'മാല പൊട്ടിച്ചതിന് എന്നെ അടിച്ചു'.. ഭാര്യക്ക് ബെസ്റ്റി ആകാമോ? ബിജു മേനോന്റെ മറുപടി ഇങ്ങനെ
കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബിജു മേനോൻ. നടനായും സഹനടനായും വില്ലനായും കോമഡി ചെയ്തുമെല്ലാം താരം കൈയ്യടി നേടിയിട്ടുണ്ട്. 'നടന്ന സംഭവം' ആണ് ബിജു മേനോന്റേതായി ഇനി തീയറ്ററിൽ ഇറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിക്കിടെ ചില രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.
ബിജു മേനോനും സുധി കോപ്പയും സുരാജ് വെഞ്ഞാറമൂടുമായിരുന്നു പ്രമോഷന് എത്തിയത്. അഭിമുഖത്തിനിടെ താരങ്ങളുടെ ജീവിതത്തിൽ തീയറ്ററിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവത്തെ കുറിച്ച് പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുട്ടിക്കാലത്ത് സംഭവിച്ച രസകരമായൊരു ഓർമ ബിജു മേനോൻ പങ്കുവെച്ചു. നടന്റെ വാക്കുകൾ ഇങ്ങനെ

'ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ പോയിട്ട് എനിക്ക് അടി കിട്ടി. അതൊരു നടന്ന സംഭവമാണ്. അന്ന് ഭയങ്കര തിരക്കാണ്. ഗെയ്റ്റ് തുറന്നിട്ടില്ല. ക്ലാസ് കട്ട് ചെയ്ത് പോയതാണ്. ഭയങ്കര ചൂടായിരുന്നു. എന്റെ മുന്നില്‍ നിന്നയാള്‍ ഷര്‍ട്ട് തുറന്നിട്ടിരിക്കുകയായിരുന്നു. അയാൾക്ക് നല്ല ഇറക്കത്തിലുള്ള ഒരു മാലയും ഉണ്ട്. ഗേറ്റ് തുറന്ന സമയത്ത് എല്ലാവരും ഓടി. ഓടുന്ന സമയത്ത് അയാളുടെ മാല എൻറെ കൈയ്യിൽ കുടുങ്ങി പൊട്ടിപ്പോയി. മാല പൊട്ടിച്ചതിന് ഒരു അടി തന്നു, പിന്നെ അയാൾ പോയി. അന്ന് സ്കൂളിൽ വിന്നും കട്ട് ചെയ്ത് പോയി കണ്ട സിനിമയായതിനാൽ ഒന്നും പറയാൻ പറ്റില്ലല്ലോ', ചിരിച്ചുകൊണ്ട് ബിജു മേനോൻ പറഞ്ഞു. എന്നാലും സ്കൂൾ യൂനിഫോമിട്ട കുട്ടിയെ തല്ലാൻ പാടില്ലായിരുന്നുവെന്നും നടൻ തമാശയോടെ പറയുന്നുണ്ട്.
തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടൻ സുധി കോപ്പോയും പറഞ്ഞു. എറണാകുളം സരിതയിൽ വെച്ചുണ്ടായ അനുഭവമാണ് താരം പങ്കിട്ടത്. തീയറ്ററിൽ പോലീസുകാർ ഉണ്ടാകും. അവർ അടിക്കും. മതിലിന്റെ മതിലിന്റെ മുകളില്‍ നില്‍ക്കുയാകും നമ്മള്‍. കൗണ്ടർ തുറക്കുന്നതോടെ ആരെങ്കിലും ചാടാൻ നമ്മളോട് പറയും. ചാടുമ്പോൾ പോലീസുകാർ തല്ലും. ഒരിക്കൽ ദളപതി സിനിമയുടെ സമയത്താണെന്ന് തോന്നുന്നു ചാടിക്കോട എന്ന് പറഞ്ഞപ്പോൾ ഞാൻ ചാടി. ബാക്കിയുള്ളവർ ചാടിയില്ല. ഇതോടെ പോലീസുകാർ എന്നെ മുതുകത്തിട്ട് അടിച്ച് വീണ്ടും മതില് കയറ്റി. അന്ന് പെണ്ണുങ്ങളുടെ മുന്നിൽ നിന്നാണ് അടിക്കുന്നത്. ആദ്യായിട്ട് വില പോകുന്നത് അന്നാണ്', സുധി കോപ്പ പറഞ്ഞു.
ജീവിതത്തിൽ പേടിച്ചുവിറച്ചൊരു സംഭവത്തെ കുറിച്ചും ബിജു മേനോൻ അഭിമുഖത്തിൽ പങ്കുവെച്ചു. 'ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള സംഭവമാണ്. തൊട്ടടുത്ത വീട്ടിലെ ആൾ തൂങ്ങി മരിച്ചു. എല്ലാവരും കാണാൻ പോയി. അയാളുടെ കെട്ടഴിച്ച് താഴെയിറക്കിയപ്പോൾ അയാൾ ശ്വാസം വിട്ടു. അത് കണ്ടതോടെ ഞങ്ങളെല്ലാവരും പേടിച്ചോടി', എന്നാണ് താരം പറഞ്ഞത്.
നടന്ന സംഭവങ്ങൾ എന്ന സിനിമയുടെ തീമിനെ കുറിച്ചും ബിജു മേനോൻ അഭിമുഖത്തിൽ പറഞ്ഞു. 'ഓരോ ദിവസവും നമ്മുക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ഇന്ന് നമ്മൾ ചെയ്തൊരു തെറ്റ് വേറൊരാൾ കറക്ട് ചെയ്യും. നമ്മൾ ചെയ്തത് എപ്പോഴും ശരിയാകണമെന്നില്ല. നമ്മൾ എപ്പോഴും പെർഫെക്ട് അല്ലല്ലോ. ചിലപ്പോൾ നമ്മുക്ക് തോന്നില്ലേ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു, സംസാരിക്കാൻ പാടില്ലായിരുന്നുവെന്ന് അങ്ങനെ തോന്നാൻ പാടില്ലായിരുന്നുവെന്നൊക്കെ. അങ്ങനെയുള്ള ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങൾ പെറുക്കിയെടുത്ത് ചെയ്യുന്നതാണ് നടന്ന സംഭവങ്ങൾ എന്ന സിനിമ', നടൻ വിവരിച്ചു.
ഭർത്താക്കൻമാർക്ക് ബെസ്റ്റിയാകാം പക്ഷെ ഭാര്യമാർക്ക് പാടില്ലെന്ന് പറയുന്നതിനോട് താങ്കൾക്ക് എന്തുതോന്നുന്നുവെന്ന ചോദ്യത്തിന് അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും ഓരോരുത്തരും ജീവിതത്തെ എങ്ങനെ എടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നും നടൻ പറഞ്ഞു.












Click it and Unblock the Notifications