തരംഗമായി സെവന്‍ മൊമന്റ്സ് ടീസർ: ബിടിഎസ് ജൂണില്‍ തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ആരാധകർ
ജൂണിൽ തന്നെ ബിടിഎസ് തിരിച്ചെത്തുമോ? രണ്ട് വർഷം എണ്ണിയെണ്ണി കഴിഞ്ഞ ആരാധകർ ആവേശത്തിലാണ്. അവരുടെ പ്രതീക്ഷകൾക്ക് ബലം കൂട്ടിയതും കാത്തിരിപ്പിന് മധുരം പകർന്നതും ബിടിഎസിന്റെ മാതൃകമ്പനിയായ ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് ആണ്. ബിടിഎസ് സെവൻ മൊമെന്റ്സ് ടീസർ പുറത്തിറക്കി. പുതിയ വാർത്തകൾക്കായി കാത്തിരുന്ന ആർമി, ബിടിഎസിന്റെ ആരാധകവൃന്ദം ചാടിവീണു. മണിക്കൂറുകൾക്കകം ടീസർ ലക്ഷങ്ങൾ കണ്ടു. അടുത്ത മാസം രണ്ടിനാണ് ബിടിഎസ് സെവൻ മൊമന്റ്സ് എത്തുക. ഈ മാസം 19ന് തുടങ്ങിയ പ്രീ ബുക്കിങ് ഒരു കാര്യം ആവർത്തിച്ചുറപ്പിച്ചു, ബിടിഎസ് ഒരു സംഭവമാണെന്ന്.
അതിപ്പോൾ ഇത്ര പറയണോ എന്ന് മുഖം ചുളിക്കും ആർമിക്കാർ. ന്യായമുണ്ട് ആ പരിഭവത്തിന്. കാരണം ബിടിഎസ് ഉണ്ടാക്കിയ ആഗോളവിപ്ലവം മറ്റൊരു കൊറിയൻ ഗ്രൂപ്പിനും അവകാശപ്പെടാനാകില്ല. ലോകം മുഴുവൻ കെ പോപ്പിന്റെ പര്യായമായി മാറിയവരാണ് ആ ഏഴുപേർ. ആർഎം, ജിൻ, സുഗ, ജെ ഹോപ്, ജിമിൻ, വി, ജങ് കുക്ക്.......ബിടിഎസ് ഉണ്ടാക്കിയ സ്വാധീനത്തിന് തെളിവാണ് ഐക്യരാഷ്ട്രസഭയിൽ ഡൈനമൈറ്റ് അവതരിപ്പിക്കാൻ കിട്ടിയ അവസരം. വൈറ്റ് ഹൗസ് സന്ദർശനത്തിനുള്ള ക്ഷണം. അമേരിക്ക അങ്ങോട്ട് വിളിച്ച ആദ്യ ദക്ഷിണകൊറിയൻ ബാൻഡായിരുന്നു ബിടിഎസ്. ദക്ഷിണകൊറിയൻ പ്രസിഡന്റിന്‍റെ ഓർഡർ ഓഫ് കൾച്ചറൽ മെറിറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞവർ. രാജ്യത്തിന്റെ സാമ്പത്തികവളർച്ചക്ക് താളം കൊണ്ട് കോടിക്കിലുക്കം നൽകിയവർ.

പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ് ഏഴംഗസംഘം സംഗീതത്തിൽ നിന്ന് അവധിയെടുത്തത്. നിർബന്ധിത സൈനികസേവനത്തിന് പോകാൻ. ബിടിഎസ് അംഗങ്ങൾക്ക് രണ്ടു വർഷത്തെ പ്രത്യേക ഇളവ് നൽകിയിരുന്നു. പക്ഷേ 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷൻമാരും രണ്ട് വർഷം സൈനിക സേവനം അനുഷ്ഠിക്കണമെന്ന നിയമം ബിടിഎസിന് വേണ്ടി മാറ്റാൻ സർക്കാർ തയ്യാറായില്ല. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ സങ്കടപ്പെടുത്തി കൊണ്ട് ഏഴംഗസംഘം തത്കാലം അവധിയെടുക്കുന്നതായി പ്രഖ്യാപിച്ചു. കൂട്ടത്തിൽ മുതിർന്നവനായ ജിൻ ആദ്യം സൈനികക്യാമ്പിലെത്തി. 2022 ഡിസംബറിൽ. പിന്നാലെ മറ്റുള്ളവരും.
ജിന്നും ജെ ഹോപും സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തി. ഒറ്റക്കുള്ള പാട്ടുകളും ആൽബങ്ങളും സംഗീതപരിപാടികളും ഒക്കെയായി സംഗീതലോകത്ത് ഉഷാറാവുകയും ചെയ്തു. ജെ ഹോപിന്റെ മോണാലിസ എന്ന വീഡിയോയും തരംഗമായി. ഇനി ജൂണിൽ ദിവസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവർ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തും. സുഗയും ആർഎമ്മും, വിയും, ജിമിനും ,ജങ് കുക്കും.
ജൂണിൽ ഏഴംഗസംഘം വീണ്ടും ഒരുമിക്കും. ആദ്യം ഏഴ് പേരും കൂടി ഒരുമിച്ചെത്തുന്ന പാട്ടുണ്ടാകുമോ? അതോ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള മറ്റ് പരിപാടികളാകുമോ ആദ്യം വരിക? ആരാധകർ പല കണക്കുകൂട്ടലുകളിലാണ്. ഇതിനെല്ലാം വേഗം കൂട്ടിയിരിക്കുകയാണ് ബിടിഎസ് സെവൻ മൊമന്റ്സ് ടീസർ.
സൈനിക സേവനത്തിന് ശേഷം പലപ്പോഴും വലിയ ബാൻഡുകൾ മുറിഞ്ഞു പോകുന്നത് കെ പോപ് രംഗത്ത് സജീവമായിരുന്നു. അതുകൊണ്ട് തന്നെ ദീർഘമായ ഒരു അവധി എടുക്കുന്നുവെന്ന് 20022ൽ ബിടിഎസ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ലോകമെമ്പാടും തേങ്ങിക്കരഞ്ഞതും അത്തരമൊരു സാധ്യത ഓർത്ത് ഭയന്നായിരുന്നു. പ്രതീക്ഷയുടേയും കരുതലിന്റേയും ഊർജം പകരുന്ന സംഗീതവും ചടുലമായ നൃത്തച്ചുവടുകളുമായി മനസ്സ് കവർന്ന ഏഴു പേർ ചിതറി പോകുന്നത് ആർമിക്ക് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.
ലോകമെമ്പാടും ആരാധകരുടെ മുറവിളി ഉയർന്നപ്പോൾ ബിടിഎസും ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റും ആവർത്തിച്ചു പറഞ്ഞു, വിഷമിക്കേണ്ട. ഇത് ഒരു പിരിഞ്ഞുപോകലോ ഗ്രൂപ്പ് പിരിച്ചുവിടലോ ഒന്നുമല്ല. ഇടവേളക്ക് ശേഷം തിരിച്ചെത്തും. എല്ലാവരും ഒപ്പമുണ്ടാകും.....പൂർണവിശ്വാസം നൽകാത്ത പഴംകഥകൾ മാറ്റിവെച്ച് ആർമി പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിലിതാ ബിടിഎസ് വാക്കുപാലിക്കുമെന്ന് ഉറപ്പ് നൽകുന്ന വാർത്തകൾ വന്നു തുടങ്ങിയിരിക്കുന്നു. ജെ ഹോപ് അതുറപ്പിച്ച് പറഞ്ഞിരിക്കുന്നു. ബിടിഎസ് വരുമെന്ന്. എങ്ങനെയാകണം ആ മടങ്ങിവരവെന്ന കാര്യത്തിൽ കൃത്യമായ ആലോചനകളും തയ്യാറെടുപ്പുകളും ഉണ്ടാകുമെന്ന്.
9 വർഷം കൊണ്ട് ലോകത്തെ കീഴ്മേൽ മറിച്ച ബാൻഡാണ് ബിടിഎസ്. കെ പോപ്പിന്റെ ആഗോളമുഖം. ബ്രാൻഡ്. 2013ൽ 2 kool 4 skool എന്ന ആൽബത്തിലെ 'No more dream' എന്ന പാട്ടുമായിട്ടാണ് തുടക്കം. ആദ്യം വലിയ ശ്രദ്ധയൊന്നും കിട്ടിയില്ല. വിമർശനങ്ങൾക്ക് കുറവും ഉണ്ടായിരുന്നില്ല. പക്ഷേ ഏഴ് പിള്ളേരും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.അവർ പാട്ടുകളെഴുതിയും പാടിയും ചുവടും വെച്ചും മുന്നോട്ട് പോയി. ഒടുവിൽ THE MOST BEAUTIFUL MOMENT IN LIFE എന്ന ആൽബം വഴിത്തിരിവായി. ആ ആൽബത്തിലെ I NEED U എന്ന പാട്ട് സൂപ്പർ ഹിറ്റായി. ആ പാട്ടിനേയും പാട്ടുകാരേയും യുവത ഏറ്റെടുത്തു. പാട്ടിറങ്ങി പതിനാറാംമണിക്കൂറിൽ ദശലക്ഷം കവിഞ്ഞ് കാണികൾ. പിന്നീടങ്ങോട്ട് യു ട്യൂബിൽ സംഘം തീർത്ത റെക്കോഡുകളുടെ തുടക്കം മാത്രമായിരുന്നു അത്. പിന്നീട് ബിടിഎസ് തിരിഞ്ഞു നോക്കിയിട്ടില്ല. മഹാനഗരങ്ങളുടെ വേഗതക്കൊപ്പവും ഗ്രാമങ്ങളുടെ ശാന്തതയിലും ഒരു പോലെ ബിടിഎസ് പാട്ടുകൾ ചേർന്നു.ബിടിഎസ് സംഘം ലോകത്തിന്റെ പോപ് രാജകുമാരൻമാരായി. ഇപ്പോൾ രണ്ട് വർഷമായി പാട്ടും ആൽബവും ഒന്നുമില്ലാഞ്ഞിട്ടു പോലും ബിടിഎസ് ആരാധകരുടെ മനസ്സിൽ പാടിക്കൊണ്ടേയിരിക്കുന്നു.
ഡിപ്രഷൻ, സമ്മർദം,പ്രതിസന്ധികൾ, പ്രണയം, പ്രണയനഷ്ടം, വിരഹം തുടങ്ങിയ തലവേദനകളും എല്ലാത്തിലും പരിഹാരമായി പോസിറ്റിവിറ്റിയും ഒക്കെ ബിടിഎസ് പാട്ടുകൾക്ക് വിഷയമായി. വസ്ത്രധാരണരീതിയിലും മേക്കപ്പിലുമൊക്കെ കേട്ട പരിഹാസം ബിടിഎസിന് വിഷമമായില്ല. തോന്നുംപോലെയെല്ലാം മുടി കളർചെയ്തും കമ്മലും ബ്രേസ് ലെറ്റും മാലയും ഇട്ടും പ്രശസ്ത ലേഡീസ് ബ്രാൻഡുകളുടെ ഉടുപ്പുകളിട്ടും പല പല നിറങ്ങൾ പരീക്ഷിച്ചും അവർ ഞെട്ടിച്ചു. ആ കൂസലില്ലായ്മയും സ്വന്തം തീരുമാനങ്ങളിലുള്ള നിലപാടും പാട്ടുകളിലൂടെ സമ്മാനിച്ച ഐക്യപ്പെടലും ബിടിഎസ് പയ്യൻമാരുടെ ആരാധകരുടെ എണ്ണം കൂട്ടി. ഭാഷക്ക് അതീതമായി രാജ്യാതിർത്തികൾ മായ്ച്ച ആരാധകലോകം തന്നെ ബിടിഎസ് സൃഷ്ടിച്ചു. ഓരോ വിജയവും ഓരോ നേട്ടവും ആർമിക്ക് സമ്മാനിച്ച് ആരാധകപിന്തുണയെ ബിടിഎസ് സംഘവും ബഹുമാനിക്കുകയും ഒപ്പം നിർത്തുകയും ചെയ്തു.
ഡൈനമൈറ്റ് എന്ന ആദ്യ ഇംഗ്ലീഷ് പാട്ട് കാഴ്ചാക്കണക്കുകളിൽ തീർത്തത് വിസ്ഫോടനം. 24 മണിക്കൂർകൊണ്ട് കണ്ടത് 100 ദശലക്ഷം പേർ. പിന്നാലെ ഗ്രാമി മത്സരവേദിയിൽ. നോമിനേഷൻ നേടുന്ന ആദ്യ കൊറിയൻ ബാൻഡായി. ബിൽബോർഡ് പട്ടികയിൽ 32 ആഴ്ച. .പിന്നാലെ ബട്ടറും ഗ്രാമി നോമിനേഷൻ നേടി. രണ്ടുവട്ടവും പുരസ്കാരം കിട്ടിയില്ല. നിരാശപ്പെടരുതെന്നും ഏതൊരു പുരസ്കാരത്തേക്കാളും വലിയ അംഗീകാരമുള്ള ശ്രോതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്നും ആർമി ആർത്തുവിളിച്ചു. അവരിൽ ചുള്ളൻ ചെക്കൻമാരുടെ പാട്ടിൽ ഹരം കൊള്ളുന്ന പെൺകുട്ടികൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ലോക്ഡൗൺ കാലത്തെ മടുപ്പിൽ ബിടിഎസ് ലോകമെന്പാടും പടർന്നപ്പോൾ കൊറിയൻ പിള്ളേർക്കൊപ്പം ചേർന്നവരിൽ ആബാലവൃദ്ധം ജനങ്ങളുമുണ്ട്. സാന്ത്വനത്തിന്റേയും സൗഹൃദത്തിന്റേയും കൈ പിടിച്ച് മുന്നേറണമെന്ന് പാട്ടിലൂടെ ഓർമിപ്പിച്ച ഏഴു പിള്ളേർ അത്രമേൽ അവരുടെ ഹൃദയം കവർന്നു. ആർമിയിൽ ഓരോരുത്തർക്കും അവർ ഏഴുപേരുടെയും വ്യക്തിപരമായ കാര്യങ്ങൾ വരെ അടുത്തറിയാം. അത്രമേൽ അവരോരുത്തരും ആർമിയോട് ചേർന്നിരിക്കുന്നു.
ജൂൺ ഒന്ന് വന്നോട്ടെ....ഏഴു പേരും ഒന്ന് ഒരുമിച്ചിരുന്നോട്ടെ. പുതിയ ഊർജവും പുതിയ വീക്ഷണവും പുതിയ ആശയവും ആയി പുതിയ പാട്ടുകൾ ഒന്ന് വന്നോട്ടെ...ലോകം വീണ്ടും ഒന്നിച്ചു നിന്ന് താളം പിടിക്കും. രണ്ടാംവരവിനായി കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുന്നു. BANGTAN SONYEONDAN അല്ലെങ്കിൽ BTS അഥവാ BULLET PROOF BOY SCOUTSന് പകരം വെക്കാൻ മറ്റൊരു ബിടിഎസ് ഇല്ല തന്നെ. ബിടിഎസും ആർമിയും അവരുടെ പരസ്പരബന്ധവും.... അങ്ങനെയൊന്ന് വിനോദലോകത്തിന്‍റെ ചരിത്രത്തിൽ വേറെയില്ല. കാത്തിരിക്കാം ബിടിഎസ് 2.0 ഇങ്ങെത്തിക്കഴിഞ്ഞു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications