ടെലഗ്രാം വഴി സിനിമ കാണുന്നവരാണോ നിങ്ങള്‍? പണി വരുന്നു, ലക്ഷങ്ങള്‍ പിഴ: പിന്തുണച്ച് താരങ്ങള്‍
ഡല്‍ഹി: സിനിമാ പൈറസിക്കെതിരെ കടുത്ത നീക്കവുമായി കേന്ദ്ര സർക്കാർ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം നോഡല്‍ ഓഫീസർമാരെ നിയമിച്ചു. യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് നിയമപ്രകാരം ആവശ്യപ്പെടുമെന്നും കേന്ദ്രം അറിയിക്കുന്നു.
കന്നഡ താരം റിഷഭ് ഷെട്ടി അടക്കമുള്ള നിരവധി പേരാണ് പുതിയ തീരുമാനത്തില്‍ കേന്ദ്രത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. പൈറസി മൂലം സിനിമാ വ്യവസായം പ്രതിവർഷം 20,000 കോടി രൂപ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ സിനിമാ പൈറസി തടയാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചത്.

ഈ വർഷത്തെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് 1952ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം, പൈറസിക്കെതിരായ പരാതികൾ സ്വീകരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടനിലക്കാർക്ക് നിർദേശം നൽകുന്നതിനുമായിട്ടാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോഡൽ ഓഫീസർമാരുടെ വ്യവസ്ഥാപിത സംവിധാനം സ്ഥാപിച്ചത്.
പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാൻ നിലവിൽ വ്യവസ്ഥാപിത സംവിധാനമേതുമില്ല. ഇന്റർനെറ്റിന്റെ വ്യാപനവും മിക്കവാറും എല്ലാവരും സൗജന്യമായി സിനിമാ ഉള്ളടക്കം കാണാൻ താൽപ്പര്യപ്പെടുന്നതിനാലും സിനിമാ പൈറസിയും കുതിച്ചുയർന്നു. ഈ സാഹചര്യത്തില്‍ മേൽപ്പറഞ്ഞ നടപടി പൈറസിയുടെ കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉടനടി നടപടി സ്വീകരിക്കാൻ അനുവദിക്കുകയും സിനിമാവ്യവസായത്തിന് ആശ്വാസം പകരുകയും ചെയ്യും.
ഒരു സിനിമ നിർമ്മിക്കാനുള്ള വർഷങ്ങളുടെ പരിശ്രമം പൈറസി മൂലം പാഴാകുന്നു. ഈ വിപത്തിനെതിരെ പ്രവർത്തിക്കാനാണ് ഗവണ്മെന്റ് ഈ നിയമം പാസാക്കിയത്. ഈ നീക്കത്തെ സിനിമാമേഖല പരക്കെ സ്വാഗതം ചെയ്തു. സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള നിയമം, സിനിമാ വ്യവസായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്, നോഡൽ ഓഫീസർമാരെ നിയമിക്കുന്നതും ആ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പാണ്.
1984-ൽ അവസാനമായി സുപ്രധാനമായ ഭേദഗതികൾ വരുത്തിയതിന് ശേഷം ഡിജിറ്റൽ പൈറസി ഉൾപ്പെടെയുള്ള സിനിമാ പൈറസിക്കെതിരെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തുന്നതിനായി 40 വർഷത്തിന് ശേഷം നിയമം ഭേദഗതി ചെയ്തു എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞത് 3 മാസം തടവും 3 ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ഓഡിറ്റ് ചെയ്ത മൊത്ത ഉൽപ്പാദന ചെലവിന്റെ 5% വരെ പിഴയും ഭേദഗതിയിൽ ഉൾപ്പെടുന്നു.
യഥാർഥ പകർപ്പവകാശ ഉടമയ്‌ക്കോ ഈ ആവശ്യത്തിനായി അവർ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വ്യക്തിക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് അപേക്ഷ നൽകാം. പകർപ്പവകാശം കൈവശമില്ലാത്ത, അല്ലെങ്കിൽ, പകർപ്പവകാശ ഉടമയുടെ അംഗീകാരമില്ലാത്തതോ ആയ വ്യക്തിയാണ് പരാതി ഉന്നയിക്കുന്നതെങ്കിൽ, നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് പരാതിയുടെ സത്യാവസ്ഥ തീരുമാനിക്കുന്നതിന്, നോഡൽ ഓഫീസർക്ക് ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ വാദം കേൾക്കാവുന്നതാണ്.












Click it and Unblock the Notifications