ഷാനവാസിന്റെ മകളെ കയറ്റാം; ലക്ഷ്മിയുടെ മകന് പറ്റില്ല; വിനയായത് ലക്ഷ്മിയുടെ വാ വിട്ട വാക്കുകള്‍
ബിഗ് ബോസ് ഏഴാം സീസണില്‍ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് വേദ് ലക്ഷ്മി. വൈഡ് കാര്‍ഡ് എന്‍ട്രി ആയാണ് ലക്ഷ്മി ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ചത്. എന്നാല്‍ ആദിലയെയും നൂറയെയും വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന പ്രസ്താവനയിലൂടെ ലക്ഷ്മി ഹൗസിനുള്ളില്‍ വലിയ കോലാഹലം സൃഷ്ടിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ ലക്ഷ്മിയെ താക്കീത് ചെയ്യുകയും ചെയ്തു. ലക്ഷ്മിയുടെ ഈ പരാമര്‍ശത്തിന് സമൂഹ മാധ്യമങ്ങളില്‍ ഒരേ സമയം പിന്തുണയും വിമര്‍ശനവും ലഭിച്ചിരുന്നു
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുള്ളില്‍ ഫാമിലി വീക്ക് ആയിരുന്നു. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ വന്നത് വലിയ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് വഴിവെച്ചത്. ഏറെ നാളുകളായി കാണാതിരുന്ന വീട്ടുകാരെ കണ്ടപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കുണ്ടായ സന്തോഷവും കണ്ണീരും ഒക്കെ ബിഗ് ബോസ് അതേപടി പ്രേക്ഷകരെ കാണിക്കുകയും ചെയ്തു.
അതില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് വേദ് ലക്ഷ്മിയുടെ മകനെ കാണാനാണ്. ലക്ഷ്മിയുടെ മകന് നാലു വയസു മാത്രമാണുള്ളത്. അമ്മയെ കാണാനായി നാലു വയസുകാരന്‍ ചെന്നൈയില്‍ എത്തിയെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ അനുവാദം നല്‍കിയില്ല. ഇതിനെ ചൊല്ലി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ലക്ഷ്മിയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് മകനെ ബിഗ് ബോസില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ കാരണമെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. തന്റെ അറിവോടെയാണ് മകന്‍ ചെന്നൈയില്‍ എത്തിയതെന്നും അദ്ദേഹം തന്റെ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.
ലക്ഷ്മിയും മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കാതിരുന്ന ബിഗ് ബോസിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. അമ്മയെ കാണാനുള്ള വലിയ ആഗ്രഹത്തിലാണ് മകന്‍ ചെന്നൈയിലെത്തിയത്. എന്നാല്‍ ലക്ഷ്മിക്ക് കാണാനായത് അമ്മയെ മാത്രമാണ്. മകനെ പുറത്തു നിര്‍ത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലക്ഷ്മിയുടെ മകന്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയിരുന്നെങ്കില്‍ അത് വലിയ വൈകാരിക നിമിഷങ്ങള്‍ സൃഷ്ടിച്ചേനെ. ഒരു കൊച്ചു കുട്ടിയുടെ സാന്നിധ്യം മറ്റു മത്സരാര്‍ത്ഥികള്‍ക്കും വലിയ ആഹ്ലാദമായേനെ. എന്നാല്‍ ബിഗ് ബോസിന്റെ കടുംപിടുത്തം കാരണം ലക്ഷ്മിക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ ഷാനവാസിന്റെ കുഞ്ഞു മകള്‍ ബിഗ് ബോസില്‍ എത്തിയത് വലിയ വൈകാരിക രംഗങ്ങളാണ് പ്രേക്ഷകന് സമ്മാനിച്ചത്.
അതേസമയം ലക്ഷ്മിക്ക് കുഞ്ഞിനെ കാണാനാകാത്തതിന്റെ പിന്നില്‍ ലക്ഷ്മിയുടെ തന്നെ പ്രവര്‍ത്തി കൊണ്ടാണെന്ന വിലയിരുത്തലും വരുന്നുണ്ട്. ആദിലയും തമ്മിലുള്ള ബന്ധം തന്റെ മകനെ തെറ്റായി സ്വാധീനിക്കുമോ എന്ന പേടി തനിക്കുണ്ടെന്ന് ലക്ഷ്മി പറഞ്ഞതാണ് ലക്ഷ്മിക്ക് തന്നെ വിനയായത് എന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതില്‍ ചില കമന്റുകള്‍ ശ്രദ്ധേയമാണ്:
'ആളല്ലേ പറഞ്ഞത്, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരെ തന്റെ മകന്‍ കാണുന്നതേ ഭയക്കുന്നു എന്ന്. അപ്പോ ബിഗ് ബോസ് ചെയ്തതൊരു നല്ല കാര്യമല്ലേ? ഇനി ബിഗ് ബോസില്‍ വല്ലവരെയും കണ്ട് തന്റെ മകന്‍ ചീത്തയായി എന്ന് പറയാന്‍ ഇടവരുതല്ലോ' - ഇതായിരുന്നു ഒരു കമന്റ്.
രുക്മിണി എന്ന പ്രൊഫൈലില്‍ നിന്നു വന്ന കമന്റ് ശ്രദ്ധേയമാണ് - 'ലക്ഷ്മിയുടെ വാ വിട്ട വാക്കുകള്‍ തന്നെയാണ് ആ കൊച്ചുകുട്ടിക്ക് അമ്മയെ കാണാനുള്ള അവസരം നിഷേധിച്ചത്. ആദിലയെയും നൂറയെയും അവരുടെ മുന്‍പില്‍ വെച്ച് ക്രൂരമായി അപമാനിച്ചത് ഓര്‍മയില്ലേ? വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അപമാനിക്കുമ്പോള്‍, വളര്‍ന്നുവരുന്ന തന്റെ mislead ചെയ്യാനുള്ള possibility അവരുടെ പ്രവൃത്തികള്‍ക്ക് ഉണ്ടാകും എന്നാണല്ലോ ലക്ഷ്മി പറഞ്ഞത്. അതുകൊണ്ടായിരിക്കും ആദിലയും നൂറയും ഉള്ള സ്ഥലത്തേക്ക് കുട്ടിയെ കയറ്റുന്നത് തടഞ്ഞത്. അഹങ്കാരിയായ ലക്ഷ്മിക്കുള്ള തിരിച്ചടിയാണ് ബിഗ്ബോസ് നല്‍കിയത്. വാക്കുകള്‍ പറയുമ്പോള്‍ സൂക്ഷിക്കേണ്ടതായിരുന്നു. ലെസ്ബിയന്‍ കപ്പിള്‍ ബിഗ് ബോസില്‍ ഉണ്ട് എന്നറിഞ്ഞു തന്നെയാണല്ലോ ലക്ഷ്മി ബിഗ്ബോസില്‍ കയറിയത്. ലക്ഷ്മിക്ക് കിട്ടിയത് കിട്ടേണ്ട അടിത്തന്നെയാണ്. പക്ഷേ അമ്മയുടെ പെരുമാറ്റ ദൂഷ്യം കാരണം ആ കൊച്ചുകുട്ടിക്ക് അമ്മയുടെ സാമീപ്യം നഷ്ടപ്പെട്ടു. അതില്‍ സങ്കടം ഉണ്ട്'.
സുനിത എന്നയാള്‍ കുറിച്ച കമന്റ് ഇങ്ങനെ: ആ കൊച്ചിനെ കാണിക്കാത്തത് മോശമായി. ഷാനവാസിന്റെ മോളെ കൊണ്ട് വന്നു. അതിനു കുഴപ്പം ഇല്ല. അമ്മയെ കാണാന്‍ ആശിച്ചു വന്നിട്ട് ആ മോന്റെ സന്തോഷം ബിഗ് ബോസ് ഇല്ലാതെയാക്കി. അതോ ലക്ഷ്മി ഈ ആഴ്ച പുറത്താക്കാം എന്ന് കരുതി ആണോ?












Click it and Unblock the Notifications