എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് കാജോള്‍ പ്രതികരിച്ചത് ഇങ്ങനെ; ബ്ലോക്ക്ബസ്റ്ററെന്ന് രാജമൗലി
മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം L2: എമ്പുരാന്റെ ട്രെയ്‌ലര്‍ ബുധനാഴ്ച്ച അര്‍ധരാത്രി റിലീസായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലര്‍ 15 മണിക്കൂറിനുള്ളില്‍ 49 ലക്ഷം പേരാണ് കണ്ടത്. ഹോളിവുഡ് നിലവാരത്തില്‍ എടുത്തിരിക്കുന്ന ചിത്രം പേക്ഷകര്‍ക്ക് പുതിയ കാഴ്ച്ചാനുഭവം നല്‍കുമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. രജനികാന്ത് ഉള്‍പ്പെടെ നിരവധി പ്രശസ്തരാണ് സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.
തെന്നിന്ത്യയില്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലും എമ്പുരാന്‍ വമ്പന്‍ വിജയമാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. തൊണ്ണൂറുകളില്‍ ബോളിവുഡ് അടക്കിവാണിരുന്ന നടി കാജോളും എമ്പുരാന്റെ ട്രെയ്‌ലര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ അഭിനന്ദിക്കുന്നു. ട്രെയ്‌ലര്‍ അതിശയകരമായി അനുഭവപ്പെട്ടു. തിയറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നാണ് താരസുന്ദരി ട്രെയ്‌ലറിന്റെ ലിങ്ക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനൊപ്പം കുറിച്ചത്.

ആഗോള തലത്തില്‍ മാര്‍ച്ച് 27 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും കഥാപശ്ചാത്തലവും കൊണ്ടാണ് രാജ്യാന്തര ശ്രദ്ധ നേടുന്നത്. കാജോളിനെ കൂടാതെ രജനീകാന്ത്, സംവിധായകരായ രാജമൗലി, രാംഗോപാല്‍ വര്‍മ തുടങ്ങിവരും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. രജനീകാന്താണ് എമ്പുരാന്റെ ട്രെയ്‌ലര്‍ ആദ്യമായി കണ്ടത്.
മൂന്ന് മിനിറ്റും 50 സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. ബാഹുബലി സംവിധായകന്‍ രാജമൗലിയും ചിത്രത്തിന്റെ വരവിനെ പ്രശംസകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ട്രെയ്ലര്‍ കണ്ടിട്ട് ഒരു ബ്ലോക്ക്ബസ്റ്ററിന്റെ വരവാണ് തനിക്ക് തോന്നിയതെന്ന് രാജമൗലി എക്‌സില്‍ കുറിച്ചു. 'ട്രെയിലറിന്റെ ആദ്യ ഷോട്ട് തന്നെ എന്നെ ആകര്‍ഷിച്ചു. മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യം ശരിക്കും ആകര്‍ഷകമായ അനുഭവമാണ്. അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍. എമ്പുരാന്‍ ഇതിനകം തന്നെ ഒരു ബ്ലോക്ക്ബസ്റ്ററായി തോന്നുന്നു. എമ്പുരാന്‍ ടീമിന് ഒരു ഗ്രാന്‍ഡ് റിലീസ് ആശംസിക്കുന്നു' - പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും ടാഗ് ചെയ്തുകൊണ്ട് രാജമൗലി എക്‌സില്‍ കുറിച്ചു. ഒപ്പം ട്രെയ്‌ലറിന്റെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.
അള്‍ട്രാ റിച്ച് കഥാപാത്രങ്ങളും അത്യധികം ഗംഭീരമായ ആക്ഷനും എന്നാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ ട്രെയ്‌ലര്‍ കണ്ടിട്ട് എക്‌സില്‍ കുറിച്ചത്. എമ്പുരാന്‍ സെറ്റ് രാം ഗോപാല്‍ വര്‍മ സന്ദര്‍ശിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എമ്പുരാന്റെ ടീം മികച്ചതാണെന്നും ബ്ലോക്ബസ്റ്റര്‍ ആണ് ഒരുങ്ങുന്നതെന്നും ആര്‍ജിവി അന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.
എമ്പുരാന്‍ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ജെറോം ഫ്‌ളിന്‍, ആന്‍ഡ്രിയ ടിവാഡര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, നൈല ഉഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
2019 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലെടുത്ത സിനിമയാണ് എമ്പുരാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications