വിജയിയ്ക്ക് 275 കോടി! അനിമല്‍ ബ്രഹ്‌മാണ്ഡ ഹിറ്റായിട്ടും ബോബിക്ക് പ്രതിഫലം കൂട്ടിയില്ല; ലഭിക്കുന്നത് ഇത്ര
അഭിനയരംഗത്ത് നിന്നും മാറി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പുറപ്പാടിലാണ് വിജയ്. വിജയിയുടെ അവസാന ചിത്രം എന്ന നിലയ്ക്ക് വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം). എന്നാല്‍ പിന്നീടാണ് അതിന് ശേഷം ഒരു ചിത്രത്തില്‍ കൂടി താരം കരാറൊപ്പിട്ടിട്ടുണ്ട് എന്ന വാര്‍ത്ത വന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദളപതി 69 എന്നാണ് പേരിട്ടിരിക്കുന്നത്.
ഗോട്ടിന് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷയെല്ലാം ദളപതി 69 ലാണ്. ബിഗ് ബജറ്റ് ചിത്രമായ ഇത് നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സാണ്. ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. പൂജാ ഹെഗ്ഡെയാണ് നായിക. ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഇവര്‍ക്കൊപ്പം ബോളിവുഡ് താരം ബോബി ഡിയോള്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. 2023 ലെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ അനിമലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ബോബി ഡിയോള്‍ കോളിവുഡിലേക്ക് എത്തുന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമലിലെ പ്രതിനായക വേഷം ബോബി ഡിയോളിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു.
ഇതിന് പിന്നാലെ സൂര്യയുടെ കങ്കുവ, പവന്‍ കല്യാണിന്റെ ഹരി ഹര വീര മല്ലു എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലും താരം വേഷമിട്ടു. എന്നാല്‍ ദളപതി 69 ലേക്ക് എത്തുമ്പോള്‍ അനിമലില്‍ നിന്ന് ഒരു രൂപ പോലും അദ്ദേഹത്തിന്റെ പ്രതിഫലം വര്‍ധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രാക്ക് ടോളിവുഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബോബി ഡിയോള്‍ 5 കോടി രൂപയാണ് ഈ സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത്.
വിജയ് ഈ ചിത്രത്തിനായി 275 കോടി രൂപയാണ് വാങ്ങുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് ഒരു സിനിമയില്‍ ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. എന്നാല്‍ വിജയിയുടെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.8% മാത്രമാണ് ബോബി ഡിയോളിന്റെ പ്രതിഫലം. പൊതുവെ മികച്ച ബോക്‌സോഫീസ് ഹിറ്റുകള്‍ക്ക് ശേഷം മുന്‍നിര അഭിനേതാക്കള്‍ പ്രകതിഫലം കുത്തനെ കൂട്ടാറാണ് പതിവ്.
എന്നാല്‍ ബോബി ഡിയോളിന്റെ പ്രതിഫലത്തില്‍ ഒരു വര്‍ഷത്തിന് ശേഷവും മാറ്റമില്ല എന്നതാണ് ശ്രദ്ധേയം. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന്റെ ആല്‍ഫ, പ്രിയദര്‍ശന്റെ കോമഡി ത്രില്ലര്‍, അനുരാഗ് കശ്യപ് ചിത്രം, അബ്ബാസ് മസ്താന്‍ ചിത്രം, ആര്യന്‍ ഖാന്റെ വെബ്‌സീരീസ് എന്നിങ്ങനെ കൈനിറയെ അവസരങ്ങളാണ് ബോബി ഡിയോളിന് വന്നിരിക്കുന്നത്.












Click it and Unblock the Notifications