'ഉണ്ണി പോപ്പുലർ ആയപ്പോൾ ചുളുവിനൊരു കുമ്മനടി', ഉണ്ണി മുകുന്ദനെ പൊക്കിയടിച്ച അഖിൽ മാരാർക്ക് പരിഹാസം
മാർക്കോ നേടിയ കൂറ്റൻ വിജയത്തോടെ ഉണ്ണി മുകന്ദൻ മലയാളത്തിലെ മുൻനിര നായകരുടെ നിരയിൽ ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ബോളിവുഡിലും മാർക്കോ തരംഗമായി മാറി. മാർക്കോയുടെ വരവോടെ മലയാളത്തിലെ പുതിയ സൂപ്പർസ്റ്റാറായി ഉണ്ണി മുകുന്ദൻ മാറിയെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.
അതിനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. 2014ൽ ആദ്യമായി കണ്ടപ്പോഴുളള ഉണ്ണിയും പത്ത് വർഷങ്ങൾക്കിപ്പുറത്തുളള ഉണ്ണിയും തമ്മിലുളള വ്യത്യാസം അഖിൽ ചൂണ്ടിക്കാട്ടുന്നു. ഉണ്ണി മുകുന്ദനൊപ്പമുളള ചിത്രവും അഖിൽ പങ്കുവെച്ചിട്ടുണ്ട്.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: 2014 ൽ ഇടപ്പള്ളിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ ആദ്യമായി ഞാൻ ഉണ്ണിയെ കാണുമ്പോൾ ആ വീടിന്റെ ഭിത്തിയിൽ സൂപ്പർ മാനും,ബ്രൂസ് ലിയും, ജാക്കി ചാനും ഒക്കെ ആയിരുന്നു.. 10വർഷം പിന്നിടുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റ് അടിച്ച ഒരു ചിത്രത്തിന്റെ ആക്ഷൻ ഹീറോ...
വീടിന്റെ ഭിത്തിയിൽ അല്ല പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ ആയി ഉണ്ണി മാറിയിരിക്കുന്നു. കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ.. പരാജയങ്ങളുടെ പടു കുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയം..മുന്നോട്ടുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും.
അതേസമയം അഖിൽ മാരാരുടെ കുറിപ്പിനെ പിന്തുണച്ചും പരിഹസിച്ചുമാണ് കമന്റ് ബോക്സിൽ പ്രതികരണങ്ങൾ നിറയുന്നത്. രണ്ടുപേരും ഒറ്റക് വഴി വെട്ടി വന്നവർ ആണെന്നും വ്യക്തമായ നിലപാടുകൾ ഉള്ള രണ്ടു ചുണക്കുട്ടികൾ ആണെന്നുമാണ് ചില കമന്റുകൾ. 'ഉണ്ണി ഇപ്പോൾ പോപ്പുലർ ആയത് കൊണ്ട് ചുളുവിൽ ഒരു കുമ്മനടി' എന്നാണ് അഖിൽ മാരാരെ പരിസഹിച്ച് കൊണ്ടുളള ഒരു കമന്റ്. ''ഒരുത്തൻ ഉയർന്നു വരുമ്പോൾ പിന്നെ കണ്ണിൽ കണ്ടവർ എല്ലാം ഞാനും ഓന്റെ ഫ്രണ്ട് ആണേന്ന് കാണിക്കാൻ ഇതുപോലെ ഓരോന്ന് ഇടും'' എന്നും പരിഹാസമുണ്ട്..
'ഇരുപത് പടം ചെയ്ത് ചക്ക ഇട്ട് മുയൽ ചത്ത പോലെ ഒരു പടം ഹിറ്റ് ആയതിനാണോ ഈ തള്ളി മറിക്കുന്നത്' എന്നാണ് ഒരു കമന്റ്. അതിനിടെ അഖിൽ മാരാർ വയനാട് ദുരത ബാധിതർക്ക് വെച്ച് കൊടുക്കാമെന്ന് ഏറ്റ വീട് പണി ഏത് വരെയായി എന്നൊരു ചോദ്യവും കമന്റ് ബോക്സിലുണ്ട്.












Click it and Unblock the Notifications