'ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിയാകും, സുരേഷ് ഗോപി പ്രതിപക്ഷ നേതാവാകണം'; കാരണം പറഞ്ഞ് അൽഫോൺസ് പുത്രൻ
തിരുവനന്തപുരം: പൊതുവിഷയങ്ങളിൽ പലപ്പോഴും അഭിപ്രായം പങ്കിടുന്ന താരമാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഭാവി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരാകണം എന്നതിലെ തന്റെ അഭിപ്രായം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് അൽഫോൺസ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.
ചാണ്ടി ഉമ്മൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പുണ്ടെന്നാണ് അൽഫോൺസിന്റെ കുറിപ്പ്. ആ പോസ്റ്റ് ഇങ്ങനെ-'എനിക്ക് ഉറപ്പുണ്ട് നിങ്ങളാകും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി. സുരേഷ് ഗോപിയാകും അടുത്ത മുഖ്യമന്ത്രി എന്നാണ് കരുതിയത്. പിന്നെ അത് മാത്യു കുഴൽനാടൻ ആകുമെന്നും അതുകഴിഞ്ഞു രാഹുൽ മാങ്കൂട്ടം ആയിരിക്കുമെന്നും കരുതി. പിന്നെ ശശി തരൂർ മുഖ്യമന്ത്രി ആയേക്കും എന്നാണ് തോന്നിയത്. എന്നാൽ ഇപ്പോൾ എനിക്കുറപ്പാണ്, അവരാരുമല്ല.

അത് താങ്കളാണ്. ജനങ്ങളുടെ പ്രശ്‍നങ്ങൾ കേട്ട ഒരേയൊരാളാണ് താങ്കളുടെ പിതാവ്. താങ്കൾ അതിന്റെ തുടർച്ചയാണ്. 'നാടുവാഴികൾ' നിങ്ങൾക്ക് വേണ്ടി എഴുതപ്പെട്ട സിനിമയാണ്. ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. കറുത്ത ഷർട്ടും വെള്ളമുണ്ടും ധരിച്ചവർ നിങ്ങൾക്കൊപ്പമുണ്ട്',ചാണ്ടി ഉമ്മന്റെ വീഡിയോ പങ്കിട്ട് കൊണ്ട് അൽഫോൺസ് കുറിച്ചു.
സുരേഷ് ഗോപിയെ കുറിച്ച് മറ്റൊരു സ്റ്റോറിയും അൽഫോൺസ് പങ്കിട്ടിട്ടുണ്ട്. ''താങ്കൾ മത്സരിക്കണം. നിങ്ങൾ പ്രതിപക്ഷ നേതാവാകണം. ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ഇക്കുറി വിജയിക്കും. താങ്കൾ അദ്ദേഹത്തെ പിന്തുണയ്ക്കും എന്നെനിക്കറിയാം. താങ്കൾ ആദിവാസി സമൂഹത്തിനായി കീശയിൽ നിന്നും ചിലവിട്ട അഞ്ചു ലക്ഷം രൂപയുടെ മൂല്യം എത്രത്തോളം ഉണ്ടെന്ന് ഞാൻ പറഞ്ഞ കാര്യം താങ്കൾ ഓർക്കുമെന്ന് കരുതുന്നു. താങ്കളുടെ ലക്ഷ്യത്തിനു പക്ഷെ 50 ലക്ഷം കോടിയുടെ മൂല്യമുണ്ട്. ഞാൻ നിങ്ങളെ ഇപ്പോഴും സല്യൂട്ട് ചെയ്യുന്നു. പിന്നെ, ഒരു സ്ത്രീയുടെയും അനുവാദമില്ലാത്ത അവരുടെ ദേഹത്തു സ്പർശിക്കരുത്. അത് മാത്രാമാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്. അത് മാടമ്പിത്തരമായിപ്പോയി. എനിക്ക് ഇപ്പോഴും നിങ്ങളിൽ പ്രതീക്ഷയുണ്ട്', അൽഫോൺസ് പുത്രൻ കുറിച്ചു.












Click it and Unblock the Notifications