ബിഗ് ബോസില്‍ വിളിച്ചിട്ടും പോയില്ല; ആഗ്രഹമുണ്ട്: രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍: ഗായത്രി സുരേഷ്
ബിഗ് ബോസ് സീസണ്‍ ഏഴിലെ രേണു സുധിക്ക് എതിരേയുള്ള പരസ്യ അധിക്ഷേപം സമൂഹ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച് അക്ബര്‍ ഖാനാണ് വിവാദ നായകനായി മാറിയിരിക്കുന്നത്. വലിയ വിമര്‍ശനമാണ് അക്ബര്‍ ഖാന് എതിരെ ഉയരുന്നത്.
വിഷയം ബിഗ് ബോസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായതോടെ മാപ്പപേക്ഷിച്ച് അക്ബര്‍ രംഗത്തുവന്നെങ്കിലും രേണുവിനെതിരെയുള്ള അധിക്ഷേപം കൈവിട്ടു പോയിരിക്കുകയാണ്. രേണുവിനെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും അവരുടെ കണ്ടന്റുകള്‍ വേസ്റ്റ് ആണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അക്ബര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും സെപ്റ്റിക് ടാങ്ക് പരാമര്‍ശം ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുന്നില്ല.

ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വിവാദം ഏറ്റെടുത്തിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളോടും ഇതേക്കുറിച്ചുള്ള അഭിപ്രായമാണ് തേടുന്നത്. യുവനടി ഗായത്രി സുരേഷും ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചു.
രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് മോശമായിപ്പോയെന്നും അങ്ങനെ കേട്ടാല്‍ ആര്‍ക്കായാലും വിഷമമാകുമെന്നും ഗായത്രി സുരേഷ് പ്രതികരിച്ചു. ഒരിക്കലും അങ്ങനെ വിളിക്കാന്‍ പാടില്ല. അത് എക്‌സ്ട്രീം ആയിപ്പോയി.
രേണുവിന്റെ സ്ഥാനത്ത് ഗായത്രിയായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിച്ചു. ഞാന്‍ കണ്ടില്ലെന്ന് നടിക്കും. ഞാനെന്റെ വിഷമം ഉള്ളില്‍ ഒതുക്കും. ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടമുള്ള കണ്ടെസ്റ്റന്റ് അനീഷ് ആണെന്നും ഗായത്രി വ്യക്തമാക്കി.
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പോകുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ക്കും ഗായത്രി മറുപടി പറഞ്ഞു. ബിഗ് ബോസിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഞാന്‍ പോയിട്ടില്ല. മിക്ക സീസണിലും വിളിച്ചിട്ടുണ്ട്. പക്ഷേ പോകാറായിട്ടില്ല. എനിക്ക് കുറച്ചുകൂടി സമയം വേണം. കുറച്ചുകൂടി സ്‌ട്രോങ് ആകാന്‍ ഉണ്ട്. ഏതെങ്കിലും ഒരു കൊല്ലം ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി കൂട്ടിചേര്‍ത്തു.
അക്ബര്‍ ഖാന്റെ വിവാദ പരാമര്‍ശത്തില്‍ രേണു സുധിക്കാണ് പിന്തുണ വര്‍ധിക്കുന്നത്. സെപ്റ്റിക് ടാങ്ക് എന്ന് അധിക്ഷേപിച്ചത് ഒരു സാമൂഹിക പ്രശ്‌നം കൂടിയായിട്ടാണ് പലരും ചൂണ്ടിക്കാണുന്നത്. ബിഗ് ബോസില്‍ കയറുന്നതിനു മുമ്പ് ഷോര്‍ട്ട് വീഡിയോകള്‍ ചെയ്യുമ്പോള്‍ പല്ലി, എലി, കടല്‍ കുതിര, ഡാകിനി തുടങ്ങിയ കടുത്ത അധിക്ഷേപങ്ങള്‍ രേണു കേട്ടിരുന്നു.
എന്നാല്‍ ഈ അധിക്ഷേപങ്ങളില്‍ ഒന്നും തളരാതെ കൂടുതല്‍ ശക്തമായി സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതാണ് പിന്നീട് കണ്ടത്. രേണുവിന് ലഭിച്ച നെഗറ്റീവ് പബ്ലിസിറ്റി ബിഗ് ബോസില്‍ എത്താന്‍ തുണയാവുകയും ചെയ്തു. രേണു ബിഗ്‌ബോസില്‍ എത്തിയതോടെ കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി പല അവകാശവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രേണു സുധിക്കുള്ള നെഗറ്റീവ് പബ്ലിസിറ്റി ഇപ്പോള്‍ പോസിറ്റീവ് ആകുന്ന കാഴ്ചയാണ് കാണുന്നത്. സാധാരണ പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്നു വന്ന രേണുവിന് എതിരെയുള്ള ഇത്തരം അധിക്ഷേപങ്ങള്‍ അവരെ വീട്ടില്‍ ഇരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. രേണു ഒരു സാധാരണക്കാരിയായതിനാല്‍ തന്നെ ഇത്തരം അധിക്ഷേപത്തെ സ്വന്തം അനുഭവമായി കൂട്ടിച്ചേര്‍ത്താണ് പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.












Click it and Unblock the Notifications