നടന്മാര്‍ വൈകിയെത്തുന്നതിനെതിരേ അക്ഷയ് കുമാര്‍; 'താരങ്ങള്‍ രാത്രി പുറത്തുവരുന്നു. ഞാന്‍ സൂര്യനാണ്'
സമീപകാലത്ത് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ബോളിവുഡില്‍ താരപ്രഭ മങ്ങാത്ത നടനാണ് അക്ഷയ് കുമാര്‍. അതിനു കാരണം സിനിമയോടുള്ള പാഷനും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ്. സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കാനും മികച്ച കോമഡി നമ്പറുകളിലൂടെ ചിരിപ്പിക്കാനും അക്ഷയ് കുമാറിന് ഒരുപോലെ സാധിച്ചിട്ടുണ്ട്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അക്ഷയ്. ബോളിവുഡിലെ ദീര്‍ഘകാലമായുള്ള തന്റെ ആധിപത്യത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തുന്നതിനൊപ്പം പുതിയ താരങ്ങളുടെ ഷൂട്ടിങ് സെറ്റിലെ അച്ചടക്കമില്ലായ്മയെയും അക്ഷയ് കുമാര്‍ വിമര്‍ശിക്കുന്നു.

57 കാരനായ നടന്റെ ഫിറ്റ്‌നസ്, അച്ചടക്കം, കൃത്യനിഷ്ഠ, ആരോഗ്യകരമായ ജീവിതശൈലി എന്നിവ ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. പുലര്‍ച്ചെ നാലു മണിക്ക് ഉണരുന്ന നടന്‍ ഷൂട്ടിങ് ഇല്ലെങ്കില്‍ രാത്രി 9 30 ന് കൃത്യമായി ഉറങ്ങും. സെറ്റിലേക്ക് എത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ കൃത്യനിഷ്ഠ പാലിച്ചിട്ടുള്ളതും അക്ഷയ് കുമാറാണ്. ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്കൊപ്പം ഒരു ടെലിവിഷന്‍ പരിപാടിയിലാണ് അക്ഷയ് കുമാര്‍ ജീവിതത്തില്‍ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.
താരങ്ങള്‍ക്ക് അച്ചടക്കമില്ലെന്നും സെറ്റില്‍ വൈകി എത്തുന്നുവെന്നുമുള്ള ആരോപണങ്ങളിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം തേടിയത്. നടന്റെ പ്രതികരണം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'എനിക്ക് താരമാകാന്‍ ആഗ്രഹമില്ല. കാരണം നക്ഷത്രങ്ങള്‍ രാത്രിയിലാണ് തെളിയുന്നത്. എനിക്ക് സൂര്യനാകാനാണ് ആഗ്രഹം' - ഇതാണ് അക്ഷയ് പറഞ്ഞത്.
സാനിയ മിര്‍സയുടെ അച്ചടക്കത്തെയും അക്ഷയ് കുമാര്‍ പ്രശംസിക്കുന്നുണ്ട്. 'സാനിയ ഒരു കായിക താരമാണ്. നമ്മുടെ രാജ്യത്തിനായി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തി. അച്ചടക്കം എത്ര പ്രധാനമാണെന്ന് അവര്‍ക്കറിയാം. അച്ചടക്കമില്ലാതെ ഇതൊന്നും സാധ്യമല്ല. എന്നും പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നു, ടെന്നീസ് കളിക്കാന്‍ പോകേണ്ടിവരുന്നു. അത് എളുപ്പമായിരുന്നോ? അച്ചടക്കം തീര്‍ച്ചയായും ഒരു പ്രധാനപ്പെട്ട കാര്യമാണ്'.
ആളുകള്‍ എന്തുകൊണ്ടാണ് ഇത്ര നേരത്തെ ഞാന്‍ ഉറങ്ങുന്നതെന്ന് ചോദിക്കുമ്പോള്‍ നിരാശ തോന്നാറുണ്ടെന്നും അക്ഷയ് പറഞ്ഞു. 'സര്‍, നിങ്ങള്‍ എന്തിനാണ് ഇത്ര നേരത്തെ ഉറങ്ങുന്നത്?' ധാരാളം മാധ്യമങ്ങളും ഇക്കാര്യം ചോദിക്കാറുണ്ട്. എന്തുകൊണ്ടാണ് അവര്‍ ഇത്രയും വൈകി ഉറങ്ങുന്നത് എന്നല്ലേ ചോദിക്കേണ്ടത്? അങ്ങനെയാണ് ചോദിക്കേണ്ടത്. പക്ഷേ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്.
സ്‌കൈഫോഴ്സ് എന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് അക്ഷയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ റിലീസായ ചിത്രം. ഹൗസ്ഫുള്‍ 5, ജോളി എല്‍എല്‍ബി 3, ഭൂത് ബംഗ്ല തുടങ്ങിയ സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്.












Click it and Unblock the Notifications