തമിഴ് ബോക്സ് ഓഫീസ്: 2023 ലെ വന്‍ ദുരന്തങ്ങള്‍; പട്ടികയില്‍ കാർത്തി മുതല്‍ വിജയ് സേതുപതി വരെ
തമിഴ് സിനിമാ ലോകത്തെ സംബന്ധിച്ച് 2023 വന്‍ വിജയങ്ങളുടെ വർഷമായിരുന്നു. രജനീകാന്തിന്റെ ജയിലറും വിജയിയുടെ ലിയോയും കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചപ്പോള്‍ മാർക്ക് ആന്റണി, മാമന്നന്‍, ജിഗർതണ്ട ഡബിള്‍ എക്സ്എല്‍, ചിറ്റ, പൊന്നിയന്‍ സെല്‍വന്‍ 2, വാരിസ്, തുനിവ് എന്നിങ്ങനെ നിരവധി വിജയ ചിത്രങ്ങളാണ് ഈ വർഷം തമിഴിലുണ്ടായത്.
വിജയ ചിത്രങ്ങളുടെ കഥ പറയുമ്പോള്‍ തന്നെ മറുവശത്ത് വന്‍ പ്രതീക്ഷയുമായി എത്തി പരാജയമായി മാറിയ ചിത്രങ്ങലും കടന്ന് പോകുന്ന വർഷം തമിഴ് സിനിമാ ലോകത്ത് ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ വലിയ പരാജയമായി മാറിയ ഏതാനും ചിത്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മൈക്കിള്‍
വിജയ് സേതുപതിയും സുൻദീപ് കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു മൈക്കിള്‍. ദിവ്യാൻഷ കൗശിക്, ഗൗതം മേനോൻ, വരുൺ സന്ദേശ്, അയ്യപ്പ ശർമ്മ, അനസൂയ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വലിയ പ്രമോഷനായിരുന്നു അണിയറ പ്രവർത്തകർ ചിത്രത്തിന് വേണ്ടി നടത്തിയത്. മോശം തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ടു.
'പിച്ചൈക്കാരൻ' 2
വിജയ് ആന്റണിയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 'പിച്ചൈക്കാരൻ'. നടനായി മാറിയ സംഗീത സംവിധായകൻ 'പിച്ചൈക്കാരൻ 2' എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ഏറെ കാത്തിരുന്ന തുടർഭാഗം ഏപ്രിലിലാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം ആരാധകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. 'പിച്ചൈക്കാരൻ 2'ന് ശരാശരിയിലും താഴെയുള്ള അഭിപ്രായമാണ് ലഭിച്ചത്.
ഇരൈവന്‍
ജയം രവി നായകനായ 'ഇരൈവൻ' എന്ന സൈക്കോ-ത്രില്ലർ കഴിഞ്ഞ സെപ്റ്റംബറിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഐ അഹമ്മദിന്റെ സംവിധാനം ആരാധകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെട്ടു, 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രം ജയം രവി ആരാധകരെ തീർത്തും നിരാശരാക്കി.
ചന്ദ്രമുഖി-2
രജനികാന്ത് നായകനായി 2005-ൽ പുറത്തിറങ്ങിയ 'ചന്ദ്രമുഖി' തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മലയാളത്തിന്റെ സ്വന്തം മണിച്ചിത്രതാഴുടെ രണ്ടാം ഭാഗവുമാണ് ചന്ദ്രമുഖി. രാഘവ ലോറൻസ്, കങ്കണ റണാവത്ത്, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പി വാസു ചന്ദ്രമുഖി 2 സംവിധാനം ചെയ്തത്. സെപ്റ്റംബറിൽ 'ചന്ദ്രമുഖി 2' തിയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും ചിത്രത്തിന് യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല.
ജപ്പാന്‍
നടൻ കാർത്തിയുടെ 25-ാമത്തെ ചിത്രമായിരുന്നു 'ജപ്പാൻ'. ദീപാവലി ദിനത്തില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ചിത്രം റിലീസിന് എത്തിയത്. കാർത്തിയുടെ നാഴികക്കല്ലായ ചിത്രം നിർമ്മാതാക്കൾ നന്നായി പ്രൊമോട്ട് ചെയ്യുകയും ചിത്രത്തിന് ഗംഭീരമായ വൈഡ് റിലീസും ഉണ്ടായിരുന്നു. എന്നാൽ രാജു മുരുകന്റെ സംവിധാനം എല്ലാ വശങ്ങളിലും ദുർബലമായി കാണപ്പെട്ടു. ചിത്രം ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുകയും ബോക്സ് ഓഫീസില്‍ ദുരന്തമായി മാറുകയും ചെയ്തു.












Click it and Unblock the Notifications