുടെ പ്രവചനം. പ്രണവും സഹോദരനായ പ്രവീണും തമ്മിലുള്ള തർക്കമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബിഗ് ബോസ് മാത്രം ലക്ഷ്യം വെച്ച് കുടുംബ പ്രശ്നം ചർച്ചയാക്കിയതാണോയെന്ന സംശയം സോഷ്യൽ മീഡിയയിൽ പലരും പങ്കിട്ടിരുന്നു.
മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസിയ്ക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. ബിഗ് ബോസിൽ അവസരം കിട്ടിയാൽ താൻ തീർച്ചയായും പങ്കെടുക്കുമെന്ന് മുൻപ് ജാസി തുറന്നുപറഞ്ഞിരുന്നു. വ്ലോഗർ അലിൻ ജോസ് പെരേരയും പുതിയ സീസണിൽ എത്തിയേക്കുമെന്നാണ് ചില പ്രവചനങ്ങൾ. സോഷ്യൽ മീഡിയയിൽ അലിൻ ജോസിനെ അറിയാത്തവർ കുറവായിരിക്കും. വിവാദങ്ങളുടെ തോഴൻ കൂടിയാണ് പെരേര.
ഫിറ്റ്നെസ് ട്രെയിനറായ ദിൽസിൽ എം ഇഖ്ബാലിന്റെ പേരും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ തവണത്തെ സീസണിൽ ഫിറ്റ്നെസ് ട്രെയിനറായ ജിന്റോയായിരുന്നു കപ്പടിച്ചത്. തുടക്കത്തിൽ വലിയ വിമർശനങ്ങൾ നേരിട്ട താരം വളരെ പെട്ടെന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ പിന്തുണ നേടിയെടുത്തത്.
സീരിയൽ രംഗത്ത് നിന്നും ഇത്തവണ അനുമോളുടെ പേരാണ് സാധ്യത പട്ടികകളിൽ ഇടംപിടിച്ചിട്ടുള്ളത്. സിനിമ രംഗത്ത് നിന്ന് നടൻ റോഷൻ, ജിഷിൻ മോഹൻ എന്നിവരുടെ പേരുകളും ഉണ്ട്. നടി അഞ്ജന മോഹൻ, ഡാൻസറും ഡോക്ടറുമായ ജാനകി ഓംകുമാർ, ഗായിക ഫൗസിയ റഷീദ്, അവതാരകരായ മസ്താനി, മെഹർ ഫാത്തിമ, റാപ്പ് സിംഗർ വിശ്വ ദേവ്, നാഗസൈരന്ധ്രി, ബ്ലോഗർ ഉണ്ണിക്കണ്ണൻ മംഗൾഡാം, നിള നമ്പ്യാർ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. ഇവരിൽ ആരൊക്കെ ഇത്തവണ സീസണിൽ ഉണ്ടാകും എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications