കോടികള്‍ തരാമെന്ന് പറഞ്ഞാലും ഞാനില്ല: എന്തുകൊണ്ടെന്ന് വ്യക്തമാക്കി ധ്രുവ് റാഠി, പ്രധാനം ആ 2 കാരണം
പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി ബിഗ് ബോസ് ഒടിടിയില്‍ വൈല്‍ഡ് കാർഡായി എത്താന്‍ പോകുന്ന എന്ന തരത്തിലുള്ള വാർത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളുടെ എന്‍റർടെയിമെന്റ് കോളങ്ങളില്‍ വരെ ഇത് സംബന്ധിച്ച വാർത്തകള്‍ വന്നു. എന്നാല്‍ ഇത് തികച്ചും വ്യാജമായ വാർത്തയാണെന്നാണ് ധ്രുവ് റാഠി തന്റെ ഏറ്റവും പുതിയ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എന്നെ ആരും സമീപിച്ചിട്ടില്ല. എനിക്ക് ബിഗ് ബോസില്‍ പോകണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകള്‍ കൊടുക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലവാരം വളരെ താഴ്ന്നതാണെന്ന് ഞാന്‍ പറയും. എന്തും ഒരു മടിയും കൂടാതെ അവർ പ്രസിദ്ധീകരിക്കുമെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തുന്നു.

നിങ്ങളില്‍ ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും ധ്രുവിനെ ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമെന്നാണ്. അതിനുള്ള ഉത്തരം ഇല്ലെന്നാണ്. അത് ഉറപ്പാണ്. ഈ ഷോയില്‍ പങ്കെടുക്കാന്‍ അവർ എനിക്ക് ലക്ഷങ്ങളോ കോടികളോ വാഗ്ദാനം ചെയ്താലും ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു അസംബന്ധം നിറഞ്ഞ പരിപാടിയില്‍ പോകില്ല.
എന്റെ അഭിപ്രായത്തില്‍ പണവും പ്രശസ്തിയും സമ്പാദിക്കാനുള്ള ഏറ്റവും വില കുറഞ്ഞ മാർഗ്ഗമാണ് ബിഗ് ബോസ്. ഈ ഷോ ആളുകള്‍ക്ക് വില കുറഞ്ഞ വിനോദവും നല്‍കുന്നു. രണ്ട് കാര്യങ്ങളുടെ വില കുറഞ്ഞ ഡോസ് ഇതിലൊക്കെയുണ്ട്. എവരിഡേ സാഡിസവും വോയറിസവും. ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും ആസ്വദിക്കുന്നതാണ് സാഡിസം. ഒരു തരം ഗ്ലാഡിയേറ്റർ ആസ്വാദനം. ആള്‍ക്കൂട്ട മർദ്ദനം, ആള്‍ക്കൂട്ട വിചാരയൊക്കെ ഇതിന്റെ ഭാഗമാണ്.
ആളുകള്‍ ഇത്തരം വിഡ്ഡിത്തം കാണാന്‍ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് അവരുടെ കച്ചവട ഫോർമുല. മത്സരാർത്ഥികള്‍ പരസ്പരം കലഹിക്കുകയും ശാരീരിക ഉപദ്രവങ്ങള്‍ വരെയുണ്ടാകുന്നു. ഒരു മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥിയുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിക്കുന്നു, ശ്വാസം മുട്ടിക്കുന്നു. ഇത്തരം അസംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഷോ അധികൃതരും പ്രേരിപ്പിക്കുന്നു. പണത്തിന് വേണ്ടി എത്ര മാത്രം അപമാനകരമായ കാര്യങ്ങളാണ് ചെയ്യുന്നു.
കടുത്ത ബോഡിഷെയിമിങ്, പിന്നില്‍ നിന്ന് കുത്തല്‍, സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, ടോക്സിക് റിലേഷന്‍ ഷിപ്പുകള്‍ എന്നിവയൊക്കെ പതിവായ കാര്യമാണ്. ഷോയുടെ ടിആർപി കൂട്ടാന്‍ വേണ്ടി കാട്ടിക്കുന്ന ബന്ധങ്ങളും ഇതിന്റെ ഭാഗമാണെന്നും ധ്രൂവ് റാഠി പറയുന്നു.
മറ്റുള്ളവരുടെ സ്വകാര്യതയും ജീവിതവും കാണുന്നതില്‍ വില കുറഞ്ഞ ആനന്ദം കണ്ടെത്തുന്നതാണ് വോയറിസം. ദൈനംദിന ജീവിതത്തിലും ഇതിന് നിരവധി ഉദാഹരണമുണ്ട്. ലൈഫ് സ്റ്റൈല്‍ വീഡിയോസിന് വ്യൂസ് ലഭിക്കുന്നതും ഈ വോയറിസം കാരണമാണ്. ചില യൂട്യൂബർ കുട്ടി കരഞ്ഞാല്‍ ആദ്യം തന്നെ കുട്ടിയെ എടുക്കാതെ ക്യാമറ എടുത്ത് ചിത്രീകരിക്കും. ഇതൊക്കെ മോശമായ കാര്യമാണ്.
ആളുകള്‍ എന്ത് കാണണമെന്ന് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നു, അതാണ് അവർ എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നത്. ബിഗ് ബോസില്‍ വഴക്കുകളും നിർബന്ധമാണ്. അതാണ് പ്രകടനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. പലരും അതുപോലെയായി മാറുന്നു. വോട്ടിനേക്കാള്‍ ടിആർപിയാണ് ആരെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് തീരുമാനിക്കുന്നത്.
കൃത്യമായ സ്ക്രിപ്റ്റഡ് വഴി മുന്നോട്ട് പോകുന്നതല്ലെങ്കിലും ഷോയിലെ എഡിറ്റിങ്ങിനെ കുറിച്ച് മുന്‍ മത്സരാർത്ഥികള്‍ തന്നെ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെയാണ് അവർ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. എഡിറ്റിങിന് ഇവിടെ വലിയ പ്രധാന്യമുണ്ട്. കൃത്യമായും അവരുടെ ധാരണയ്ക്ക് അനുസരിച്ചാണ് എഡിറ്റിങ് മുന്നോട്ട് പോകുന്നത്.
ബിഗ് ബോസിന്റെ ആളുകളോട് ചോദിച്ചാല്‍ ഇത് വിനോദം മാത്രമാണെന്നായിരിക്കും അവരുടെ മറുപടി. പൊതുജനം ഇത് ആഗ്രഹിക്കുന്നു, അതുകൊണ്ട് അവർ കാണിക്കുന്നു. എന്നാല്‍ ഇത്തരം റിയാലിറ്റി ഷോകള്‍ നമ്മളേയും ബാധിക്കും. പണവും പ്രശസ്തിയുമൊക്കെ വേണമെങ്കില്‍ തങ്ങളുടെ വ്യക്തിത്വവും സ്വകാര്യതയും വില്‍ക്കണമെന്ന് പ്രേക്ഷകർക്ക് തോന്നുന്നുവെന്ന് വിദഗ്ധർ പറയുന്നുവെന്നും ധ്രൂവ് റാഠി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications