തിരുവനന്തപുരത്തെ ഷോപ്പ് ജീവനക്കാരനായി തുടക്കം: വിജയകാന്തിന്റെ കോടികളുടെ സ്വത്ത് വിവരം അറിയാം
ഏറെ നാളായി അസുഖ ബാധിതനായി കഴിയുകയായിരുന്ന പ്രശസ്ത തമിഴ് നടനും ഡി എം ഡി.കെ നേതാവുമായ വിജയകാന്ത് ഇന്ന് രാവിലെയോടെ അന്തരിച്ചു. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റൻ എന്നും ആരാധകർക്കിടയില്‍ അറിയപ്പെടുന്ന വിജയകാന്ത് കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു.
സിനിമ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പ് തിരുവനന്തപുരത്തെ കവറിങ് ആഭരണങ്ങളുടെ ഒരു ഷോപ്പിലെ ജീവനക്കാരന്‍ കൂടിയായിരുന്നു വിജയകാന്ത്. അദ്ദേഹത്തിന്റെ ബന്ധുവിന്റേതായിരുന്നു ഈ സ്ഥാപനം.താരതമ്യേന ഭേദപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നപ്പോഴാണ് സിനിമ മോഹം തലയ്ക്ക് പിടിക്കുന്നത് മദ്രാസിലേക്ക് എത്തുന്നതും.

1979 ല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 200 രൂപ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലമായി ലഭിച്ചത്. പിന്നീട് തമിഴ്നാട്ടിലെ പ്രമുഖ നടന്മാരില്‍ ഒരാളായി മാറിയെങ്കിലും പ്രതിഫലത്തില്‍ കാര്യത്തില്‍ വിജയകാന്ത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നു. സിനിമകള്‍ സൂപ്പര്‍ഹിറ്റായതിന് ശേഷം മാത്രമാണ് വിജയകാന്ത് പല അവസരങ്ങളിലും പ്രതിഫലം പറ്റിയിരുന്നത്. സിനിമ പരാജയപ്പെട്ടാല്‍ പലപ്പോഴും പ്രതിഫലം വലിയ രീതിയില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
എങ്കിലും അഭിനയ ജീവിതത്തിലൂടെ വലിയ രീതിയിലുള്ള സ്വത്തും അദ്ദേഹം ആർജ്ജിച്ചിരുന്നു. ആഡംബര കാറുകളുടെ വലിയ കളക്ഷനും അദ്ദേഹത്തിനുണ്ട്. പ്രീമിയർ പദ്മിനിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കാർ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഗാരേജില്‍ നിരവധി കാറുകളുണ്ട്. ഓഡി Q7, ടൊയോട്ട ഇന്നോവ ക്രിസ്റ്റ (2694 സി, ബിഎംഡബ്ല്യൂ എക്സ്5 (2998 Cc), ബെന്‍സ് എസ്350, ഫോർഡ് എൻഡവർ, വോള്‍ഴോ എസ് 90, ഹ്യുണ്ടായി സാന്‍റാ എന്നിവയാണ് വിജയകാന്തിന്റെ കാർ കളക്ഷന്‍.
നീന്തൽക്കുളവും വലിയ പൂന്തോട്ടവുമുള്ള വിജയകാന്തിന്റെ സാലിഗ്രാമം മാൻഷൻ 2023 ജൂലൈയിൽ 4.25 കോടി രൂപയ്ക്ക് ലേലം ചെയ്തു. 5.52 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാനായി ഇന്ത്യൻ ഓവർസീസ് ബാങ്കായിരുന്നു വീട് ജപ്തി ചെയ്ത് ലേലത്തിന് വെച്ചത്. കാഞ്ചീപുരം ജില്ലയിലെ മധുരയിലും മാമണ്ടൂരിലുമാണ് വിജയകാന്തും കുടുംബവും പിന്നീട് താമസിച്ച് വന്നിരുന്നത്. മാമണ്ടൂരിലെ വസ്തുവിന് 4.25 കോടി രൂപ വിലമതിക്കും.
2016ൽ ഉളുന്ദൂർപേട്ടയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വിജയകാന്തിന്റെ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ജംഗമ സ്വത്ത് 7,60,16,721 രൂപ (7.6 കോടി) വരും. പണം, ബാങ്കുകളിലെ നിക്ഷേപങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭാര്യയും ആശ്രിതരും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ആകെ ആസ്തി 14,79,12,251 രൂപയാണ് (14.79 കോടി രൂപ) എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സത്യവാങ്മൂലം പ്രകാരം സ്ഥാവര സ്വത്തുക്കളുടെ ആകെ മൂല്യം 38,77,74,100 രൂപ (38.77 കോടി രൂപ) ആണ്. അദ്ദേഹത്തിന്റെ മൊത്തം ബാധ്യത 14,72,27,523 രൂപ (14.72 കോടി രൂപ) ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, മറ്റ് ചില റിപ്പോർട്ടുകള്‍ പ്രകാരം വിജയകാന്തിന്റെ ആകെ ആസ്തി 60 കോടിക്ക് മുകളില്‍ വരും.












Click it and Unblock the Notifications