ബിഗ് ബോസ് ഒരു എപ്പിസോഡിന് പ്രതിഫലം 1 കോടി; കമൽഹാസന് പകരം എത്തുന്നത് ഈ താരമെന്ന് റിപ്പോർട്ട്
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, കന്നഡ, മറാത്തി, തമിഴ്, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിൽ ബിഗ് ബോസ് ഷാ ഉണ്ട്. ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് ഷോയുടെ അവതാരകർ തന്നെയാണ്. ഹിന്ദിയിൽ സൽമാൻ ഖാൻ, കന്നഡയിൽ കിച്ചാ സുധീപ്, തെലുങ്കിൽ നാഗാർജ്ജുന , മലയാളത്തിൽ മോഹൻലാൽ, തമിഴിൽ കമൽഹാസൻ ഇങ്ങനെ പോകുന്നു അവതാരകർ.
അടുത്തിടെ ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് താൻ മാറി നിൽക്കുകയാണെന്ന് കമൽഹാസൻ അറിയിച്ചിരുന്നു. ചില സിനിമകൾ പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് ഇപ്പോൾ ബ്രേക്ക് എടുക്കുന്നത് എന്നാണ് കമൽഹാസൻ അറിയിച്ചത്. ഇതോടെ കമലിന് പകരം ആരായിരിക്കും ഷോ അവതരിപ്പിക്കാൻ എത്തുകയെന്ന ആകാംക്ഷ നിലനിൽക്കുകയാണ്.

തുടക്കത്തിൽ നടി നയൻതാരയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നത്. തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. നയൻസിനെ പോലൊരു താരം അവതാരകയായി എത്തുന്നത് വമ്പൻ മാറ്റങ്ങൾ തന്നെ ഷോയിൽ ഉണ്ടാക്കുമെന്ന അഭിപ്രായങ്ങൾ ശക്തമായിരുന്നു. എന്നാൽ നയൻ താരയല്ലേ മറ്റൊരു സൂപ്പർ താരമാണ് അവതാരകനായി എത്തുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിജയ് സേതുപതിയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്.
നേരത്തേ തന്നെ ടിവി ഷോകളിൽ വിജയ് സേതുപതി അവതാരകനായിട്ടുണ്ട്. നമ്മ ഊര് ഹീറോ മാസ്റ്റർ ഷെഫ് തുടങ്ങിയ ഷോകളിലാണ് അദ്ദേഹം അവതാരകനായി എത്തിയിരുന്നത്. മാത്രമല്ല 'മക്കൾ സെൽവൻ' ബിഗ് ബോസ് അവതാരകനായി എത്തുന്നത് ഷോയുടെ ജനപ്രീതി കൂട്ടുകയേ ഉള്ളൂവെന്ന വിലയിരുത്തലുകളും ഉണ്ട്.
അതേസമയം വിജയ് സേതുപതി അവതാരകനായി എത്തിയാൽ അദ്ദേഹത്തിന് ഒരു എപ്പിസോഡിന് ഒരു കോടിയായിരിക്കും പ്രതിഫലം എന്ന അനൗദ്യോഗിക റിപ്പോർട്ടുകളും ഉണ്ട്. നേരത്തേ ബിഗ് ബോസ് സീസൺ 8 നായി കമൽഹാസൻ വാങ്ങിയ പ്രതിഫലം 130 കോടിയായിരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ് സേതുപതി ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 15 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വിവിധ ബ്രാൻഡുകളുടെ പരസ്യത്തിൽ നിന്നുള്ള വരുമാനം വേറെയും അദ്ദേഹത്തിന് ഉണ്ട്.
അതേസമയം വിജയ് സേതുപതി അല്ലെങ്കിൽ ശരത് കുമാർ ആകുമോ അടുത്ത അവതാരകൻ എന്ന ചർച്ചയും ഉണ്ട്.
എന്തായാലും ബിഗ് ബോസ് ഷോയുടെ അവതാരകൻ ആരായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications