നിവിന്‍ പോളിയുടെ അട്ടിന്‍കാല്‍ തീറ്റ: ഒറ്റ ഫോണ്‍ കോളില്‍ സംഭവിച്ചത്, ഷെഫ് പിള്ള പറയുന്നു
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍, നിവിന്‍ പോളി, കല്യാണി പ്രിയദർശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ 85 കോടി കളക്ഷന്‍ ക്രോസ് ചെയ്ത ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബ്ബിലുമെത്തും.
വലിയ താര നിര തന്നെ അണിനിരന്ന ചിത്രത്തില്‍ താനും അറിയാതെ ഒരു ഭാഗമായത്തിന്റെ വിശേഷം പങ്കുവെച്ചുകൊണ്ട് ഷെഫ് പിള്ള പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിവിന്‍ പോളി സിനിമയില്‍ കഴിക്കുന്ന ഒരു ഭക്ഷണത്തിലൂടെയാണ് ഷെഫ് പിള്ളയും സിനിമയുടെ ഭാഗമായിരിക്കുന്നത്. ഇതേക്കുറിച്ച് ഷെഫ് പിള്ള തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന് പറയുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിവിൻ പോളിയും സ്‌ലോ റോസ്റ്റാഡ് ലാംബ് ഷാങ്കും! ഡിസംബർ മാസം. പുതിയ പ്രോജക്ടിന്‍റെ ആവശ്യത്തിനായി ദോഹയിലാണ്, വൈകുന്നേരം ഒരു കാൾ:വിനീത് ശ്രീനിവാസനാണ്. "ഹലോ ഷെഫ്! നമസ്കാരം...", "ഹലോ ബ്രോ" - പതിവ് പോലെ എന്‍റെ മറുപടി. "ഷെഫ്, ഒരു അത്യാവശ്യമുണ്ട്.... നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം : സ്ളോ റോസ്റ്റഡ് ലാമ്പ് ഷാങ്ക്, മാഷ്ഡ് പൊട്ടറ്റോ, വില്‍റ്റഡ് സ്പിനാച്ച്, റോസ് മേരി ആന്‍ഡ് എഡിബിള്‍ ഫ്ലവേഴ്സ്. കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം."
ആട്ടിൻ കാൽ - നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്. കോണ്ടിനെറ്റല്‍ ഡിഷ് ആണ്, പെട്ടന്ന് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു. "നമുക്ക് സെറ്റാക്കാം" എന്ന് പറഞ്ഞു ഫോൺ വച്ചു. ഉടൻ തന്നെ കൊച്ചിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടേക്കൊയോ വിളിച്ചു സാധനം റെഡിയാക്കി പിറ്റേന്ന് ഉച്ചക്ക് ഡിഷ് പാകം ചെയ്തു ഷൂട്ടിംഗ് പൂർത്തിയാക്കി.
രാത്രിയിൽ വിനിതിന്റെ മെസ്സേജ് - "താങ്ക് യു ഷെഫ്" പതിവുപോലെ ഒരു ഹൃദയം ഇട്ട് മറുപടി കൊടുത്തു. പിന്നിടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി. ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് അവസാന നിമിഷം കാൻസലായി. കൂടെയുള്ള അർജുൻ പറഞ്ഞു - "ഒരു സിനിമ കണ്ടാലോ?" താമസിക്കുന്ന വീട്ടിനടുത്തുള്ള മാളില്‍ 10 മണിയുടെ ഷോക്ക് "വർഷങ്ങൾക്ക് ശേഷ"ത്തിന് ടിക്കറ്റ് എടുത്തു.
ഫോണിൽ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു - ദേ... താങ്ക്സ് പേജിൽ ഷെഫ് പിള്ള ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു.ധ്യാനിന്‍റെയും പ്രണവിന്‍റെയും രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു. നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്.
രണ്ടാം പകുതി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേ വരുന്നു നമ്മുടെ നിവിൻ പോളി. മാസ്സ് എൻട്രി. പോഷ് കാണിക്കാനായി ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു - ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ... ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ! നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച് കഴിക്കുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നെ ചിരിപ്പിച്ച സന്തോഷിപ്പിച്ച, ചിന്തിപ്പിച്ച, സുഹൃത്ത് ബന്ധത്തിന്റെ കഥ കണ്ടതിലുപരി, എന്‍റെ പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ ഭാഗമായതിൽ ശെരിക്കും സന്തോഷമായി.
താങ്ക് യൂ വിനിത് ബ്രോ.. അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്. ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമാണങ്കിലും എനിക്ക് വിരോധമില്ലേട്ടോ.












Click it and Unblock the Notifications