'5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയുന്നു'; വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്ന് സീമ വിനീത്
വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്ന് വ്യക്തമാക്കി മെയ്ക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. സമൂഹമാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചു. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് തീരുമാനമെന്നും തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും പോസ്റ്റിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമ വിനീതിന്റെ വിവാഹ നിശ്ചയം. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന വരികളോടെ സീമ തന്നെയായിരുന്നു വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. നിശാന്ത് എന്ന യുവാവുമായിട്ടായിരുന്നു വിവാഹം ഉറപ്പിച്ചത്. വിവാഹ നിശ്ചയ ചടങ്ങുകളെല്ലാം അതിഗംഭീരമായിട്ടായിരുന്നു നടത്തിയത്. ഇരുവരും മോതിരങ്ങൾ കൈമാറുന്ന ചിത്രവും സീമ പങ്കുവച്ചിരുന്നു.

സീമയുടെ പുതിയ കുറിപ്പ് ഇങ്ങനെ- ' ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. നന്ദി... സീമ വിനീത്'.
അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'നമ്മുടെ സന്തോഷവും സമാധാനവും തന്നെ ആണ് പ്രധാനം, നിന്റെ തീരുമാനം നല്ലതിലേക്ക് ആകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ', എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ആദ്യം തന്നെ ഇങ്ങനൊരു തീരുമാനം എടുത്തത് നന്നായി,, വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞ് ആയിരുന്നു എങ്കിൽ ഒരുപാട് സങ്കടം ആയേനം,, ഇപ്പോഴും വിഷമം തന്നെ ആകും, എന്നാലും മുൻപോട്ടു പോകാൻ പറ്റില്ല എന്ന് തോന്നിയാൽ പിന്നീട് ഒരുപാട് ദുഃഖിക്കാതെ ഇരിക്കാൻ ഈ തീരുമാനം നല്ലതാണ്', എന്നായിരുന്നു മറ്റൊരു കമന്റ്.
'മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ , മനസ്സിന്റെ സമാധാനം കളയുന്ന എന്തിനെയും ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. ഒന്നിനെയും ഭാരമായി കൊണ്ട് നടന്ന് ജീവിതം പാഴാക്കരുത്', 'ഒരുപാട് സന്തോഷത്തോടെ കേട്ട വാർത്ത യായിരുന്നു സീമയുടെ വിവാഹനിശ്ചയം. ഇന്ന് കേട്ടപ്പോൾ സങ്കടം തോന്നിയെങ്കിലും സീമയുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക.ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക.ഈ കാലവും കടന്നു പോകും. കൂടുതൽ നല്ല വർക്കുകളും റീലുകളുമായി ഇനിയും സീമയെ കാണാൻ ആഗ്രഹിക്കുന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications