ലൊക്കേഷനിലേക്ക് വന്ന മമ്മൂട്ടി ബഹളം തുടങ്ങി: എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞതോ? ബ്ലെസി പറയുന്നു
കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള എണ്ണം പറഞ്ഞ എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിന്റേത് എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ തട്ടില്‍ ഇടംപിടിച്ച സംവിധായകനാണ് ബ്ലെസി. ബ്ലെസി സംവിധാനം ചെയ്ത എട്ട് സിനിമകളില്‍ ആറിലും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ആദ്യ ചിത്രമായ കാഴ്ച, പളുങ്ക് എന്നിവയാണ് മമ്മൂട്ടി-ബ്ലെസി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തില്‍ ബ്ലെസി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഭ്രമരം, തന്മാത്ര, പ്രണയം എന്നീ ചിത്രങ്ങളും ബ്ലെസി സംവിധാനം ചെയ്തു.
രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ദ ന്യൂ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി വിശദമായി തന്നെ പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. 'രണ്ടുപേരുടെയും സ്വഭാവവും മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അഭിനയത്തിലെ വ്യത്യാസവമൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ഞാൻ പ്രത്യേകിച്ച് അതിനെ കുറിച്ച് പറയേണ്ടതില്ല' ബ്ലെസി പറയുന്നു.

നോരത്തെയൊക്കെ വലിയ ക്രൗഡുള്ള സ്ഥലത്താണ് ഷൂട്ടിങെങ്കില്‍ മമ്മൂക്ക ഭയങ്കരമായി ഡിസ്റ്റർബ്ഡാകും. ഒരിക്കല്‍ എടത്വാ പള്ളിയുടെ പരിസരത്താണ് ഷൂട്ടിങ്. വലിയ ക്രൗഡുണ്ട്. അപ്പോള്‍ മമ്മൂട്ടി എന്നോട് പറഞ്ഞത് 'നീ എന്താണ് വിചാരിച്ചത്, ഞാന്‍ മമ്മൂട്ടിയാണ് മാധവനല്ല' എന്നായിരുന്നു. മമ്മൂക്ക മമ്മൂട്ടിയാണെന്ന് വിചാരിച്ച് എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റില്ല മാധവനായിട്ടെ എനിക്ക് കാണാൻ പറ്റുകയുള്ളൂവെന്നായിരുന്നു എന്റെ മറുപടി.
ആദ്യ സിനിമ ചെയ്യുമ്പോൾ മമ്മൂക്കയോട് അങ്ങനെ പറയാൻ ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഗുരുത്വം കൊണ്ടായിരിക്കാം. അതുപോലെ ഒരാളില്‍ നിന്നാണല്ലോ ഞാന്‍ വരുന്നത്. മമ്മൂട്ടിയുമായി വളരെ സ്നേഹത്തിലുള്ള ഒരു ബന്ധമാണ്. അതുകൊണ്ട് തന്നെ പറഞ്ഞത് അദ്ദേഹം മനസ്സിലാക്കുമെന്നും ബ്ലെസി അഭിമുഖത്തില്‍ പറയുന്നു.
നീ നന്നായി ഷൗട്ട് ചെയ്ത് ശബ്ദമെടുത്ത് സംസാരിച്ചാല്‍ മാത്രമേ സെറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്ന് മമ്മൂട്ടി എന്നെ ഉപദേശിക്കുമായിരുന്നു. അന്നൊക്കെ തീരെ ശബ്ദം കുറഞ്ഞ ഒരു വ്യക്തിയായിരുന്നു ഞാന്‍. പളുങ്ക് സിനിമയുടെ ഷൂട്ട് നടക്കുന്നത് തോപ്രാംകുടിയിൽ ഭയങ്കര കുത്തനെയുള്ള ഇറക്കത്തിലായിരുന്നു.
ഞാന്‍ ഷൂട്ടിങ് ആരംഭിച്ച്, രണ്ട് ദിവസം കഴിഞ്ഞാണ് മമ്മൂട്ടി സെറ്റിലെത്തുന്നത്. മമ്മൂട്ടിയുടെ കാറൊന്നും അങ്ങോട്ടേക്ക് എത്തില്ല. ജീപ്പില്‍ കയറിയും നടന്നും വേണം എത്താന്‍. വരുമ്പോള്‍ തന്നെ മമ്മൂട്ടി ബഹളം തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ് ഭാര്യ വിളിക്കുന്നത്. 'ഇത് ഭൂമിയുടെ അറ്റമാണ്, ഇവിടെ കഴിഞ്ഞാല്‍ അപ്പുറത്ത് നരകമാണെന്ന് തോന്നുന്നു എന്നായിരുന്നു' പുള്ളി ഭാര്യയോട് പറഞ്ഞത്. മമ്മൂട്ടിയുടേത് ഒരുതരം സ്നേഹത്തോടെയുള്ള ദേഷ്യപ്പെടലാണ്. അദ്ദേഹത്തെ നമ്മള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കണം.
ഭ്രമരം ഷൂട്ട് ചെയ്യുന്നത് നെല്ലിയാമ്പതിയുടെ ഒരു ഉള്‍ പ്രദേശത്തായിരുന്നു. വെള്ളമോ ജനറേറ്ററോ പോലും എത്താത്ത പ്രദേശമാണ്. അവിടുത്തെ ഷൂട്ടിങ്ങിന് ആർക്കും താല്‍പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ ലൊക്കേഷന്‍ മാറ്റാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അതിന് വേണ്ടി കലഹം വരെയുണ്ടായി. ലലേട്ടനോട് കാര്യം പറഞ്ഞപ്പോള്‍ സാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാലല്ലേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളുവെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ എല്ലാവരുടേയും പരാതി തീർന്നെന്നും ബ്ലെസി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications